കോഴിക്കോട്: കോവിഡിനുപിന്നാലെ കുട്ടികളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (എം.ഐ.എസ്.-സി.) എന്ന അവസ്ഥ കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. 1976-ൽ ജപ്പാനിൽ ആദ്യമായി കണ്ടെത്തിയ കവാസാക്കി രോഗത്തിനു സമാനമായ ലക്ഷണങ്ങളാണിതിനുള്ളത്. കൃത്യസമയത്തു ചികിത്സിച്ചില്ലെങ്കിൽ ഹൃദയപേശികളെവരെ ബാധിക്കാം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ 15 കുട്ടികൾ ഇതിനകം ചികിത്സതേടി. മൂന്നുപേരുടെ നില ഗുരുതരമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊച്ചിയിലെ ആശുപത്രികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും കോവിഡ് പടർന്ന് രണ്ടുമാസത്തിനുശേഷം റിപ്പോർട്ടുചെയ്ത എം.ഐ.എസ്.-സി. ഏഷ്യയിൽ ആദ്യം കണ്ടെത്തുന്നത് കോഴിക്കോടാണ്. ഏപ്രിൽ അവസാനവാരമായിരുന്നു ഇത്. പിന്നീട് രാജ്യത്തിന്റെ പലഭാഗത്തും സ്ഥിരീകരിച്ചു. ചികിത്സിച്ചു ഭേദമാക്കാം കൃത്യസമയത്ത് കണ്ടെത്തി മരുന്നുനൽകിയാൽ പൂർണമായും ഭേദമാക്കാം. കോവിഡ് സ്ഥിരീകരിക്കാത്തവരാണെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. ഉടൻ ചികിത്സതേടുക. ചികിത്സയ്ക്കെത്തിയാൽ ആന്റിബോഡി പരിശോധന നടത്തി കോവിഡ് വന്നുപോയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കും. അതിനുശേഷമാണ് മരുന്നുനൽകുക. ലക്ഷണങ്ങൾ * കണ്ണിലും വായിലും ചുവപ്പ് * ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പനി * ശരീരത്തിൽ തടിച്ചുപൊങ്ങൽ * കൈകാലുകളിലെ ചുവപ്പും വീക്കവും * ശക്തമായ വയറുവേദനയും വയറിളക്കവും എന്താണ് എം.ഐ.എസ്.-സി. കോവിഡ് വൈറസിനോടുള്ള ശരീരത്തിന്റെ പ്രതിരോധമാണ് യഥാർഥത്തിൽ ഈയവസ്ഥ. അഞ്ചുശതമാനം പേരിലേ ഗുരുതരമാവാറുള്ളൂ. ഗുരുതരമായാൽ ഹൃദയപേശികളെ ബാധിക്കുന്ന മയോകാർഡൈറ്റിസ് അവസ്ഥയിലേക്കെത്താം. ശ്വാസകോശം, വൃക്ക, ദഹനവ്യവസ്ഥ, തലച്ചോറ്, തൊലി, കണ്ണ്, രക്തധമനികൾ എന്നിവയെയും ബാധിക്കാം. അപൂർവം കേസുകളിൽ മരണവും സംഭവിക്കാം. * ചികിത്സ-ഐ.വി. ഇമ്യൂണോഗ്ലോബുലിൻ, സ്റ്റിറോയ്ഡ്സ് എന്നിവ ഉപയോഗിച്ച് ''കേരളത്തിൽ കോവിഡ് വ്യാപനം കൂടുതലായ ഇടങ്ങളിൽനിന്നെല്ലാം എം.ഐ.എസ്.-സി. റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡ് വന്ന് ഒന്നോ രണ്ടോ മാസങ്ങൾക്കുശേഷമാണ് ഇത് പ്രകടമാവുക. 2010-ൽ എച്ച്-1 എൻ-1 രോഗം പടർന്നപ്പോഴും പലരിലും ഈയവസ്ഥ സ്ഥിരീകരിച്ചിരുന്നു. പക്ഷേ, കോവിഡിനൊപ്പം കൂടുതൽ പേരിൽ കാണുന്നു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ കുട്ടികൾക്ക് രോഗം ബാധിക്കാൻ സാധ്യതയുണ്ട്.'' -ഡോ. അജയ് വി., പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ്, ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്.
from mathrubhumi.latestnews.rssfeed https://ift.tt/3lQbUue
via IFTTT
0 അഭിപ്രായങ്ങള്‍