സ്വപ്‌നാ സുരേഷ് ഒളിവിൽക്കഴിഞ്ഞത് മോൺസന്റെ തണലിൽ?

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവിൽ കഴിഞ്ഞത് മോൻസൺ മാവുങ്കലിന്റെ തണലിലെന്ന് സൂചന. സ്വർണക്കള്ളക്കടത്ത് പുറത്തുവന്നതിന് പിന്നാലെ സ്വപ്നയും സംഘവും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കടന്നിരുന്നു. ഇത് സംബന്ധിച്ച് രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. പോലീസിന്റെ മൂക്കിൻതുമ്പത്ത് ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് നിന്നോ കൊച്ചിയിൽ നിന്നോ ഇവരെ പിടിക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പോലീസിന്റെ ഈ വീഴ്ചയിൽ അന്നുതന്നെ സംശയവുമുയർന്നിരുന്നു. ലോക്ഡൗണിൽ റോഡ് മുഴുവൻ പരിശോധനയുള്ളപ്പോഴാണ് സ്വപ്ന സുരേഷും സംഘവും കാറിൽ കടന്നുകളഞ്ഞത്. മാധ്യമങ്ങളിൽ വിവരം വന്നപ്പോഴാണ് കൊച്ചി സിറ്റി പോലീസ് പേരിന് നഗരത്തിൽ പരിശോധന നടത്തിയത്. ഇതിനിടെ ബെംഗളൂരുവിൽ ഇവർ എൻ.ഐ.എ.യുടെ പിടിയിലായ വിവരം പുറത്തുവരികയായിരുന്നു. സ്വപ്നയ്ക്കും സംഘത്തിനും പോലീസിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്നുതന്നെ സംശയിച്ചത്. കൊച്ചിയിൽ ഏറ്റവും സുരക്ഷിതമായി കഴിയാവുന്ന വസതിയായാണ് മോൻസന്റെ വീടിനെ കാണുന്നത്. പുറത്തുനിന്ന് നോക്കുന്ന ആർക്കും മോൻസന്റെ വീട്ടിൽ നിരീക്ഷണം നടത്താൻ കഴിയില്ല. പുറത്തെ കാഴ്ചകൾ അകത്തറിയാൻ നിരവധി ക്യാമറകൾ ഒരുക്കിയിട്ടുമുണ്ട്. കൂടെ സുരക്ഷാ ജീവനക്കാരുടെ ഒരു പടയും. കൊച്ചിയിലെ ഹോട്ടലിൽ കഴിഞ്ഞിരുന്നതായി സ്വപ്നയും സംഘവും തെളിവുണ്ടാക്കിയെന്നും സംശയിക്കുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മോൻസണ് ബീറ്റ് ബോക്സ് അടക്കം വീടിനു മുന്നിൽ വെച്ച് പോലീസ് സംരക്ഷണവും ഉറപ്പുനൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇവിടെയെത്തി സാധാരണ പോലീസുകാർ പരിശോധന നടത്താനുള്ള സാധ്യതയുമില്ല. ചേർത്തലയിലും പരിസരങ്ങളിലുമായി സ്വപ്ന ഒളിവിൽ കഴിഞ്ഞിരുന്നതായി കേന്ദ്ര ഏജൻസികൾക്ക് സംശയമുണ്ടായിരുന്നു. ചേർത്തല മോൻസന്റെ നാടായതിനാൽത്തന്നെ സംശയം കൂടുതൽ ശക്തമാകുകയാണ്. പുരാവസ്തുക്കൾ ക്രൈംബ്രാഞ്ച് കണ്ടുകെട്ടും മോൻസൺ മാവുങ്കലിന്റെ എറണാകുളം കലൂരിലെ വീട്ടിലെ പുരാവസ്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയുമായി ക്രൈംബ്രാഞ്ച്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ വീണ്ടും പരിശോധന നടത്തി. പുരാവസ്തുക്കൾ എന്ന പേരിലുള്ളവയെല്ലാം വ്യാജമാണെന്നാണ് മോൻസൺ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിന് പുരാവസ്തു വകുപ്പ് അധികൃതരുടെ സഹായം ക്രൈംബ്രാഞ്ച് തേടി. വരുംദിവസങ്ങളിൽ പുരാവസ്തു വകുപ്പ് അധികൃതരെത്തി വസ്തുക്കൾ പരിശോധിക്കും. ഇവയിൽ പലതും പണിത തിരുവനന്തപുരത്തെ ശില്പി സുരേഷ് തന്റെ സൃഷ്ടികൾ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച കൊച്ചിയിൽ മോൻസന്റെ വീട്ടിലെത്തിയാണ് താൻ നിർമിച്ചുനൽകിയ ശില്പങ്ങൾ തിരിച്ചറിഞ്ഞത്. മ്യൂസിയത്തിലേക്കെന്ന പേരിൽ ശില്പിയെക്കൊണ്ട് കരകൗശല വസ്തുക്കൾ ഉണ്ടാക്കിക്കുകയായിരുന്നു മോൻസൺ. പണിതു വാങ്ങിയിട്ട് പണം നൽകാതെ മോൻസൺ ചതിച്ചുവെന്ന് സുരേഷിനും പരാതിയുണ്ട്. 70 ലക്ഷം രൂപയാണ് സുരേഷിന് മോൻസൺ നൽകാനുള്ളത്. നാല് ശില്പങ്ങളാണ് മോൻസന്റെ ആവശ്യപ്രകാരം സുരേഷ് നിർമിച്ചുനൽകിയത്. സുരേഷ് ക്രൈംബ്രാഞ്ചിന് വിശദമായ മൊഴി നൽകിയിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ശ്രീവത്സം ഗ്രൂപ്പ് ഉടമ പത്തനംതിട്ട സ്വദേശി രാജേന്ദ്രൻ പിള്ളയുടെ ഹർജിയിൽ മോൻസണെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ജസ്റ്റിസ് വി.ജി. അരുണിനെ ഉത്തരവു വന്നത് കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു. ആറ്് കോടിയിലധികം രൂപയുടെ തട്ടിപ്പുകേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞവർഷം സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പരിഗണിച്ചാണ് രണ്ടാഴ്ചയ്ക്കുള്ളിൽ മോൻസണെതിരായ അന്വേഷണം ക്രൈംബ്രഞ്ചിന് വിടണമെന്ന് നിർദേശിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ഈ അന്വേഷണത്തിന്റെ ഭാഗമായി മോൻസന്റെ ഡ്രൈവറെ ചോദ്യംചെയ്തെങ്കിലും പിന്നീട് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ബിസിനസ് ആവശ്യത്തിനായി 25 കോടി രൂപ നൽകാം എന്നു പറഞ്ഞ് തന്റെ പക്കൽനിന്ന് 2019 നവംബർ 18 മുതൽ 2020 മാർച്ച് ഏഴു വരെയുള്ള കാലയളവിൽ പലപ്പോഴായി 6.27 കോടി രൂപ മോൻസൺ വാങ്ങിയെന്നും അത് തിരികെ നൽകിയില്ലെന്നുമായിരുന്നു പരാതി. ബിസിനസുകാരനായ താൻ കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് സഹായം വേണ്ടിവന്നത്. സുഹൃത്താണ് മോൻസണെ പരിചയപ്പെടുത്തിയത്. വിദേശത്ത് ബിസിനസാണെന്നാണ് മോൻസൺ പറഞ്ഞത്. ടാക്സുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചാലേ പണം നൽകാനാകൂ എന്നും അതിനായി പണം ആവശ്യമാണെന്നും വിശ്വസിപ്പിച്ചാണ് തന്റെ പക്കൽ നിന്ന് ആറു കോടിയിലധികം രൂപ തട്ടിയെടുത്തതെന്നാണ് ഹർജി. ഇതിൽ പന്തളം പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനാലാണ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. Content Highlights:Monson Mavunkal and Swapna Suresh, gold smuggling case

from mathrubhumi.latestnews.rssfeed https://ift.tt/3zZAjEC
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍