നയ്റോബി: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കെനിയൻ കുടുംബത്തിലെ മുത്തശ്ശി സാറാ ഒബാമ (99) അന്തരിച്ചു. ബരാക് ഒബാമയുടെ മുത്തച്ഛന്റെ മൂന്നാം ഭാര്യയാണ് സാറ. കിസുമുവിലെ ആശുപത്രിയൽ ചികിത്സയിലായിരുന്നു. അനാഥരെ ശാക്തീകരിക്കുന്നതിനും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിച്ച സാറയുടെ സംഭാവനകൾ സമൂഹത്തിൽ വലിയമാറ്റം കൊണ്ടുവന്നെന്ന് കിസുമു ഗവർണർ അനിയാങ് ന്യോങ്ഗോ പറഞ്ഞു. ബരാക്കിന്റെ അച്ഛനെ ചെറുപ്പത്തിൽ ഒൻപത് കിലോമീറ്ററപ്പുറമുള്ള സ്കൂളിൽ സൈക്കിളിൽ കൊണ്ടുപോയതും പഠിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തതും സാറ മുത്തശ്ശിയായിരുന്നു. 2014 സെപ്റ്റംബറിൽ യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ മുത്തശ്ശിയെ ബരാക് സ്മരിച്ചു. പെൺകുട്ടികൾക്ക് പലപ്പോഴും സ്കൂളിൽ പോകാൻ അവസരമില്ലായിരുന്ന കെനിയയിൽ സാറ അവരുടെ വിദ്യാഭ്യാസത്തിനായി മുന്നിട്ടിറങ്ങി. ഒരു സ്ത്രീക്ക് വിദ്യാഭ്യാസം ലഭിച്ചാൽ അവൾ കുടുംബത്തെ മാത്രമല്ല, ഗ്രാമത്തിനു മുഴുവൻ വിദ്യാഭ്യാസം നൽകുമെന്നവർ പറഞ്ഞു. വിദ്യാഭ്യാസത്തിന് നൽകിയ പിന്തുണ മാനിച്ച്, 2014-ൽ ഐക്യരാഷ്ട്രസഭ അവരെ ആദരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3dhcpvh
via IFTTT
0 അഭിപ്രായങ്ങള്‍