പുറത്തുവരുന്നത് ശക്തമായ തെളിവുകളുള്ള വിവരങ്ങൾമാത്രം; പറയാനാവാത്ത സത്യങ്ങൾ ഏറെയെന്നും കെ.ജി.സൈമൺ

പത്തനംതിട്ട: ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽപോലും പുറത്തുവരുന്നത് ശക്തമായ തെളിവുകളുള്ള വിവരങ്ങൾ മാത്രമായിരിക്കും. എന്നാൽ, സത്യസന്ധമായും ആത്മാർഥമായും ജോലിചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥൻ മനസ്സിലാക്കുന്ന പല കാര്യങ്ങളുമുണ്ട്. അതിനെ തെളിവുകളുടെ പട്ടികയിൽ ഉൾപ്പെടുത്താനാവില്ല, പുറത്തുപറയാനും കഴിയില്ല. പറയുന്നത് കെ.ജി.സൈമൺ. കൂടത്തായി കൂട്ടക്കൊല ഉൾപ്പെടെ കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ കേസുകളുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥൻ. മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട ഒൗദ്യോഗിക ജീവിതത്തിൽനിന്ന് വ്യാഴാഴ്ച അദ്ദേഹം വിരമിച്ചു. പത്തനംതിട്ട എസ്.പി. ആയിരുന്നു.കൂടത്തായി കേസിൽ പുറത്തുവരാത്ത നിഗൂഢതകൾ ഉണ്ടോയെന്ന ചോദ്യത്തോടാണ് കെ.ജി.സൈമൺ പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും തെളിവുകളും പൊതുജനങ്ങളുടെ മുൻപിലുണ്ട്. മറ്റ് പല കാര്യങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. അതിനൊന്നും തെളിവുകളില്ല.ദീർഘമായ സർവീസ് കാലയളവിലെ അനുഭവങ്ങളെക്കുറിച്ച് പുസ്തകമെഴുതാനുള്ള ആലോചനയുണ്ട് കെ.ജി.സൈമണിന്. കൂടത്തായി കേസ് ഉൾപ്പെടെ തുമ്പുകളില്ലാതിരുന്ന 52 കൊലക്കേസുകൾ തെളിയിച്ചിട്ടുണ്ട്.പലപ്പോഴും ചില തോന്നലുകൾ അല്ലെങ്കിൽ നിമിത്തങ്ങളൊക്കെയാണ് വലിയ കണ്ടെത്തലുകളിലേക്ക് നയിക്കുന്നത്. പ്രതികളെ സഹായിക്കാനും അവർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കിക്കൊടുക്കാനും ആളുകളുണ്ടാകുമ്പോഴാണ് അന്വേഷണത്തിൽ ബുദ്ധിമുട്ടുകൾ വരുന്നത്.അബ്കാരി മിഥിലാ മോഹന്റെ കൊലപാതകത്തിൽ സൂക്ഷ്മനിരീക്ഷണത്തിലൂടെ സൈമൺ നടത്തിയ അന്വേഷണം ഫലം കണ്ടു. തമിഴ്നാട്ടിൽനിന്നുള്ള വാടകക്കൊലയാളികളിലേക്ക് എത്തിച്ചേരുംമുമ്പ് തെളിവുകളെല്ലാം ശേഖരിച്ചു. കോട്ടയത്തെ മാത്യുവിനെ കൊന്ന പ്രതിയെ പിടിച്ചതും ഏറെനാളത്തെ അന്വേഷണത്തിനുശേഷമാണ്. തെളിവുകൾ എവിടെയെങ്കിലും അവശേഷിക്കും. അതിലേക്കെത്താനാണ് ബുദ്ധിമുട്ട്. ആ ഘട്ടം കഴിഞ്ഞാൽ പിന്നീടെല്ലാം മുറയ്ക്ക് നടക്കും.പത്തനംതിട്ടയിലും സൈമണെ കാത്തിരുന്നത്‌ വ്യത്യസ്തമായ സംഭവങ്ങൾ. കൊടുമണ്ണിലെ വിദ്യാർഥിയെ സഹപാഠികൾ കൊന്ന് കുഴിച്ചുമൂടിയത്, കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ചത്, പോപ്പുലർ ഫിനാൻസ് തട്ടിപ്പ് എന്നീ കേസുകൾ അവയിൽ ചിലത്. എല്ലാത്തിലും പ്രതികളെ നിയമത്തിന് മുൻപിലെത്തിച്ച ശേഷമാണ് വിരമിക്കൽ.റാന്നി സ്വദേശിനി ജസ്‌നയുടെ തിരോധാനക്കേസിൽ അന്വേഷണപുരോഗതി ഉണ്ടെന്നും കെ.ജി.സൈമൺ പറഞ്ഞു. പലതും അറിയാം, കണ്ടെത്തിയിട്ടുമുണ്ട്. തീരുമാനമാകാതെ വെളിപ്പെടുത്താനാവില്ല. ശുഭപ്രതീക്ഷയുണ്ട്. അടുത്ത അന്വേഷണ ഉദ്യോഗസ്ഥന് വിവരങ്ങൾ നൽകിയാണ് സ്ഥാനം ഒഴിയുന്നത്.1984-ൽ തുമ്പ എസ്‍.െഎ. ആയി തുടങ്ങിയ സർവീസ് ജീവിതത്തിനിടയിൽ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. ഭാര്യ അനില പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറായി വിരമിച്ചു. അവിനാശും സൂരജുമാണ് മക്കൾ. കേരള പോലീസിന് മുതൽക്കൂട്ടാകുന്ന അനുഭവ സമ്പത്തുമായി തൊടുപുഴ കയ്യാലയ്ക്കകത്ത് വീട്ടിൽ ഇൗ കണിശക്കാരൻ ഇനി വിശ്രമജീവിതം നയിക്കും.

from mathrubhumi.latestnews.rssfeed https://ift.tt/350wliC
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍