ഒടുവില്‍ 83 കാരനായ സ്റ്റാന്‍ സ്വാമിക്ക് സ്‌ട്രോയും സിപ്പറും അനുവദിച്ചു

മുംബൈ : ഭീമ കൊരേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് സ്റ്റാൻസ്വാമിക്ക് സ്ട്രോയും സിപ്പറും ജയിലധികൃതർ നൽകുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ. ഒരുമാസത്തോളം നീണ്ട ആവശ്യത്തിനു ശേഷം സ്ട്രോയും സിപ്പറും തലോജ അധികൃതർ നൽകുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സ്ട്രോയും സിപ്പറും നൽകണമെന്ന് ഏതാനും ദിവസം മുമ്പ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് ജയിലധികൃതർ സ്ട്രോയും സിപ്പറും നൽകിയത്. ഹാർഡ്ഡിസ്ക് കോപ്പിയടങ്ങിയ തന്റെ ബാഗ് എൻഐഎ തിരിച്ചു നൽകണമെന്നും തലോജ ജയിലിൽ നിന്ന് തന്നെ മാറ്റരുതെന്നതടക്കം ആവശ്യപ്പെട്ടുള്ള മൂന്ന് ഹർജിയും കോടതിയിൽ നൽകി. ഒരാഴ്ച മുമ്പ് തന്നെ സ്റ്റാൻ സ്വാമിക്ക് ജയിലിൽ സിപ്പർ നൽകിയിരുന്നെന്ന് എൻഐഎ അധികൃതർ അറിയിച്ചു.പാർക്കിൻസൺസ് രോഗമുള്ളതിനാൽ സ്വന്തമായി കൈകൊണ്ട് വെള്ളം കുടിക്കാനുള്ള ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് അദ്ദേഹം. അതിനാലാണ് സ്ട്രോയ്ക്കും സിപ്പറിനും അപേക്ഷ കൊടുത്തത്. എന്നാൽ ജയിലധികൃതർ നൽകാത്തതിനെത്തുടർന്ന് കോടതിയെ സമീപിച്ചിരുന്നു. കോടതിയാണ് സ്ട്രോയും സിപ്പറും നൽകാനുള്ള ഉത്തരവിട്ടത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തന്നെ അറസ്റ്റു ചെയ്തപ്പോൾ പിടിച്ചെടുത്ത സ്ട്രോയും സിപ്പർ കപ്പും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റാൻ സ്വാമി പുണെ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അവ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതിയിൽ എൻഐഎ സത്യവാങ്മൂലം നൽകി. ഇതോടെ സ്റ്റാൻ സ്വാമിയുടെ അപേക്ഷ പുണെയിലെ പ്രത്യേക കോടതി തള്ളി. ഇതേത്തുടർന്ന് ജയിലിൽ സ്ട്രോയും സിപ്പറും ശൈത്യകാല വസ്ത്രങ്ങളും ഉപയോഗിക്കാൻ അനുമതി തേടി സ്വാമി വീണ്ടും കോടതിയെ സമീപിച്ചു. ഹർജിയിൽ ജയിൽ അധികൃതരുടെ മറുപടി ആരാഞ്ഞ കോടതി ഹർജി ഡിസംബർ നാലിലേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര നാഡീവ്യൂഹത്തെ ദുർബലപ്പെടുത്തുന്ന രോഗാവസ്ഥയാണ് പാർക്കിൻസൺസ്. വിറയലും പേശികളുടെ സങ്കോചവും രോഗികൾക്ക് ഉണ്ടാകുന്നതിനാൽ പാനീയങ്ങൾ കുടിക്കുന്നത് അടക്കമുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസം നേരിടും. രോഗികളിൽ ചിലർക്ക് ചവയ്ക്കാനും ഭക്ഷണം കഴിക്കാനും പോലും ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഭീമാ കൊറേഗാവിലെ യുദ്ധ സ്മാരകത്തിന് സമീപം 2018 ജനുവരി ഒന്നിനാണ് സംഘർഷമുണ്ടായത്. തൊട്ടു തലേദിവസം പുണെയ്ക്ക് സമീപം നടന്ന ഏകതാ പരിഷത്ത് സമ്മേളനത്തിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത് എന്നാണ് ആരോപിക്കപ്പെടുന്നത്. സ്റ്റാൻ സ്വാമിക്ക് സിപിഎം (മാവോയിസ്റ്റ്) സംഘടനയുമായി ബന്ധമുണ്ടെന്നും അക്രമത്തിന് പ്രേരണ നൽകിയതിൽ അദ്ദേഹത്തിനും പങ്കുണ്ടെന്നുമാണ് (എൻഐഎ) പറയുന്നത്. content highlights:Activist Stan Swamy gets straw and sipper in jail, files fresh plea seeking his bag

from mathrubhumi.latestnews.rssfeed https://ift.tt/3mM9Vs9
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍