ന്യൂഡൽഹി: വിവാഹവേദികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിൽ. മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലയിലെ ഗുൽഖേരി ഗ്രാമത്തിൽനിന്നുള്ള സന്ദീപ്(26) ഹൻസ് രാജ്(21) സാന്ത് കുമാർ(32) കിഷൻ(22) ബിഷാൽ(20) എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ടുപേരെയുമാണ് ഡൽഹി പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഡൽഹിയിൽനിന്ന് മധ്യപ്രദേശിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ പോലീസിന്റെ വലയിലായത്. ഡൽഹി. എൻ.സി.ആർ. മേഖലകളിൽ വിവാഹവേദികൾ കേന്ദ്രീകരിച്ച് മോഷണം പതിവായതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച പോലീസ് വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു. വിവിധ ഓഡിറ്റോറിയങ്ങളിലും ഫാംഹൗസുകളിലും ഹോട്ടലുകളിലും നിരീക്ഷണവും ഏർപ്പെടുത്തി. തുടർന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രത്യേക പരിശീലനം നൽകിയാണ് കുട്ടികളെ ഇവർ മോഷണത്തിന് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഡൽഹി, എൻ.സി.ആർ, മേഖലകളിലും ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിലുമായിരുന്നു മോഷണം. വിവാഹവേദികളിൽ അതിഥികളെന്ന വ്യാജേന എത്തുന്ന പ്രതികൾ മറ്റുള്ളവരുമായി സംസാരിച്ച് അടുപ്പം സ്ഥാപിക്കും. മാന്യമായി വസ്ത്രം ധരിച്ചെത്തുന്ന മോഷ്ടാക്കൾ ആർക്കും ഒരു സംശയത്തിനും ഇടനൽകിയിരുന്നില്ല. ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാകും മോഷണം. അവസരം ഒത്തുവരുന്നതോടെ സ്വർണാഭരണങ്ങളോ പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ അടങ്ങിയ സമ്മാനപ്പൊതികൾ അടിച്ചുമാറ്റി കടന്നുകളയും. ഒരു മാസത്തോളം പ്രത്യേക പരിശീലനം നൽകിയതിന് ശേഷമാണ് 9 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളെ ഇവർ മോഷണത്തിന് ഉപയോഗിച്ചിരുന്നത്. മധ്യപ്രദേശിലെ ഗ്രാമത്തിൽനിന്ന് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് കുട്ടികളെ മോഷണത്തിന് എത്തിക്കുന്നത്. കുട്ടികളെ വിട്ടുനൽകുന്ന മാതാപിതാക്കൾക്ക് 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ നൽകും. തുടർന്ന് ഡൽഹിയിലെത്തിക്കുന്ന കുട്ടികൾക്ക് വിവാഹവേദികളിൽ എങ്ങനെ പെരുമാറണമെന്ന് ഉൾപ്പെടെ പരിശീലനം നൽകും. ഇതിനുശേഷമാണ് മറ്റുള്ളവരോടൊപ്പം മോഷണത്തിൽ പങ്കാളികളാക്കുന്നത്. ആരെങ്കിലും പിടിക്കപ്പെട്ടാൽ സംഘത്തിലെ മറ്റുള്ളവരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന കർശന നിബന്ധനയുമുണ്ടായിരുന്നു. കഴിഞ്ഞദിവസം പ്രതികളെ പിടികൂടിയതോടെ എട്ടിടങ്ങളിൽ നടന്ന മോഷണക്കേസുകൾ തെളിഞ്ഞതായി പോലീസ് പറഞ്ഞു. നാല് ലക്ഷം രൂപയും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പ്രതികളിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. Content Highlights:gang arrested in delhi for theft in wedding venues
from mathrubhumi.latestnews.rssfeed https://ift.tt/2JsLSQP
via IFTTT
0 അഭിപ്രായങ്ങള്‍