ന്യൂഡൽഹി: കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിക്കും മുമ്പ് സംസ്ഥാന കോൺഗ്രസിലെ എല്ലാ വശങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും വിശദമായി മനസ്സിലാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ്. എം.പി.മാരിൽ നിന്നും എം.എൽ.എ.മാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും ലഭിച്ച നിർദേശങ്ങളുടെയടക്കം അടിസ്ഥാനത്തിലാവും തീരുമാനമെന്നതിനാൽ പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. എല്ലാ കാര്യങ്ങളും വിശദമായി ചർച്ചചെയ്താവും അന്തിമ തീരുമാനം. അശോക് ചവാൻ സമിതി തെളിവെടുപ്പിനു ശേഷം വിവരങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്. തോൽവിയുമായും തുടർസംഭവങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സോണിയയോട് തങ്ങളുടെ അഭിപ്രായവും അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയാകട്ടെ മൗനം തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ ഇനിയും പ്രശ്നം കൂടുതൽ സങ്കീർണമാക്കാതെ എല്ലാവർക്കും സ്വീകാര്യമാവുന്ന തീരുമാനം എടുക്കുകയെന്നതാവും ഹൈക്കമാൻഡിന്റെ നയം. കേരളത്തിന്റെ കാര്യമായതിനാൽ അധ്യക്ഷ എടുക്കുന്ന തീരുമാനത്തിൽ ഇടപെടാതിരിക്കുക എന്ന സമീപനമാണ് മുതിർന്ന നേതാക്കളായ എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും സ്വീകരിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിയുമായി ആലോചിച്ച ശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക.ഡി.സി.സി. അധ്യക്ഷന്മാരെ നിശ്ചയിക്കുംപോലെയല്ല കാര്യങ്ങളെന്നും അഞ്ചു വർഷത്തേക്ക് ഒരാളെ തീരുമാനിക്കുന്നതിൽ രണ്ടുദിവസം വൈകുന്നു എന്നു പറയുന്നതിൽ കാര്യമില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. നിലവിൽ കെ. സുധാകരന്റെ പേരിനുതന്നെയാണ് മുൻതൂക്കമെങ്കിലും കൊടിക്കുന്നിൽ സുരേഷിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് വലിയതോതിൽ വോട്ടു ചോർച്ച ഉണ്ടായ പശ്ചാത്തലത്തിൽ മറ്റൊരു വർക്കിങ് പ്രസിഡന്റായ കെ.വി. തോമസിനെ പരിഗണിച്ചുകൂടെന്നുമില്ല. എന്നാൽ ഇവരാരുമല്ലാതെ പുതിയ തലമുറയിൽപ്പെട്ട ജനകീയ അടിത്തറയുള്ളവരെ അധ്യക്ഷനാക്കുന്ന കാര്യവും തള്ളിക്കൂടെന്നുതന്നെയാണ് ലഭിക്കുന്ന സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/3pmhPKX
via IFTTT
0 അഭിപ്രായങ്ങള്‍