രാമായണപ്രഭാഷണ പരമ്പരയുമായി സി.പി.ഐ.യും

മലപ്പുറം : രാമായണത്തെ കമ്യൂണിസ്റ്റ് പരിപ്രേക്ഷ്യത്തിൽ പാരായണംചെയ്ത് സി.പി.ഐ. ജില്ലാകമ്മിറ്റി. ഭാരതീയ പാരമ്പര്യങ്ങളെ സംഘപരിവാർ സ്വന്തമാക്കുന്നതിനെതിരേ സഖാക്കളെ ബോധവത്കരിക്കുന്നതിനായി 24-ന് തുടങ്ങിയ പ്രഭാഷണം ശനിയാഴ്ച സമാപിക്കും. സി.പി.ഐ. മലപ്പുറം ജില്ലാക്കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ഏഴുദിവസത്തെ പ്രഭാഷണം നടക്കുന്നത്. മുല്ലക്കര രത്നാകരൻ, അജിത് കൊളാടി, അഡ്വ. എം. കേശവൻനായർ, ആലങ്കോട് ലീലാകൃഷ്ണൻ, എ.പി. മുഹമ്മദ്, എം.എം. സചീന്ദ്രൻ, കെ.പി. രാമനുണ്ണി തുടങ്ങിയവരാണ് പ്രഭാഷകർ. രാമായണം ഒരു പൊതു സ്വത്താണെന്നും അതു സ്വന്തമാക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ അതിനെതിരേയുള്ള ബോധവത്കരണമാണ് ലക്ഷ്യമെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറയുന്നു. രാമനും രാമായണവും ഏറ്റവുമധികം പൊരുത്തപ്പെടുന്നത് മാർക്സിസ്റ്റ് സിദ്ധാന്തങ്ങളുമായാണെന്നാണ് മിക്ക പ്രഭാഷകരും സമർഥിക്കാൻ ശ്രമിച്ചത്. മനുഷ്യനും പ്രകൃതിക്കും വേണ്ടിയുള്ളതായതിനാൽ രാമായണത്തിനു മാർക്സിസവുമായേ ഹൃദയൈക്യം പുലർത്താനാവൂ എന്ന് 'രാമായണത്തിലെ രാഷ്ട്രീയം' എന്ന വിഷയത്തിൽ സംസാരിച്ച അഡ്വ. എം. കേശവൻനായർ പറഞ്ഞു. ദശരഥന്റെ ഉത്തമസുഹൃത്തായ ഗുഹൻ ആദിവാസി നേതാവായിരുന്നു. എന്നാൽ പുതിയകാലത്ത് രാമന്റെ ആളുകളെന്നു പറയുന്നവരുടെ ഭരണത്തിൽ ആദിവാസികൾ ചൂഷണംചെയ്യപ്പെടുകയാണെന്ന് സി.പി.ഐ. നേതാവ് അജിത് കൊളാടി വിമർശിക്കുന്നു. രാമായണത്തിന്റെ ബഹുസ്വരത ചോദ്യംചെയ്യപ്പെടുന്ന കാലത്ത് അതിന്റെ സ്വതന്ത്രവിചാരം മാതൃകാപരമാണെന്നാണ് ആലങ്കോട് ലീലാകൃഷ്ണന്റെ നിലപാട്. യാഗവും തീർഥയാത്രയും ഒന്നുമല്ല, സജ്ജന സംഗമമാണ് തന്നോടുള്ള ഉത്തമഭക്തിയെന്ന് എഴുത്തച്ഛന്റെ രാമൻ പറയുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ആ സജ്ജനത്തിൽ സംഘപരിവാർ വരില്ലെന്നും മനുഷ്യരെ ഒന്നായിക്കാണുന്ന കമ്യൂണിസ്റ്റുകാരനു മാത്രമേ അത്തരത്തിലൊരാളാവാൻ കഴിയൂ എന്നുമാണ് പ്രഭാഷകർ സമർഥിക്കുന്നത്. രാമായണവിമർശകർ പരാമർശിക്കാറുള്ള ശംഭൂകവധം, സീതാപരിത്യാഗം, ജാതീയത തുടങ്ങിയ വിവാദവിഷയങ്ങളൊന്നും ആരും ചർച്ച ചെയ്തില്ലെന്നത് ശ്രദ്ധേയമായി. നേരത്തേ സി.പി.എം. അനുഭാവികൾ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചത് ചർച്ചയായിരുന്നു. അതിന്റെ തുടർച്ചയായാണ് സി.പി.െഎ.യുടെ രാമായണപ്രഭാഷണപരമ്പര. Content Highlights: CPI to observe Ramayana month

from mathrubhumi.latestnews.rssfeed https://ift.tt/3zPaOGr
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍