ചെങ്ങാലിക്കോടൻ: മണ്ണിന്റെ സവിശേഷതയിൽ വിരിഞ്ഞ താരം

തൃശ്ശൂർ: തലപ്പിള്ളി താലൂക്കിന്റെ സ്വകാര്യ അഹങ്കാരമായ ചെങ്ങാലിക്കോടൻ നേന്ത്രന് മാറ്റുകൂട്ടുന്നത് മണ്ണിന്റെ സവിശേഷതയാണെന്ന് ജില്ലാ മണ്ണ് പര്യവേക്ഷണ കേന്ദ്രത്തിന്റെ പഠനത്തിൽ വ്യക്തമായി . കുലയുടെ ഭംഗി, പഴത്തിന്റെ തേൻമധുരം, കായയുെട സവിശേഷാകൃതി, സ്വർണവർണം എന്നതിനെല്ലാം കാരണം ഇവിടത്തെ മണ്ണിന്റെ ഉള്ളടക്കമാണെന്നാണ് കണ്ടെത്തൽ. മച്ചാട് മലനിരകളിൽ നിന്നുള്ള എക്കൽ മണ്ണ് ഒലിച്ചിറങ്ങി കൃഷിയിടത്തിൽ എത്തുന്നതും ഇതിൽ ചെങ്കൽമണ്ണിന്റെ സ്വാഭാവിക മിശ്രണം നടക്കുന്നതുമാണ് ചെങ്ങാലിക്കോടനെ തലപ്പൊക്കമുള്ള നേന്ത്ര ഇനമാക്കുന്നത് . ഇൗ മണ്ണ് സസ്യമൂലകങ്ങളാൽ സന്പുഷ്ടമാണ്. തലപ്പിള്ളി താലൂക്കിൽനിന്ന് ഇൗ സവിശേഷ മണ്ണ് എവിടേയ്ക്കും ഒലിച്ചു പോകുന്നതുമില്ല. അധികവും ജൈവരീതിയിലുള്ള കൃഷിയും ഇവിടത്തെ പ്രാദേശിക കാലാവസ്ഥയും സവിശേഷ ഗുണങ്ങളോടെ വളരാൻ സഹായിക്കുന്നു. ഭൗമസൂചികാ പദവി ലഭിക്കുന്നതിനും ഇത് കാരണമായി. വരവൂർ പഞ്ചായത്തിൽനിന്ന് 66, മുള്ളൂർക്കര പഞ്ചായത്തിൽനിന്ന് 106, എരുമപ്പെട്ടി പഞ്ചായത്തിൽനിന്ന് 35 എന്നിങ്ങനെ മണ്ണ് സാന്പിളെടുത്താണ് പഠനം നടത്തിയത്. കുഴിയെടുക്കുന്നതിന് പകരം ചാലുകീറി നടുന്നതും നടുന്നതിന് മുമ്പ് മണ്ണ് ചൂടുപിടിപ്പിക്കുന്നതും ചെങ്ങാലിക്കോടനെ ചന്തത്തിൽ വളരാൻ വഴിയൊരുക്കുന്നുണ്ടെന്നും കണ്ടെത്തി. മണ്ണ് മാറുന്നത് ഭീഷണി ഇവിടത്തെ സവിശേഷ മണ്ണിനേയും ചെങ്ങാലിക്കോടനേയും ബാധിക്കുന്ന രീതിയിൽ ഇപ്പോൾ വളപ്രയോഗം നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മണ്ണിൽ അമ്ലാംശം കൂടിയിട്ടുണ്ട്. അയേൺ, മാംഗനീസ്,ഫോസ്ഫറസ് എന്നിവയും കൂടുതലാണ്. ഇത് മറ്റ് മൂലകങ്ങളുടെ ആഗിരണത്തെ തടഞ്ഞ് ചെങ്ങാലിക്കോടന്റെ സ്വാഭാവികത നഷ്ടമാക്കുമെന്നും പഠനത്തിൽ പറയുന്നു. ചെങ്ങാലിക്കോടൻ ചരിത്രം തലപ്പിള്ളി നാട്ടുരാജ്യമായിരുന്ന കാലത്ത് സമീപരാജ്യമായിരുന്നു ചെങ്ങഴിക്കോട്. ചെങ്ങഴി നന്പ്യാൻമാർക്കായിരുന്നു ഭരണാവകാശം. ചെങ്ങഴിക്കോട് രാജ്യത്ത് വിളവെടുക്കുന്ന രുചിയും ഗുണവും ഭംഗിയുമുള്ള നേന്ത്രക്കുലയുടെ മഹിമ മറ്റ് രാജ്യങ്ങളിലുമെത്തി. അതോടെ ശ്രീപദ്മനാഭ ക്ഷേത്രത്തിൽ നടക്കുന്ന മുറജപത്തിലെ കാഴ്ചദ്രവ്യം ചെങ്ങഴിക്കോട് നിന്നുള്ള നേന്ത്രക്കുലയായി. പിന്നീട് കാഴ്ചക്കുലയുമായി ചെങ്ങഴിക്കോട് നേന്ത്രൻ മാറി. ചെങ്ങഴിനാട്ടിൽ പിറവി കൊണ്ട് അവിടെ മാത്രം വളരുന്ന നേന്ത്രൻ കാലക്രമത്തിൽ ചെങ്ങാലിക്കോടനായി പേര് മാറുകയായിരുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/3qunP4l
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍