തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ 20-ൽ 19 സീറ്റും നേടി ആലസ്യത്തിലാണ്ട യു.ഡി.എഫിന് ഉറക്കത്തിൽലഭിച്ച അടിയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. അതിൽനിന്ന് ഞെട്ടിയുണർന്ന മുന്നണി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ നേരത്തെതന്നെ തുടങ്ങി. തദ്ദേശഫലം വന്ന ശേഷമുള്ള ആദ്യ യു.ഡി.എഫ്. യോഗത്തിൽത്തന്നെ മുന്നണിക്ക് കൂട്ടായ നേതൃത്വം വേണമെന്ന പൊതു ആവശ്യം ഘടകകക്ഷികൾ ഉയർത്തി. ഈ നിർദേശത്തെ ഗൗരവത്തോടെ കണ്ട കോൺഗ്രസ് ഹൈക്കമാൻഡ് പാർട്ടിക്ക് തിരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെന്ന പുതിയ സംവിധാനം കൊണ്ടുവന്ന് ഉമ്മൻചാണ്ടിയെ അതിന്റെ അധ്യക്ഷനാക്കിയത് ഒരു പരീക്ഷണമായിരുന്നു. രണ്ടുമാസമായി ഹൈക്കമാൻഡ് പ്രതിനിധികൾ ഓരോ മണ്ഡലത്തിലും ചുറ്റി താഴെത്തട്ടിലുള്ള പോരായ്മകൾ തീർത്ത് വരികയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ ഒരു സംഘത്തിനാണ് കേരളത്തിന്റെ നിരീക്ഷണ ചുമതല. എ.ഐ.സി.സി. ജനറൽസെക്രട്ടറി താരിഖ് അൻവർ സ്ഥിരംസാന്നിധ്യമായി സംസ്ഥാനത്തുണ്ട്. പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽവന്ന അകൽച്ച അകറ്റുക ആദ്യലക്ഷ്യമായെടുത്തു. ഓരോവിഭാഗത്തെയും കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ ചെന്നുകണ്ട് ബന്ധം ദൃഢമാക്കാനുള്ള ശ്രമം നടന്നുവരുന്നു. തിരഞ്ഞെടുപ്പ് അജൻഡ സെറ്റ് ചെയ്യുന്നതിന്റെ ആദ്യപടിയായാണ് ഉമ്മൻചാണ്ടി ശബരിമല പ്രശ്നം വീണ്ടും ഉയർത്തിയത്. അതിന് ഫലം കണ്ടു. ശബരിമല, പൗരത്വനിയമ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. സ്വർണക്കടത്ത് കേസ് മുതൽ ആഴക്കടൽ കരാർവരെ സർക്കാരിനെതിരേ ആരോപണങ്ങളുയർത്തി ഇടതുമുന്നണിയെ നേരിടാനാണ് യു.ഡി.എഫിന്റെ ശ്രമം. യു.ഡി.എഫിലും സീറ്റ് വിഭജന ചർച്ചകൾ നേരത്തെ തുടങ്ങി. കഴിഞ്ഞപ്രാവശ്യം കോൺഗ്രസ് മത്സരിച്ച 87 സീറ്റിലും മുസ്ലിം ലീഗ് മത്സരിച്ച 24 സീറ്റിലും ഇപ്രാവശ്യം വർധനയുണ്ടാകും. കേരള കോൺഗ്രസ് ജോസ് വിഭാഗം വിട്ടുപോയെങ്കിലും പി.ജെ. ജോസഫ് കൂടുതൽ സീറ്റുകൾക്കായി പിടിമുറുക്കുന്നത് ചർച്ചകൾ നീണ്ടുപോകാൻ ഇടയാക്കിയേക്കാം. ആർ.എസ്.പി.യുമായി ചില സീറ്റുകളിൽ വെച്ചുമാറ്റത്തിനാണ് സാധ്യത. ബി.ജെ.പി.-കോൺഗ്രസ് കൂട്ടുകെട്ടെന്ന ഇടതു പ്രചാരണത്തെ മറികടക്കാൻ കോൺഗ്രസ് ദുർബലപ്പെടുന്നതാണ് ബി.ജെ.പി.ക്ക് നേട്ടമെന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്. വിവിധ കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചതും മറ്റും ചൂണ്ടിക്കാട്ടി ബി.ജെ.പി.-ഇടത് ധാരണയുണ്ടെന്ന പ്രചാരണമായിരിക്കും യു.ഡി.എഫിന്റെ പ്രധാന ആയുധം. Content Highlights:kerala assembly election 2021, UDF
from mathrubhumi.latestnews.rssfeed https://ift.tt/3kuRgAF
via IFTTT
0 അഭിപ്രായങ്ങള്‍