കൊച്ചി: മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ അന്വേഷണം ഇറ്റാലിയൻ പൗരത്വമുള്ള മലയാളിയായ അനിത പുല്ലയിലിലേക്ക് നീണ്ടാൽ കുരുക്കിലാകുക പോലീസിലെ ഉന്നതരായിരിക്കും. പോലീസ് മേധാവിയായി വിരമിച്ച ലോക്നാഥ് ബെഹ്റയുമായും നിലവിൽ പോലീസ് തലപ്പത്തെ സ്വാധീനമുള്ള ഉദ്യോഗസ്ഥരുമായും ഇവർക്ക് വലിയ അടുപ്പമാണുള്ളത്. ഏറ്റവും മുതിർന്ന പോലീസ് ഓഫീസർമാരുമായി ഇവർ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പലവട്ടം കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. പരമപ്രധാന പോലീസ് ഓഫീസുകളിലും എത്തിയിട്ടുണ്ട്. അനിതയുടെ ശക്തമായ ഇടപെടലാണ് മോൻസന്റെ തട്ടിപ്പുകൾ പുറത്തുവരാൻ കാരണമായതെന്നുള്ള വാദങ്ങളുമുണ്ട്. മാധ്യമങ്ങളിൽ അനിത നേരിട്ടു വന്ന് തട്ടിപ്പിനെതിരേ തുറന്നു സംസാരിക്കുന്നുമുണ്ട്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം നടത്തിയാൽ പോലീസ് ഉന്നതർക്ക് മേലുള്ള കുരുക്ക് മുറുകും. അതുകൊണ്ടുതന്നെ അന്വേഷണം അനിതയിലേക്ക് എത്താതെ പിടിച്ചുനിർത്താനുള്ള സമ്മർദവും ക്രൈംബ്രാഞ്ചിനുമേലുണ്ട്. അനിത ലോക കേരള സഭയിൽ പ്രതിനിധിയായി എത്തിയതിനെക്കുറിച്ചും പ്രവാസി ഗ്രൂപ്പുകളിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. പ്രതിനിധിയാകാൻ വേണ്ട മാനദണ്ഡമാണ് പ്രവാസി ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത്. ഇത് അന്വേഷിക്കണമെന്ന് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ പ്രത്യേക ക്ഷണിതാക്കളും ആവശ്യപ്പെടുന്നുണ്ട്. അനിതയെ പ്രതിനിധിയാക്കാൻ പോലീസ് തലപ്പത്തെ ചിലരുടെ സ്വാധീനമുണ്ടായിരുന്നുവെന്നാണ് ആരോപണം. സർക്കാരിന്റെയും പോലീസിന്റെയും മറ്റു പല പരിപാടികളിലും ഇവർ പ്രതിനിധിയായി എത്തിയിട്ടുണ്ട്. ഇതിലേക്ക് ആര് ക്ഷണിച്ചു, എന്തായിരുന്നു പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡം എന്നെല്ലാം പരിശോധിക്കേണ്ടതായും വരും. കേരള പോലീസിനാകെയും പ്രവാസികൾക്കും നാണക്കേട് ഉണ്ടാക്കുന്ന തരത്തിൽ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകേസ് മാറിക്കഴിഞ്ഞെന്നും അതിനാൽ, അനിതിയെ പ്രതിനിധി സ്ഥാനത്തുനിന്ന് മാറ്റണമെന്നുമാണ് ഒരുവിഭാഗം പ്രവാസികളുെട ആവശ്യം. നിലവിൽ ലോക കേരള സഭയിൽ പ്രത്യേക ക്ഷണാക്കളായവർ ഇതിനായുള്ള ചരടുവലികൾ നടത്തുന്നുണ്ട്. ഇതു കാണിച്ച് പരാതി നൽകാനാണ് നിലവിലെ തീരുമാനം. പ്രവാസി മലയാളി ഫെഡറേഷനിലേക്ക് ഇവരുടെ വരവ്, വിദേശത്തെ ജോലി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പ്രവാസികൾക്കിടയിൽ വലിയ സംവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും ശക്തമാണ്. ഡ്രൈവറുടെ ഹർജിയിൽ ഡി.ജി.പി.യെ കക്ഷിയാക്കാൻ നിർദേശം കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന് വേണ്ടി എറണാകുളം ടൗൺ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറും ചേർത്തല സർക്കിൾ ഇൻസ്പെക്ടറും ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മോൻസന്റെ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹർജിയിൽ സംസ്ഥാന പോലീസ് മേധാവിയെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഇപ്പോൾ പുതിയ നിറം ലഭിച്ചിരിക്കുയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഈ ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ഹർജി ഒക്ടോബർ അഞ്ചിന് വീണ്ടും പരിഗണിക്കും. ഹർജിക്കാരന് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. മോൻസണെതിരായ കേസിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഓഗസ്റ്റ് ഏഴിന് തന്നെ വിളിപ്പിക്കുകയും മൊഴി എടുക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയിലെ ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രൻ പിള്ള മോൻസണെതിരേ നൽകിയ പരാതിയിലായിരുന്നു അന്വേഷണം എന്നാണ് മനസ്സിലാകുന്നത്. മൊഴി നൽകിയതിന് പിന്നാലെ മോൻസന്റെ ആളുകൾ, തന്നെ ക്രിമിനൽ കേസിൽ പ്രതിയാക്കി ജയിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഹർജിയിൽ ആരോപിക്കുന്നു. മോൻസണ് പോലീസിലെ ഉന്നതരുമായി അടുത്ത ബന്ധം ഉണ്ട്. താൻ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞ കാര്യങ്ങൾ മോൻസൺ അറിഞ്ഞിരുന്നെന്നു വേണം കരുതാൻ. ചേർത്തല പോലീസ് ഇൻസ്പെക്ടർക്കും എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർക്കും മോൻസണുമായി അടുത്ത ബന്ധം ഉണ്ട്. ഒരേ ദിവസം രണ്ട് സ്റ്റേഷനുകളിൽ ഹാജരാകണമെന്ന് ഭീഷണി മോൻസൺ തനിക്കെതിരേ നൽകിയ പരാതിയിൽ സെപ്റ്റംബർ 10-ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ചേർത്തല പോലീസ് സ്റ്റേഷനിൽ നിന്നും എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ നിന്നും സെപ്റ്റംബർ ഒൻപതിന് ഫോണിൽ അറിയിച്ചു. ചേർത്തലയിലെ ഇൻസ്പെക്ടർ, പോലീസുകാരന്റെ ഫോണിലൂടെതന്നെ നേരിട്ട് ബന്ധപ്പെട്ട് ആ ദിവസം സ്റ്റേഷനിൽ ഹാജരാകണമെന്നും നിർദേശിച്ചു. ഇല്ലെങ്കിൽ പാഠം പഠിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. നോർത്ത് സ്റ്റേഷനിൽ നിന്നും ഇതേ ഭീഷണിയാണ് ഉണ്ടായത്. ഇതിനെതിരേ എറണാകുളം പോലീസ് കമ്മിഷണർക്കും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ പറയുന്നു. ഇറക്കുമതി കാറുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന വർക്ഷോപ്പിൽ ജോലി ചെയ്യുമ്പോഴാണ് മോൻസണുമായി പരിചയപ്പെടുന്നത്. ഡോക്ടറാണെന്നാണ് പറഞ്ഞത്. 2009-ൽ ഡ്രൈവറും മെക്കാനിക്കുമായി മോൻസണൊപ്പം കൂടി. മോൻസൺ ഡോക്ടർ അല്ലെന്നും പഴയ കാറുകൾ വാങ്ങി അറ്റകുറ്റപ്പണി നടത്തി പുതിയ മോഡൽ എന്ന പേരിൽ അവതരിപ്പിക്കുകയാണെന്നും പിന്നീട് മനസ്സിലായി. ഈ വർഷം ജനുവരിവരെ മോൻസണൊപ്പം ഉണ്ടായിരുന്നു. അന്ന് മോൻസണ് 13 ഇറക്കുമതി കാറുകളുണ്ടായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. താൻ അടക്കമുള്ളവരുടെ പേരിൽ മോൻസൺ ബാങ്കുകളിൽ അക്കൗണ്ടുകൾ തുടങ്ങിയിരുന്നു. മോൻസന്റെ മേൽവിലാസവും ഫോൺ നമ്പരുമാണ് ബാങ്കുകളിൽ നൽകിയിരുന്നത്. അതിനാൽ, ഈ അക്കൗണ്ടിലൂടെ നടത്തിയ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും ഹർജിയിലുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3mhDgeY
via IFTTT
0 അഭിപ്രായങ്ങള്‍