ടോക്യോ: ഒളിമ്പിക്സിലെ ട്രാക്ക് ഉണരുന്നു. വെള്ളിയാഴ്ച പുലർച്ചെ 5.30-ന് വനിതകളുടെ 100 മീറ്റർ പ്രാഥമിക റൗണ്ട് മത്സരത്തോടെ ട്രാക്കിലെ മത്സരങ്ങൾക്ക് തുടക്കമാകും. ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 6.20-ന് വനിതകളുടെ 100 മീറ്റർ ഫൈനൽ. ഞായറാഴ്ച വൈകീട്ട് 6.20-ന് പുരുഷന്മാരുടെ 100 മീറ്റർ ഫൈനൽ. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് പുരുഷൻമാരുടെ 10000 മീറ്റർ ഫൈനലുണ്ട്. പുരുഷവിഭാഗത്തിൽ കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിലും 100, 200 മീറ്ററുകളിൽ വിജയിയായ ജമൈക്കയുടെ ഇതിഹാസതാരം ഉസൈൻ ബോൾട്ട് ഇക്കുറി മത്സരത്തിനില്ല. അമേരിക്കയുടെ വെറ്ററൻ താരം ജസ്റ്റിൻ ഗാറ്റ്ലിനും ഇല്ല. അതുകൊണ്ടുതന്നെ പുരുഷവിഭാഗത്തിൽ ലോകം പുതിയൊരു ജേതാവിനെ കാത്തിരിക്കുന്നു. അമേരിക്കയുടെ 25-കാരനായ ട്രൈവോൺ ബ്രോമൽ ആണ് സമീപകാലത്ത് 100 മീറ്ററിൽ ഏറ്റവും മികച്ച സമയം കുറിച്ചിരിക്കുന്നത്. ജൂൺ അഞ്ചിന് 9.77 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബിൻ 9.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാംസ്ഥാനത്തുണ്ട്. 9.85 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഈ വർഷത്തെ മികച്ച മൂന്നാമത്തെ സമയംകുറിച്ച് അമേരിക്കയുടെ മാർവിൻ ബ്രേസി ടോക്യോയിൽ മത്സരിക്കുന്നില്ല. അമേരിക്കൻ താരങ്ങളായ റോണി ബേക്കർ (9.85 സെക്കൻഡ്), ഫ്രെഡ് കെർലി (9.86 സെക്കൻഡ്) തുടങ്ങിയവരും ടോക്യോയിൽ കനത്ത മത്സരമുയർത്തും. ഈവർഷത്തെ മികച്ച സമയം 9.99 സെക്കൻഡ് ആണെങ്കിലും കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെയ്ക്കും മെഡൽസാധ്യതയിലുണ്ട്. വനിതകളിൽ ജമൈക്കയുടെ വെറ്ററൻ താരം ഷെല്ലി ആൻ ഫ്രേസർ പ്രൈസ് തന്നെയാണ് ഈ വർഷത്തെ പ്രകടനങ്ങളിൽ മുന്നിലുള്ളത്. 35-കാരിയായ ജമൈക്കൻ സ്പ്രിന്റർ ജൂൺ അഞ്ചിന് കിങ്സ്റ്റണിൽ കുറിച്ച 10.63 സെക്കൻഡാണ് വനിതകളുടെ 100 മീറ്ററിൽ ഈ വർഷത്തെ മികച്ച സമയം. 2008 ബെയ്ജിങ് ഒളിമ്പിക്സിൽ 100 മീറ്റർ സ്വർണം നേടിയ ആൻ ഫ്രേസർ ലണ്ടനിൽ 200 മീറ്ററിൽ വെള്ളിയും റിയോയിൽ 100 മീറ്ററിൽ വെള്ളിയും നേടി. ഇക്കുറി മെഡൽ നേടിയാൽ സ്പ്രിന്റ് ഇനത്തിൽ നാല് ഒളിമ്പിക്സിൽ മെഡൽ എന്ന അപൂർവനേട്ടത്തിനുടമയാകും. അതേസമയം, നിലവിലെ ഒളിമ്പിക് ജേതാവായ ജമൈക്കയുടെ തന്നെ എലൈൻ തോംസൺ ജൂലായ് ആറിന് 10.71 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഷെല്ലിക്ക് കനത്ത വെല്ലുവിളിയുമായി കൂടെയുണ്ട്. ഈ ഒളിമ്പിക്സിന്റെ താരമാകുമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കയുടെ യുവതാരം ഷകാരി റിച്ചാർഡ്സൺ 10.71 സെക്കൻഡിൽ ഫിനിഷ് ചെയ്തിട്ടുണ്ടെങ്കിലും ഉത്തേജകക്കേസിൽ കുടുങ്ങി അവർക്ക് അവസാനനിമിഷം ഒളിമ്പിക്സിൽനിന്ന് പിന്മാറേണ്ടിവന്നു. ജമൈക്കയുടെ ഷെറീക്ക ജാക്സൺ ആണ് ഈവർഷത്തെ പ്രകടനങ്ങളിൽ (10.77 സെക്കൻഡ്) നാലാംസ്ഥാനത്തുള്ളത്. വനിതകളുടെ 100, 200 മീറ്ററുകളിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് മത്സരിക്കുന്നുണ്ട്. 100 മീറ്ററിൽ 11.17 സെക്കൻഡണ് ദ്യുതിയുടെ മികച്ച സമയം. Content Highlights: Tokyo 2020 Olympics track and field
from mathrubhumi.latestnews.rssfeed https://ift.tt/3j2kkze
via IFTTT
0 അഭിപ്രായങ്ങള്‍