:(പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ ആരോപണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പ്രസക്ത ഭാഗങ്ങള്‍) ‘ഒരു രഹസ്യം സൂക്ഷിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നെങ്കില്‍ അത് നിങ്ങൾ നിങ്ങളില്‍ നിന്നുതന്നെ മറച്ചുവെക്കണം’ - പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെലിന്റെ പ്രശസ്തമായ വാചകം ഉദ്ധരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ് ആരംഭിക്കുന്നത്. ഓര്‍വെലിന്റെ ആശങ്കതന്നെയാണ് ഹര്‍ജിക്കാരും ഉന്നയിക്കുന്നതെന്ന് ഉത്തരവില്‍ പറഞ്ഞു. അതായത്, നിങ്ങള്‍ കേള്‍ക്കുന്നതെന്തും കേള്‍ക്കാനും കാണുന്നതെന്തും കാണാനും അറിയുന്നതെന്തും അറിയാനും സാധിക്കുമെന്ന് ആരോപിക്കപ്പെടുന്ന ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള ആശങ്ക. അത്തരം സാങ്കേതികവിദ്യ, അതിന്റെ ആവശ്യം, ദുരുപയോഗം എന്നിവയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. രാഷ്ട്രീയപ്രസംഗത്തിന് മുതിരാതെ ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, മൗലികാവകാശ ലംഘനത്തില്‍നിന്ന് എല്ലാവരേയും സംരക്ഷിക്കുന്നതില്‍നിന്ന് പിന്നോട്ടു പോകാറുമില്ല.നിരവധി സ്വകാര്യ വ്യക്തികളെ പെഗാസസ് ലക്ഷ്യംവെച്ചതായി ഇന്ത്യയിലെ ഒരു സ്ഥാപനം ഉള്‍പ്പെടെ ലോകത്തെ 17 മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മ 2021 ജൂലായ് 18-ന് ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍.എസ്.ഒ. ഗ്രൂപ്പിന്റെ നിരീക്ഷണപ്പട്ടികയിലെ അരലക്ഷം ഫോണ്‍ നമ്പറുകളാണ് അവര്‍ പുറത്തുകൊണ്ടുവന്നത്. ആദ്യം പുറത്തുവന്ന മുന്നൂറോളം ഇന്ത്യക്കാരില്‍ പലരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ തുടങ്ങി കോടതി ജീവനക്കാര്‍ വരെയുണ്ട്. ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ലോകവ്യാപകമായി വലിയ നടപടികളുണ്ടായി. ചില വിദേശ രാജ്യങ്ങള്‍ ഇസ്രയേല്‍ സര്‍ക്കാരുമായി നയതന്ത്രതലത്തില്‍ ബന്ധപ്പെട്ട് ആരോപണങ്ങളുടെ വസ്തുത അന്വേഷിച്ചു. ചില രാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് വസ്തുത പരിശോധിക്കാന്‍ അന്വേഷണം തുടങ്ങി. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ക്ക് വസ്തുതകളുടെ പിന്‍ബലമില്ലെന്നായിരുന്നു 2021 ജൂലായ് 18-ന് ഐ.ടി. മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്. ആശയവിനിമയ സംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിയമങ്ങള്‍ കണിശമാണ്. നിയമവിരുദ്ധമായ നിരീക്ഷണം ഇവിടെ നടക്കില്ലെന്നും മന്ത്രി പറഞ്ഞു.‘പരിമിത’ സത്യവാങ്മൂലത്തിന് പരിഹാസംപെഗാസസ് ഉപയോഗം സംബന്ധിച്ച് പരാതിക്കാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ‘പരിമിതമായ സത്യവാങ്മൂല’മാണ് കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ ചെയ്തതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ ഉന്നയിച്ച ആശങ്കകളെക്കുറിച്ച് നിഗമനത്തിലെത്താന്‍ തീര്‍ത്തും അപര്യാപ്തമായിരുന്നു അത്. വിശദമായ മറുപടിക്ക് കൂടുതല്‍ സമയം നല്‍കാമെന്ന് പറഞ്ഞെങ്കിലും രാജ്യസുരക്ഷയെ ബാധിക്കാവുന്ന വിഷയത്തില്‍ കൂടുതല്‍ പറയാനാവില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ നിലപാട്.സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍:വിവരവിപ്ലവത്തിന്റെ ഇക്കാലത്ത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഉപകരണമായി സാങ്കേതികവിദ്യ മാറിയെങ്കിലും സ്വകാര്യത ഇല്ലാതാക്കാനും അതുപയോഗിക്കപ്പെടാം. മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, എല്ലാ പൗരര്‍ക്കും സ്വകാര്യതയില്‍ ആശങ്കയുണ്ട്.സ്വകാര്യതയ്ക്കുള്ള അവകാശം പരിധിയില്ലാത്തതല്ല. മറ്റെല്ലാ മൗലികാവകാശങ്ങളും പോലെ ഇതിനും യുക്തിസഹമായ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍, ഏത് നിയന്ത്രണവും നിയമപരമായ പരിശോധനയ്ക്ക് വിധേയമാണ്. തീര്‍ച്ചയായും ഭരണകൂടം നടത്തുന്ന നിയമപരമായ നിരീക്ഷണങ്ങളെ ന്യായീകരിക്കാം. ഉദാഹരണത്തിന്, ഇന്നത്തെ ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കുമെതിരേ പോരാടാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിരീക്ഷണത്തിലൂടെ വിവരം ശേഖരിക്കേണ്ടിവരും. എന്നാല്‍ രാജ്യസുരക്ഷയ്ക്കും താത്പര്യത്തിനും അത്രയധികം ആവശ്യമെങ്കില്‍ മാത്രമേ അത് ചെയ്യാവൂ. മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ് വാര്‍ത്താ ഉറവിടം സംരക്ഷിക്കല്‍. അല്ലാത്തപക്ഷം മാധ്യമങ്ങളെ സഹായിക്കാന്‍ വിവരം നല്‍കുന്നവര്‍ തയ്യാറാവില്ല.സുപ്രീംകോടതി ഇടപെടാന്‍ കാരണം:വാര്‍ത്തകളെ മാത്രം ആശ്രയിച്ചുള്ള പരാതികള്‍ കേള്‍ക്കാന്‍ ആദ്യം കോടതിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട്, പെഗാസസിന് ഇരകളായവരുടേതുള്‍പ്പെടെ ഒട്ടേറെ പരാതികളെത്തി. അവര്‍ കൊണ്ടുവന്ന രേഖകളും റിപ്പോര്‍ട്ടുകളും തള്ളിക്കളയാനാവില്ല. പല റിപ്പോര്‍ട്ടുകളും നിക്ഷിപ്ത താത്പര്യത്തിന്റെ പുറത്താണെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും അത്തരം കാടടച്ചുള്ള ആരോപണംകൊണ്ട് അവയെ പ്രതിരോധിക്കാനാവില്ല. അതുകൊണ്ടാണ് ഇടപെടാന്‍ തീരുമാനിച്ചത്.ആരോപണത്തില്‍ നിലപാടറിയിക്കാനും കഴിഞ്ഞ രണ്ടുവര്‍ഷമായി ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും സര്‍ക്കാരിന് അവസരം നല്‍കിയതാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ പറയേണ്ടതില്ലെന്നും കോടതി ആവര്‍ത്തിച്ചു. എന്നാല്‍, ‘പരിമിത സത്യവാങ്മൂലം’ എന്ന് അവര്‍തന്നെ വിശേഷിപ്പിച്ച ഒന്നാണ് സര്‍ക്കാര്‍ ഫയല്‍ ചെയ്തത്. അതിലാവട്ടെ, യാതൊരു വ്യക്തതയുമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു തരത്തിലാകുമായിരുന്നു, കോടതിയുടെ ഇടപെടലും.പൗരരുടെ മൗലികാവകാശത്തില്‍ കടന്നുകയറിയെന്ന ആരോപണം നിലനില്‍ക്കെ, സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അംഗീകരിക്കാവുന്നതല്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ കോടതിയുടെ പരിശോധന പരിമിതമായിരിക്കണമെന്നത് പൊതുവേയുള്ള നിയമ തത്ത്വമാണ്. എന്നാല്‍, എല്ലായ്‌പ്പോഴും രാജ്യസുരക്ഷയുടെ പേരു പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടാനാവില്ല. രാജ്യസുരക്ഷ എന്നത്, പേരു കേള്‍ക്കുമ്പോള്‍തന്നെ കോടതികള്‍ അകന്നുനില്‍ക്കേണ്ട ഒന്നല്ല.രാജ്യസുരക്ഷ കണക്കിലെടുത്ത് വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ തീര്‍ച്ചയായും സര്‍ക്കാരിന് സാധിക്കും. എന്നാല്‍, ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് അതിനെ ന്യായീകരിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം. രാജ്യസുരക്ഷയെ ബാധിക്കുന്നവിവരങ്ങളാണ് മറച്ചുവെക്കുന്നതെന്ന് തെളിയിക്കണം. നിരീക്ഷണത്തെ ആരും എതിര്‍ക്കുന്നില്ല:ഭീകരത, കുറ്റകൃത്യം, അഴിമതി എന്നിവയെ ചെറുത്തുകൊണ്ട് രാജ്യതാത്പര്യം സംരക്ഷിക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പലതരം നിരീക്ഷണങ്ങള്‍ നടത്തുന്നത് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തുന്നതിനെ ഹര്‍ജിക്കാരും എതിര്‍ക്കുന്നില്ല. എന്നാല്‍ ചാര സോഫ്റ്റ് വേര്‍ ദുരുപയോഗിച്ച് പൗരരുടെ സ്വകാര്യതയിലേക്ക് നിയമവിരുദ്ധമായി കടന്നുകയറുന്നതിലെ ആശങ്കയാണ് ഉന്നയിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കാത്ത വിഷയങ്ങളില്‍ പൗരരെ നിരീക്ഷിക്കുന്നില്ല എന്ന് പറയാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ നടത്തുന്ന ഏത് അന്വേഷണവും രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.അന്വേഷണത്തിന് നിര്‍ബന്ധിതമാവാന്‍ കാരണം:1. സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ ബാധിച്ചെന്ന ആരോപണം പരിശോധിക്കണം.2. മുഴുവന്‍ പൗരരേയും ബാധിക്കുന്ന വിഷയം.3. കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിലപാടെടുത്തില്ല.4. വിഷയത്തിന്റെ ഗൗരവം വിദേശരാജ്യങ്ങളും അംഗീകരിച്ചു. വിദേശ കക്ഷികളുടെ പങ്ക്.5. വിദേശത്തെ അധികൃതരോ ഏജന്‍സിയോ സ്വകാര്യ സ്ഥാപനമോ ഇന്ത്യയിലെ പൗരരെ നിരീക്ഷിക്കാനുള്ള സാധ്യത.6. കേന്ദ്രത്തിനോ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ഇതില്‍ പങ്കുണ്ടായേക്കാമെന്ന ആരോപണം.7. പൗരര്‍ക്കുമേല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചത് അന്വേഷിക്കാനുള്ള അധികാരപരിധിയുടെ പ്രശ്നങ്ങള്‍ പരിശോധിക്കണം.സമിതി അന്വേഷിക്കേണ്ട കാര്യങ്ങള്‍:1. ഇന്ത്യക്കാരുടെ ഫോണിലോ മറ്റ് ഉപകരണങ്ങളിലോ പെഗാസസ് ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ?2. ചാര സോഫ്റ്റ് വേറിന് ഇരകളായവരുടെ വിവരങ്ങള്‍.3. ഇന്ത്യക്കാരുടെ വാട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായ റിപ്പോര്‍ട്ട് 2019-ല്‍ വന്നശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍.4. പെഗാസസോ മറ്റേതെങ്കിലും ചാര സോഫ്റ്റ് വേറോ കേന്ദ്ര സര്‍ക്കാരോ സംസ്ഥാനങ്ങളോ മറ്റേതെങ്കിലും ഏജന്‍സികളോ പൗരര്‍ക്കെതിരേ ഉപയോഗിക്കാന്‍ വാങ്ങിയിട്ടുണ്ടോ?5. സര്‍ക്കാര്‍ ഏജന്‍സികള്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് അടിസ്ഥാനമാക്കിയ നിയമം, ചട്ടം, മാര്‍ഗരേഖ, പ്രോട്ടോക്കോള്‍, നടപടിക്രമങ്ങള്‍.6. ഇന്ത്യക്കാര്‍ക്കെതിരേ ഇവിടുത്തെ ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് നിയമപരമാണോ?7. കമ്മിറ്റിക്ക് ഉചിതമെന്ന് തോന്നുന്ന ഇതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍.സമിതിയുടെ ശുപാര്‍ശ വേണ്ട വിഷയങ്ങള്‍:1. സ്വകാര്യതാ സംരക്ഷണത്തിന് നിരീക്ഷണവുമായി ബന്ധപ്പെട്ട് നിലവിലെ നിയമത്തില്‍ ഭേദഗതിയോ പുതിയ നിയമങ്ങളോ ആവശ്യമാണോ എന്നത്.2. രാജ്യത്തിനും അതിന്റെ ആസ്തികള്‍ക്കും നല്‍കേണ്ട സൈബര്‍ സുരക്ഷയെക്കുറിച്ച്.3. പൗരരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തടയുന്നതിന് സര്‍ക്കാരോ സര്‍ക്കാരിതര സ്ഥാപനങ്ങളോ ഇത്തരം സോഫ്റ്റ് വേറുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്.4. തങ്ങളുടെ ഉപകരണങ്ങളില്‍ നിയമവിരുദ്ധ കടന്നുകയറ്റമുണ്ടായെന്ന് തോന്നിയാല്‍ പൗരര്‍ക്ക് പരാതി നല്‍കാനുള്ള സംവിധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച്.5. സൈബര്‍ സുരക്ഷാ വിഷയങ്ങള്‍ അന്വേഷിക്കുന്നതിന് തീര്‍ത്തും സജ്ജരായ സ്വതന്ത്ര ഏജന്‍സി രൂപവത്കരിക്കല്‍.6. പൗരരുടെ അവകാശം സംരക്ഷിക്കാന്‍ ഇടക്കാല സംവിധാനമെന്ന നിലയ്ക്ക് സുപ്രീംകോടതി ചെയ്യേണ്ടത്.7. കമ്മിറ്റിക്ക് ഉചിതമെന്ന് തോന്നുന്ന മറ്റു വിഷയങ്ങളിലും ശുപാര്‍ശ നല്‍കാം.
from mathrubhumi.latestnews.rssfeed https://ift.tt/3Cmm5jl
via IFTTT
0 അഭിപ്രായങ്ങള്‍