പിണറായി: സെൽഫിയെടുക്കുന്നതിനിടെ പുഴയിൽവീണ ആളെ രക്ഷിക്കാൻ ശ്രമിച്ചയാൾ മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി കൃഷ്ണദാസ് (54) ആണ് മരിച്ചത്. പിണറായി പടന്നക്കരയിലെ പുഴയോര വിശ്രമകേന്ദ്രത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.പെരളശ്ശേരിയിൽ ക്ഷേത്രദർശനത്തിനെത്തിയതാണ് സ്ത്രീകളും കുട്ടികളുമുൾപ്പടെ ഏഴുപേരടങ്ങുന്ന സംഘം. മടക്കയാത്രയിൽ ഉച്ചഭക്ഷണത്തിനായാണ് പിണറായി പടന്നക്കരയിലെ പുഴയോര വിശ്രമകേന്ദ്രത്തിലെത്തിയത്. കൂടെവന്നവർ ഭക്ഷണംകഴിക്കുന്നതിനിടെ ഡ്രൈവറായ ഫൈസൽ സെൽഫിയെടുക്കാനായി പുഴക്കരയിലേക്ക് പോയി. മത്സ്യ കൃഷിക്കായി മരപ്പലകയിൽ തീർത്ത തടയണയ്ക്ക് മുകളിൽ കയറി സെൽഫി എടുക്കുന്നതിനിടെ പലക ഇളകി പുഴയിൽവീണ ഫൈസലിന്റെ നിലവിളി കേട്ടാണ് കൃഷ്ണദാസ് പുഴയിൽ ചാടിയത്. ശക്തിയായ ഒഴുക്കുള്ളതിനാൽ കൃഷ്ണദാസും ഒഴുക്കിൽപ്പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ യുവാക്കളാണ് ഇരുവരെയും കരക്കെത്തിച്ചത്. സ്ഥലത്തെത്തിയ പിണറായി എസ്.ഐ. പി.വി.വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും ആശുസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കൃഷ്ണദാസ് മരിച്ചു.ഫൈസൽ തലശ്ശേരി സഹകരണ ആസ്പത്രിയിൽ ചികിത്സയിലാണ്. കൃഷ്ണദാസിന്റെ മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3lLe0LM
via IFTTT
0 അഭിപ്രായങ്ങള്‍