ചണ്ഡീഗഡ്: വൈദ്യുതി പ്രതിസന്ധിയും ഉയർന്ന വൈദ്യുതിനിരക്കിന്റെയും പേരിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങ് സർക്കാരിനെ കുറ്റപ്പെടുത്തിയ കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു എട്ട് ലക്ഷം രൂപ വൈദ്യുതി ബിൽ കുടിശ്ശിക അടയ്ക്കാനുണ്ടെന്ന വിവരം പുറത്ത്. ബില്ലടക്കേണ്ട അവസാന ദിവസം കൂടിയായ വെള്ളിയാഴ്ചയാണ് കോൺഗ്രസ് എംഎൽഎ കൂടിയായ സിദ്ദു ട്വിറ്ററിലൂടെ രൂക്ഷ വിമർശനമുയർത്തിയത്. അമരീന്ദറുമായി ഇടഞ്ഞുനിൽക്കുന്ന സിദ്ദുവിനെ അനുനയിപ്പിക്കാൻ പ്രിയങ്കയും രാഹുലും കഴിഞ്ഞ ദിവസം മാരത്തൺ ചർച്ചനടത്തിയിരുന്നു. പിസിസി അധ്യക്ഷ സ്ഥാനമോ ഉപമുഖ്യമന്ത്രി സ്ഥാനമോ സിദ്ദുവിന് നൽകാനാവില്ലെന്ന കടംപിടിത്തത്തിലാണ് അമരീന്ദർ. പഞ്ചാബ് പവർ കോർപറേഷൻ ലിമിറ്റഡിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച് സിദ്ദു 8,67,540 രൂപയുടെ ബിൽ അടയ്ക്കാനുണ്ട്. അമൃത്സറിലെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ ബില്ലാണിത്. കഴിഞ്ഞവർഷം അവസാനം 17 ലക്ഷത്തിലധികം രൂപയായിരുന്നു കുടിശ്ശിക. ഇതിൽ പത്ത് ലക്ഷം രൂപ ഈ മാർച്ചിൽ അടച്ച വിവരവും വെബ്സൈറ്റിലുണ്ട്. ഭരണം ശരിയായ രീതിയിലാണെങ്കിൽ പവർകട്ട് ഏർപ്പെടുത്തേണ്ടതിന്റേയോ ഓഫീസുകളുടെ പ്രവർത്തനസമയം ക്രമീകരിക്കേണ്ടതിന്റേയോ സാധാരണ ജനങ്ങളുടെ എസി ഉപയോഗം നിയന്ത്രിക്കേണ്ടതിന്റേയോ ആവശ്യകത പഞ്ചാബിൽ ഉണ്ടാകില്ലെന്ന് സിദ്ദു ട്വീറ്റിൽ അഭിപ്രായപ്പെട്ടു. പവർകട്ടും സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും അടിസ്ഥാനമാക്കി തുടരെത്തുടരെയുള്ള ട്വീറ്റുകളിലൂടെ അമരീന്ദർ സിങ്ങിനെതിരെ സിദ്ദു ആഞ്ഞടിച്ചു. പഞ്ചാബ് നേരിടുന്ന വൈദ്യുത പ്രതിസന്ധിയെ തിരഞ്ഞെടുപ്പിൽ ആയുധമാക്കാൻ അരവിന്ദ് കെജ് രിവാളും എഎപിയും നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. 300 യൂണിറ്റ് വൈദ്യുതി വീതം ഓരോ വീടുകൾക്കും സൗജന്യമായി നൽകുമെന്നും കെജ്രിവാൾ പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായ അമരീന്ദർ സിങ് തന്നെയാണ് വൈദ്യുതിവകുപ്പും കൈകാര്യം ചെയ്യുന്നത്. 2019-ൽ മന്ത്രിസഭയിൽ നിന്നുള്ള സിദ്ദുവിന്റെ രാജി സമയത്ത് വൈദ്യുതി വകുപ്പ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും സിദ്ദു അത് നിരസിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് 2022 ൽ നടക്കാനിരിക്കെ ഭരണവീഴ്ചയെ ചൊല്ലി സിദ്ദു ഉയർത്തുന്ന വിമർശനങ്ങൾ കോൺഗ്രസ്സിന് തലവേദനയായി തീർന്നിരിക്കുകയാണ്. Content Highlights: Navjot Sidhu Needling Amarinder Singh Over Power Cuts Owes Rs 8 Lakh
from mathrubhumi.latestnews.rssfeed https://ift.tt/3ye5BHm
via IFTTT
0 അഭിപ്രായങ്ങള്‍