ശ്രീജേഷ്, എത്രവർഷമായി നമ്മൾ കാത്തിരിക്കുന്നു, പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന് അവസാനം വേണ്ടേ? നീണ്ട വർഷങ്ങളിലെ കഠിനാധ്വാനത്തിനൊടുവിൽ മലയാളികൾ പലരും ലോകത്തെ പരമോന്നത കായിക വേദിയായ ഒളിമ്പിക്സിന്റെ പടിവാതിലിൽ എത്തി. 1972-ൽ മാനുവൽ ഫ്രെഡറിക്സ് ഉൾപ്പെട്ട ഹോക്കി ടീം വെങ്കലം നേടിയശേഷം കേരളീയർക്ക് ഒളിമ്പിക്സ് വേദിയിൽ അഭിമാനിക്കാൻ ഒരു മുഹൂർത്തമുണ്ടായിട്ടില്ല. ഇപ്പോൾ, ഒരു മെഡലിന്റെ തിളക്കം ഞങ്ങളെ പ്രലോഭിപ്പിച്ച് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ബെൽജിയത്തെ നേരിടുമ്പോൾ നിങ്ങളുടെ ചുമലിൽ മലയാളികളുടെ, പ്രതീക്ഷയും സ്വപ്നങ്ങളുമുണ്ട്. ലോകത്തെ വമ്പൻ ടീമുകൾക്കെതിരായ എത്രയോ മത്സരങ്ങളിൽ നിങ്ങളിലെ കാവൽക്കാരൻ ഇന്ത്യൻ ടീമിനെ രക്ഷിച്ചു. എറണാകുളം പള്ളിക്കരയെന്ന ഗ്രാമത്തിൽനിന്ന് തുടങ്ങി നിങ്ങൾ നടന്നുതീർത്ത വഴികളിൽ ധീരനായ ഒരു കാവൽക്കാരന്റെ കരുത്തും ദിശ്ചയദാർഢ്യവുമുണ്ട്. ഒരു മത്സരത്തിൽക്കൂടി നിങ്ങളുടെ നിശ്ചയദാർഢ്യംകൊണ്ട് ഇന്ത്യൻ ഗോൾപോസ്റ്റിന്റെ വാതിൽ പൂട്ടിയേക്കുക. ഞങ്ങൾക്ക് അതുമതി. ഹോക്കി സ്റ്റിക്കിനോട് ഇന്ത്യൻ പ്രണയം സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തുടങ്ങിയതാണ്. 1928 ഒളിമ്പിക്സിൽ ഇന്ത്യ ആദ്യമെഡൽ നേടി. തുടർച്ചയായ ആറ് സ്വർണങ്ങളുമായി 1960 വരെ ആ കുതിപ്പ് തുടർന്നു. 30 ൽ 30 വിജയങ്ങളുമായി അപരാജിതർ. 1928 മുതൽ 1956 വരെ ഒരു ഗോൾ പോലും വഴങ്ങാതെ ഒളിമ്പിക് ചാമ്പ്യൻമാരായവർ. 2014 വരെ ഏഷ്യൻ ചാമ്പ്യൻ. 1975-ലെ ലോകകപ്പ് വിജയികൾ. ഇതിനിടയിൽ നിറംമങ്ങിയ ചെറിയ കാലം. ഇപ്പോഴിതാ, ലോകവേദികളെ കീഴടക്കി ഇന്ത്യ തിരിച്ചുവരുമ്പോൾ ആ വിജയങ്ങളിൽ നിങ്ങളുടെ വിയർപ്പും സ്വപ്നങ്ങളുമുണ്ടെന്നത് ഞങ്ങൾക്ക് നൽകുന്ന സന്തോഷം ചെറുതല്ല. ശ്രീജേഷ്, ഒരു ചുവടുകൂടി. ഒരു മത്സരം കൂടി. ഞങ്ങൾക്ക് എന്നെന്നും ഓർക്കാൻ ഒരു നിമിഷംകൂടി പകർന്നു നൽകുക. ഈ ആശംസകൾകൂടി സ്വീകരിക്കുക... Content Highlights: Tokyo 2020 Fans laud PR Sreejesh over heroic performance
from mathrubhumi.latestnews.rssfeed https://ift.tt/3foxxBz
via IFTTT
0 അഭിപ്രായങ്ങള്‍