കുടുംബസ്വത്തിനെച്ചൊല്ലി ശവസംസ്കാരം തടഞ്ഞു; ആത്മഹത്യാഭീഷണിയുമായി ചെറുമകന്‍

മരിച്ച പദ്മാക്ഷിയമ്മ വിളപ്പിൽശാല: മുത്തശ്ശിയുടെ മൃതദേഹം അവരുടെ ഭൂമിയിൽ അടക്കുന്നതിനെതിരേ കുടുംബസ്വത്തിൽ തർക്കമുന്നയിച്ച് ആത്മഹത്യാഭീഷണിയുമായി ചെറുമകനെത്തി. ഇതോടെ ബന്ധുക്കൾ ആർ.ഡി.ഒ.യുടെയും പോലീസിന്റെയും സഹായം തേടി. രണ്ടാം നാൾ മൃതദേഹം ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ കുടുംബവസ്തുവിൽ അടക്കംചെയ്തു. മുളയറ ക്രൈസ്റ്റ്വില്ലയിൽ പദ്മാക്ഷി(78)യുടെ മൃതദേഹം അടക്കംചെയ്യുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. നാലു മക്കളുടെ അമ്മയാണ് പദ്മാക്ഷി. മക്കളിൽ മൂന്ന് ആണും ഒരു പെണ്ണും. ആൺമക്കളായ അശോക് കുമാർ, സതീഷ്കുമാർ, സുരേഷ്കുമാർ എന്നിവർ നേരത്തേ മരിച്ചു. ഭർത്താവ് ബാലയ്യൻ നാടാർ 21 വർഷം മുൻപ് മരിച്ചു. പക്ഷാഘാതം ബാധിച്ചു പത്തു വർഷമായി ചികിത്സയിലായിരുന്ന പദ്മാക്ഷി മകളോടൊപ്പം വലിയവിളയിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ പേരിലുള്ള ഒൻപതു സെന്റും വീടുമാണ് മുളയറയിലുള്ളത്. മക്കൾക്ക് ഒരോരുത്തർക്കും ഒരോ ഏക്കർ വീതം ഭൂമി നൽകിയിട്ടുണ്ട്. മുളയറ നെടുങ്കുഴിയിലെ കുടുംബവീട്ടിൽ ഇളയമകൻ സുരേഷ്കുമാറിന്റെ മകൻ അലക്സ് ജി.സുരേഷാണ് താമസിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പദ്മാക്ഷി മരിച്ചത്. തുടർന്ന് മൃതദേഹം മുളയറയിലെ ഭർത്താവിന്റെ കല്ലറയ്ക്കു സമീപം അടക്കണമെന്ന പദ്മാക്ഷിയുടെ ആഗ്രഹപ്രകാരം മകൾ അജിതകുമാരിയും ഭർത്താവും മൃതദേഹം മുളയറയിലെത്തിച്ചു. മൃതദേഹം അവിടെ അടക്കിയാൽ താൻ പെട്രോളൊഴിച്ചു തീകൊളുത്തി മരിക്കുമെന്നു പറഞ്ഞ് അലക്സ് രംഗത്തെത്തിയതോടെയാണ് ശവസംസ്കാരം മാറ്റിവയ്ക്കേണ്ടിവന്നത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മകൾ ജില്ലാ കളക്ടർക്കു പരാതി നൽകി. തിങ്കളാഴ്ച നെടുമങ്ങാട് ആർ.ഡി.ഒ. അഹമ്മദ്കബീറിന്റെ സാന്നിധ്യത്തിൽ അലക്സിനെ വിളപ്പിൽശാല എസ്.എച്ച്.ഒ. അനിൽകരീം അനുരഞ്ജനത്തിനായി വിളപ്പിൽ പഞ്ചായത്തോഫീസിലെത്തിച്ചു. ആർ.ഡി.ഒ.യ്ക്കു പുറമേ ജില്ലാപ്പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, വൈസ് പ്രസിഡന്റ് ഡി.ഷാജി, തഹസീൽദാർ സജി എസ്.കുമാർ എന്നിവർ അലക്സുമായി സമവായചർച്ച നടത്തി. രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ അലക്സ് വഴങ്ങി. രാത്രി എട്ടുമണിയോടെ പദ്മാക്ഷിയുടെ മൃതദേഹം ആചാരപ്രകാരം സംസ്കരിച്ചു. പദ്മാക്ഷിയുടെ പേരിലുള്ള വസ്തു തന്റെ പേരിൽ എഴുതിനൽകാൻ മറ്റു ബന്ധുക്കൾ തയ്യാറാകണമെന്നതായിരുന്നു അലക്സിന്റെ ആവശ്യം. ഇതു പിന്നീട് പരിഹരിക്കാമെന്ന ആർ.ഡി.ഒ.യുടെ ഉറപ്പിലാണ് പ്രശ്നം തീർപ്പായത്.

from mathrubhumi.latestnews.rssfeed https://ift.tt/3A2tgLZ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍