സനു മോഹന്‍ മുംബൈ പോലീസ് തിരയുന്ന പ്രതി, മകളെ കൊണ്ടുപോയത് അബോധാവസ്ഥയില്‍; ദുരൂഹത നീങ്ങുന്നില്ല

കാക്കനാട്: മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും പിതാവ് സനു മോഹനെ കുറിച്ച് വിവരമില്ല. നാട്ടിലും ഇതര സംസ്ഥാനത്തും മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സനു മോഹന്റെ തന്നെ ആസൂത്രിതമായ തിരക്കഥയാണോ തിരോധാനത്തിനു പിന്നിൽ എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. തമിഴ്നാട്ടിലേക്ക് കടന്നെന്ന വിവരത്തെ തുടർന്ന് കോയമ്പത്തൂർ കേന്ദ്രീകരിച്ച് ഒരു സംഘം അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനാകാതെ മടങ്ങി. അടുത്ത ദിവസം അന്വേഷണത്തിനായി പുതിയ സംഘം തമിഴ്നാട്ടിലേക്ക് പോകും. കുട്ടിയെ പിതാവ് മാർച്ച് 21-ന് രാത്രി മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയിട്ട ശേഷം തമിഴ്നാട്ടിലേക്കു കടന്നതായാണ് പോലീസ് സംശയിക്കുന്നത്. സനുവിന്റെ മൊബൈൽ ഫോൺ കാണാതായതിലും ദുരൂഹതയുണ്ട്. ഇതിനിടെ കുട്ടിയെ അബോധാവസ്ഥയിലാണ് സംഭവ ദിവസം രാത്രി കങ്ങരപ്പടിയിലെ ഫ്ളാറ്റിൽനിന്ന് സനു കൊണ്ടുപോയിട്ടുള്ളതെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായിട്ടുണ്ട്. കുട്ടിയുടേത് കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇയാളെ കണ്ടെത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. സംഭവം പിതാവ് ആസൂത്രണം ചെയ്തതായാണ് സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിൽനിന്നു ലഭിക്കുന്ന സൂചനയെന്ന് പോലീസ് പറഞ്ഞു. കങ്ങരപ്പടിയിലെ ഫ്ളാറ്റിലാണ് സനുവും കുടുംബവും അഞ്ചു വർഷമായി താമസിച്ചിരുന്നത്. കഴിഞ്ഞ 21-ന് വൈകീട്ട് സനു ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടിൽ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടിൽ പോകുകയാണ് എന്നു പറഞ്ഞാണ് മകളുമായി ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോൺ എടുത്തില്ല. ഇതിന് രണ്ടു ദിവസം മുമ്പേ തന്റെ ഫോൺ കേടാണെന്നു പറഞ്ഞ് ഭാര്യയുടെ ഫോണാണ് സനു ഉപയോഗിച്ചിരുന്നത്. കാണാതായതിന്റെ പിറ്റേന്നാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയത്. സനുവിന്റേത് ദുരൂഹത നിറഞ്ഞ ജീവിതം സനുവിനെ കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിനു ലഭിച്ചത്. സാമ്പത്തിക തട്ടിപ്പിന് മുംബൈ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന മുഖ്യ പ്രതിയാണ് സനു മോഹൻ. ഇവരുടെ കണ്ണ് വെട്ടിച്ചാണ് കേരളത്തിലെത്തിയത്. ഇയാൾ നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മുംബൈയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾക്കായി പുണെ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. മുംബൈയിൽ ബിസിനസ് നടത്തുമ്പോഴായിരുന്നു ഈ തട്ടിപ്പ്. കൂടാതെ തമിഴ്നാട്ടിലെ പലയിടങ്ങളിലും നേരത്തെ ഇയാൾ ബിസിനസ് നടത്തിയിരുന്നു. ഇവിടെയും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇയാൾ വേഷം മാറി ഒളിവിൽ കഴിയാൻ സാധ്യതയുള്ളതിനാൽ സനുവിന്റെ രൂപമാറ്റം വരുത്തിയ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. Content Highlights:kochi vyga death and her father sanu mohan missing case

from mathrubhumi.latestnews.rssfeed https://ift.tt/2PBoSSe
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍