ഹരിപ്പാട്: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ 8850 കോടി രൂപയുടെ 25 വർഷത്തേക്കുളള കരാറിൽ കെ.എസ്.ഇ.ബി. ഏർപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാൻ പോകുന്നതെന്നും ഹരിപ്പാട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആരോപിച്ചു. അടുത്ത 25 കൊല്ലത്തേക്ക് ജനങ്ങളുടെ പോക്കറ്റിൽനിന്ന് കയ്യിട്ടുവാരാൻ അദാനിക്ക് പിണറായി വിജയൻ സർക്കാർ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായാണ് ഈ അഴിമതിക്ക് കൂട്ടുനിൽക്കുന്നത്. 8850 കോടി രൂപയുടെ 25 വർഷത്തേക്കുളള കരാറിലാണ് കെ.എസ്.ഇ.ബി. ഏർപ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന വൈദ്യുതി ബോർഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിലെ സോളാർ എനർജി കോർപറേഷൻ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവെച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയിൽനിന്ന് 25 കൊല്ലത്തേക്ക് വാങ്ങാനുള്ള ദീർഘകാല കരാറാണ് ഒപ്പുവെച്ചത്- അദ്ദേഹം പറഞ്ഞു. നിലവിൽ യൂണിറ്റിന് രണ്ടുരൂപാ നിരക്കിൽ സോളാർ ലഭ്യമാണെന്നിരിക്കേ 2.82 രൂപാ നിരക്കിൽ ആണ് അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ ഉണ്ടായിരിക്കുന്നത്. 25 കൊല്ലത്തേക്ക് അദാനി ഗ്രൂപ്പിൽനിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങേണ്ടി വരും. ഓരോ യൂണിറ്റിനും ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾ അദനിക്ക് കൂടുതൽ നൽകേണ്ടി വരും. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാൻ പോകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. റിന്യൂവൽ പർച്ചേസ് ഒബ്ലിഗേഷ(ആർ.പി.ഒ.)ന്റെ മറവിലാണ് ഈ കരാറിൽ സംസ്ഥാന സർക്കാർ ഏർപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനിയുമായി ഉണ്ടാക്കിയിരിക്കുന്ന കരാർ കാറ്റിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിനാണ്. ആർ.പി.ഒയുടെ പരിധിയിൽ കാറ്റിൽനിന്നുള്ള വൈദ്യുതി മാത്രമല്ല തിരമാലയിൽനിന്നും സോളാറിൽനിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉൾപ്പെടും. 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികളിൽനിന്നുള്ള വൈദ്യുതിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ കേരളത്തിലുണ്ട്. അവയിൽനിന്ന് ഒരു രൂപയ്ക്ക് വൈദ്യുതി ലഭിക്കുമെന്നിരിക്കെയാണ് അദാനിക്ക് ലാഭമുണ്ടാക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്രയും വലിയ സൗകര്യം ഒരുക്കി കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. content highlights:kseb-adani agreement: ramesh chennithala raises corruption allegation against govt
from mathrubhumi.latestnews.rssfeed https://ift.tt/31GBESk
via IFTTT
0 അഭിപ്രായങ്ങള്‍