പെന്‍ഷന്‍ കണക്കാക്കുന്നതിന് ഒരു മാസത്തിനുള്ളില്‍ പുതിയ സ്‌കീം; കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍

ന്യൂഡൽഹി: ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് ഒരു മാസത്തിനുള്ളിൽ പുതിയ സ്കീം തയ്യാറാക്കുമെന്ന് കെ.എസ്.ആർ.ടി.സി. സുപ്രീം കോടതിയിൽ. സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അർഹതപ്പെട്ട കാലഘട്ടംകൂടി പെൻഷൻ കണക്കാക്കുന്നതിൽ പരിഗണിക്കുമെന്നും കോർപറേഷൻ സുപ്രീം കോടതിയെ അറിയിച്ചു. പുതിയ സ്കീം ഏഴായിരത്തോളം ജിവനക്കാർക്കെങ്കിലും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എസ്.ആർ.ടി.സി. കോടതിയെ അറിയിച്ചു. പുതിയ സ്കീം സംബന്ധിച്ച് സർക്കാരുമായി വകുപ്പുതല ചർച്ച ആരംഭിച്ചതായി കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായും കോർപറേഷന്റെ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. പുതിയ സ്കീമിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി ഡിപ്പോകളുമായി ആശയവിനിമയം നടത്തിവരികയാണ്. ഏതാണ്ട് ഏഴായിരത്തോളം ജീവനക്കാർ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോർപറേഷൻ സുപ്രീം കോടതിയെ അറിയിച്ചു. സ്കീം തയ്യാറാക്കുന്നതിന് ഒരു മാസത്തെ സമയം അനുവദിക്കണമെന്ന കോർപറേഷന്റെ ആവശ്യം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് അംഗീകരിച്ചു. സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടംകൂടി പെൻഷൻ തിട്ടപ്പെടുത്താൻ പരിഗണിക്കുമെന്ന് 1999ൽ തൊഴിലാളി സംഘടനകളും കോർപറേഷനും തമ്മിൽ ഒപ്പുവെച്ച കരാറിൽ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ അഞ്ചംഗ ബഞ്ചും ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടംകൂടി പെൻഷൻ തിട്ടപ്പെടുത്താൻ പരിഗണിക്കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. Content Highlights: KSRTC in supreme court on pension scheme

from mathrubhumi.latestnews.rssfeed https://ift.tt/3jfs9C3
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍