കോഴിക്കോട്: ബി.ജെ.പിയെ എതിർക്കുന്നവരെയും അവർക്കിഷ്ടമില്ലാത്തവരെയും വരുതിക്ക് നിർത്താൻ ഇ.ഡി., സി.ബി.ഐ. ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് എൽ.ജെ.ഡി.സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ എം.പി. ആരോപിച്ചു. 2014 മുതൽ ഇത് തുടരുകയാണ്. ഓരോദിവസവും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പത്രസമ്മേളനം നടത്തി പലരുടെയും പേരുപറയും. പിന്നീട് അതിനനുസരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെടുക്കുന്ന രീതിയാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രേയാംസ് കുമാർ. മേയ് വരെ ഇ.ഡി. ഇത്തരം നാടകങ്ങൾ തുടരും. തിരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടുപോവുകയാണ് ലക്ഷ്യം. സ്വർണക്കടത്ത് അന്വേഷിക്കാനാണ് വന്നത്. പക്ഷേ, ആ കേസ് എവിടെപ്പോയെന്നും ശ്രേയാംസ്കുമാർ ചോദിച്ചു. കേരളത്തിനുപുറത്ത് എത്ര കോൺഗ്രസുകാർക്കെതിരേയാണ് കേസുകളുള്ളത്. കേരളത്തിൽ മാത്രമാണ് കേന്ദ്രഏജൻസികളെ കോൺഗ്രസ് അനുകൂലിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നത് തടയാനാണ് യു.ഡി.എഫും ബി.ജെ.പി.യും ശ്രമിക്കുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം ആറായിരം കോടിയുടെ പദ്ധതിയാണ് കിഫ്ബിവഴി നടപ്പാക്കിയത്. സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടേകാൽ ലക്ഷം വീടുകൾ പണിതു. കോഴിക്കോട് ബീച്ച് ആശുപത്രിയുൾപ്പെടെയുള്ളവയെ മികവുറ്റതാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫും വെൽഫെയർപാർട്ടിയും തമ്മിലുള്ള ബന്ധം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. കോൺഗ്രസ് എത്രനിഷേധിച്ചാലും പലസ്ഥലങ്ങളിലും ബാന്ധവം ശക്തമാണ്. കോൺഗ്രസ് ഒരുമതേതര മൂല്യമുള്ളപാർട്ടിയായിരുന്നതുകൊണ്ട് സാധാരണ കോൺഗ്രസ് പ്രവർത്തകന് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടാവും. ആർ.എസ്.എസിന്റെയും ഇവരുടെയും അജൻഡ സമാനമാണ്. പിന്നെ എങ്ങനെയാണ് കോൺഗ്രസിന് ഇവരുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നത്. യു.ഡി.എഫും ബി.ജെ.പി.യുമായും അവിശുദ്ധ രാഷ്ട്രീയബന്ധം ഉണ്ട്. വടകര നഗരസഭയിലടക്കം പലയിടത്തും അവർക്ക് പൊതുസ്ഥാനാർഥികളാണ്. ബി.ജെ.പി. മൂവായിരം ഇടങ്ങളിൽ മത്സരിക്കുന്നില്ല എന്നത് അവിശുദ്ധ ബന്ധത്തിന് തെളിവാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3lJMsGU
via IFTTT
0 അഭിപ്രായങ്ങള്‍