ഏറ്റെടുത്ത ഭൂമിക്ക് പണം മുഴുവനായി നൽകിയില്ല : പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു

പത്തനംതിട്ട: കല്ലട ഇറിഗേഷൻ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് മുഴുവൻ പണവും നൽകാത്തതിനെ തുടർന്ന് പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു. പത്തു കസേരകൾ കൊണ്ടു പോയതോടെ, ജീവനക്കാരിൽ പകുതിപ്പേർക്ക് ഇരിക്കാൻ സീറ്റില്ലാതായി. ഓഫീസ് പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടത് ട്രഷറിയിൽ എത്തിയവർക്കും ദുരിതമായി. 10 കസേരകളാണ് ജപ്തി ചെയ്തത്. ഇറിഗേഷൻ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് പണം മുഴുവൻ നൽകാത്തതിനെ തുടർന്നുണ്ടായ കോടതി വിധി നടപ്പാക്കിയതിന്റെ ഭാഗമായാണ് ജപ്തി. പൊതുജനത്തിന് ഉപയോഗിക്കാനായിട്ടിരുന്ന കസേരയെടുത്താണ് ജീവനക്കാരിൽ പലരും ജോലി തുടർന്നത്. 20 ജീവനക്കാരാണ് സബ് ട്രഷറിയിൽ ഉള്ളത്. പന്തളം തോന്നല്ലൂർ സ്വദേശിനി ഓമന നൽകിയ ഹർജിയിലാണ് ജപ്തി ഉത്തരവ്. 1988-ൽ ഏറ്റെടുത്ത 13 സെന്റ് ഭൂമിക്ക് ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തുക മുഴുവനായി നൽകാതിരുന്നതിനെ തുടർന്നാണ് ജപ്തിക്കുള്ള ഉത്തരവ്. സബ് ട്രഷറിയിലെ കംപ്യൂട്ടറുകളും ഫർണിച്ചറും ജപ്തി ചെയ്യാനായിരുന്നു കോടതി ഉത്തരവ്. കംപ്യൂട്ടറുകൾ ജപ്തിയിൽ നിന്ന് ഒഴിവാക്കുകയുണ്ടായി. പദ്ധതിക്കായി ഏറ്റെടുത്ത 2.47 സെന്റ് ഭൂമിക്ക് നഷ്ടപരിഹാരമായി ഒരുലക്ഷത്തിനാലായിരം രൂപ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, പണം മുഴുവൻ നൽകുന്നതിൽ വീഴ്ച ഉണ്ടായി. നഷ്ടപരിഹാരത്തുകയിൽ 76,384 രൂപ ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ സബ് കോടതിയെ സമീപിച്ചത്. നേരത്തെ പത്തനംതിട്ട റിങ് റോഡിനു ഭൂമി ഏറ്റെടുത്ത വിഷയത്തിൽ നഷ്ടപരിഹാരത്തുക നൽകാൻ വൈകിയതിനെ തുടർന്ന് സബ് കോടതി കളക്ടറുടേത് അടക്കം 23 വാഹനങ്ങൾ ജപ്തി ചെയ്യാൻ മൂന്നുമാസം മുൻപ് ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കുന്നതിനു സ്റ്റേ സമ്പാദിച്ച സർക്കാർ നഷ്ടപരിഹാരത്തുകയിൽ 71 ലക്ഷം രൂപ രണ്ട് തവണകളായി കെട്ടിവെക്കുകയായിരുന്നു. ജപ്തി വിവരം ട്രഷറി ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ജില്ലാ ഓഫീസർ പ്രസാദ് മാത്യു പറഞ്ഞു. ജീവനക്കാരുടെ കസേരകൾ ജപ്തി ചെയ്തുകൊണ്ട് പോയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് മിനി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. സംസ്ഥാന ജോയിൻറ് സെക്രട്ടറി എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറുമാരായ പി.ആർ.രമേഷ്, പി.എസ്.രഞ്ജിത്, ജി.വിനോദ്, വി. ഗോപീകൃഷ്ണൻ, വിനോജ് ജി.നായർ എന്നിവർ നേതൃത്വം നൽകി.

from mathrubhumi.latestnews.rssfeed https://ift.tt/3CqrTYY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍