വികസനത്തിലൂന്നി ലാൽസലാം

തിരുവനന്തപുരം:പ്രതികൂല കാലാവസ്ഥയോട് എതിരിട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തുടർഭരണമെന്ന മുദ്രാവാക്യം ഉച്ചത്തിൽ മുഴക്കാൻ ഇടതുമുന്നണിക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രവർത്തനത്തിന് ബ്രേക്കിടാതെ മുന്നേറാനായിരുന്നു മുന്നണിനേതൃത്വം കീഴ്ഘടകങ്ങളോട് നിർദേശിച്ചതും. സംസ്ഥാനതലത്തിൽ ആദ്യംനടത്തിയ ശില്പശാല പിന്നീട് താഴെത്തട്ടുവരെ നടത്തി. തുടർന്ന് തെക്കുംവടക്കുമായി രണ്ട് ജാഥകളുടെ പര്യടനം. ജാഥകളുടെ സംഘാടനം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനമായാണ് മുന്നണിനേതൃത്വം ആസൂത്രണം ചെയ്തത്. സമാന്തരമായി മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾക്കും തുടങ്ങിവെച്ചു. ആദ്യ റൗണ്ട് ചർച്ച എല്ലാ പാർട്ടികളുമായും മുന്നണി നടത്തി. കഴിഞ്ഞപ്രാവശ്യം സ്വതന്ത്രരരടക്കം 94 സീറ്റിലാണ് സി.പി.എം. മത്സരിച്ചത്. 27 എണ്ണത്തിൽ സി.പി.ഐ.യും. മുന്നണിയിലേക്ക് പുതുതായി വന്ന കേരള കോൺഗ്രസ് ജോസ് വിഭാഗം, എൽ.ജെ.ഡി. കക്ഷികൾക്ക് അധികമായി സീറ്റ് കണ്ടെത്തണം. ഈ രണ്ട് കക്ഷികൾക്കുംകൂടി നൽകേണ്ടിവരുന്ന സീറ്റിൽ പ്രധാനമായും നഷ്ടം പേറേണ്ടി വരുന്നത് കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന സി.പി.എം., സി.പി.ഐ. കക്ഷികൾക്ക് തന്നെയായിരിക്കും. കേരള കോൺഗ്രസിന് 12 സീറ്റുകൾ നൽകേണ്ടിവന്നേക്കും. എൽ.ജെ.ഡി., ജെ.ഡി.എസ്. ലയനം നടക്കാഞ്ഞതിനാൽ രണ്ട് പാർട്ടികൾക്കും പ്രത്യേകം സീറ്റുകൾ വകയിരുത്തണം. രണ്ട് പ്രാവശ്യത്തിൽ കൂടുതൽ ജയിച്ചവർക്ക് വീണ്ടും കൂടുതൽ അവസരം നൽകേണ്ടെന്ന പൊതു ധാരണ സി.പി.എമ്മിനുണ്ടെങ്കിലും ജയസാധ്യത നോക്കി അതിൽ ഇളവ് അനുവദിക്കും. ചെറുപ്പക്കാരുൾപ്പെടുന്ന വലിയൊരു നിരയെ അവതരിപ്പിക്കാനാണ് ശ്രമം. സർക്കാരിനെതിരായ ആരോപണങ്ങളും മറ്റും ഉയർത്തുന്ന എതിർതരംഗങ്ങൾ സ്ഥാനാർഥിമികവ് കൊണ്ട് മറികടക്കുകയാണ് ലക്ഷ്യം. സി.പി.ഐ.യാകട്ടെ ഒരുപടികൂടി കടന്നു. മൂന്നുപ്രാവശ്യത്തിൽ കൂടുതൽ മത്സരിച്ചവർക്ക് സീറ്റേ നൽകേണ്ടെന്നു തീരുമാനിച്ചു. ശബരിമല പ്രശ്നം, സ്പ്രിംഗ്ളർ കരാർ മുതൽ സ്വർണക്കടത്ത് വരെയുള്ള സംഭവങ്ങൾ , ആഴക്കടൽ മീൻപിടിത്ത കരാർ, പി.എസ്.സി. ഉദ്യോഗാർഥികളുടെ പ്രശ്നം, കോവിഡ് പ്രതിരോധം തുടങ്ങി സർക്കാരിനെതിരേ പ്രതിപക്ഷം ഒട്ടേറെ ആരോപണങ്ങളാണുയർത്തുന്നത്. എന്നാൽ, മത്സരം രാഷ്ട്രീയതലത്തിലേക്ക് ഉയർത്തുമ്പോൾ മതേതര കാഴ്ചപ്പാടിന് ലഭിക്കുന്ന സ്വീകാര്യത മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. Content Highlights:kerala assembly election 2021, LDF

from mathrubhumi.latestnews.rssfeed https://ift.tt/2NNdodE
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍