പ്രണയവും സന്തോഷവും പ്രതീക്ഷകളും എല്ലാം ഇഴചേരുമ്പോഴാണ് വീട് വീടാകുന്നത്. ഇല്ലെങ്കിൽ അത് വെറുമൊരു കെട്ടിടം മാത്രമാകും. ജീവനില്ലാത്ത, ചിരിയും പ്രതീക്ഷകളുമില്ലാത്ത വെറും കെട്ടിടം. ഓരോ വീടും മനോഹരമാകുന്നത് ഊഷ്മളമായ നിമിഷങ്ങൾ കൊണ്ട് വീടകം നിറയുമ്പോഴാണ്. പങ്കാളികൾ പരസ്പരം പ്രണയം പങ്കുവെച്ചുകൊണ്ട് ജീവിക്കുമ്പോൾ ചുവരുകളിൽ പോലും പ്രണയം വിടരും, മനോഹരമായ ഒരു പ്രണയ ഗാനം കാതിൽ മുഴങ്ങുന്നതുപോലെ തോന്നും. ജീവിതം ഇങ്ങനെയാണെങ്കിൽ എത്ര മനോഹരമാകും അല്ലെ? പുതുമ നഷ്ടപ്പെടാതെ ജീവിതം ആസ്വദിക്കാൻ ഓരോ നിമിഷവും പ്രണയം നിറയ്ക്കാം. ജീവിതത്തിന്റെ സുഗമമായ ഒഴുക്കിന് ശക്തി പകരാൻ ഇടയ്ക്കെങ്കിലും ഇങ്ങനെയെല്ലാം ചെയ്യണം, പ്രത്യേകിച്ച് വിശേഷ അവസരങ്ങളിൽ. എങ്ങനെയാണ് ജീവിതം അത്രമേൽ പ്രണയപൂർവമാക്കുന്നത്? നോക്കാം.
സാധാരണ ദിവസങ്ങളിലേത് പോലെയല്ല, നിങ്ങളിൽ സ്നേഹം നിറഞ്ഞു കവിയുമ്പോൾ അത് എല്ലാ വിധത്തിലും പ്രകടിപ്പിക്കണം. നിങ്ങളുടെ പങ്കാളിയ്ക്ക് ഇഷ്ടമുള്ള വിഭവങ്ങളൊരുക്കി ഒരു മികച്ച പ്രഭാത ഭക്ഷണം നല്കുന്നതിലൂടെയും നിങ്ങളുടെ പ്രണയം പകരാം. ആരോഗ്യകരവും രുചികരവുമായ പ്രഭാത ഭക്ഷണം ഒരുമിച്ച് പങ്കിട്ടുകൊണ്ട് ആ ദിവസം ആരംഭിക്കാം.
പ്രണയത്തിന്റെ നിറം ചുവപ്പാണ്, അത്രയും തീവ്രമായതുകൊണ്ടാവാം. നിങ്ങളുടെ പ്രണയം പങ്കാളിയെ അറിയിക്കാൻ ചുവന്ന നിറത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിങ്ങളുടെ വീടകം മനോഹരമാക്കൂ. ഈ നിറത്തിലുള്ള അതിമനോഹരമായ സമ്മാനങ്ങൾ വാങ്ങി നൽകുന്നതും നിങ്ങളുടെ ദിവസം മനോഹരമാക്കും.
പൂക്കൾ പ്രണയത്തിന്റെ പ്രതീകമാണ്. ആദ്യമായി പ്രണയം പകരാനും പ്രണയം തോന്നുമ്പോഴെല്ലാം പങ്കാളിയ്ക്ക് നൽകാനും പൂക്കൾ മികച്ച മാർഗമാണ്. കടും ചുവപ്പും വെള്ളയും നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ച് മനോഹരമായ ബൊക്കെ നിർമിച്ചു നൽകിയും നിങ്ങളുടെ പ്രണയം മനോഹരമാകാം. പിങ്ക് നിറത്തിലുള്ള പൂക്കളും നിങ്ങൾക്ക് ഇതിനായി തിരഞ്ഞെടുക്കാം.
വൈകുന്നേരമാകുമ്പോൾ, മെഴുകുതിരികളും വിളക്കുകളും സംഗീതവും വീഞ്ഞുമെല്ലാം ഒരുക്കി ഒരു സ്പെഷ്യൽ ഡിന്നർ ഒരുക്കിയാലോ? പ്രണയം പകരാൻ ഇതിലും നല്ല അന്തരീക്ഷം വേറെയുണ്ടോ എന്ന് സംശയമാണ്. ഓപ്പൺ ടെറസിലോ ബാൽക്കണിയിലോ അല്ലെങ്കിൽ നിങ്ങളുടെ വീടിനകത്തെ സുഖകരമായ ഒരു മൂലയിലോ ഇത് തയ്യാറാക്കാം. സർഗ്ഗാത്മകതയും ഒരു റൊമാന്റിക് ഹൃദയവും നിങ്ങൾക്കുണ്ടെങ്കിൽ ഈ നിമിഷം വളരെയധികം ആസ്വദിക്കാനാകും.
ഒരു പാർക്കിലേക്കോ, ബീച്ചിലെ ഒരു നല്ല സ്ഥലത്തേക്കോ, അല്ലെങ്കിൽ കുറച്ചകലെയുള്ള പ്രകൃതിമനോഹരമായ ഒരിടത്തേക്കോ യാത്ര ചെയ്യാം. എങ്ങും യാത്ര ചെയ്യാനുള്ള സാഹചര്യമില്ലെങ്കിൽ നിങ്ങളുടെ വീടിനു ചുറ്റുമുള്ള മനോഹരമായ അന്തരീക്ഷത്തിലൂടെ ഒരുമിച്ച് കൈ കോർത്ത് നടക്കൂ. വിരലുകൾ കോർത്തുകൊണ്ട് നിങ്ങൾക്ക് കൂടുതൽ അടുക്കാൻ കഴിയും.
0 അഭിപ്രായങ്ങള്‍