പാലക്കാട്: വർഷങ്ങൾപഴക്കമുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ. ആലപ്പുഴ പതുവൽ കൊമ്മാടിയിലെ സുശീല എവിടെപ്പോകുമ്പോഴും ഈ ഫോട്ടോ കൈയിലെ കവറിലുണ്ടാവും. ആറുവർഷംമുമ്പ് കാണാതായ മകൻ വിനോദിന്റെ ഫോട്ടോയാണിത്. വെള്ളിയാഴ്ച രാത്രി പാലക്കാട്ടെത്തിയപ്പോഴും ഫോട്ടോ കൈയിലുണ്ടായിരുന്നു. മുൻപൊരിക്കൽ ഇതുപോലെ കാണാതായപ്പോൾ പാലക്കാട്ടെ ഒരു ആശ്രമ പരിസരത്തുനിന്ന് കണ്ടെത്തിയാണ് തിരിച്ചുകൊണ്ടുപോയത്. അതുപോലെ ഇത്തവണയും... കാണും, കാണാതിരിക്കില്ല. 66 കാരിയായ സുശീല പ്രതീക്ഷ കൈവിടുന്നില്ല.പെറ്റമ്മയായ എനിക്ക് എന്റെ കുഞ്ഞിനെ വേണം- സുശീലാമ്മയ്ക്ക് കണ്ണീർ അടക്കാനായില്ല. ആലപ്പുഴയിൽനിന്ന് കൊച്ചുമകൾ രശ്മിയെയും ഭർത്താവ് കണ്ണനെയും കൂട്ടിയാണ് അമ്മയെത്തിയത്. രശ്മിക്ക് അമ്മാവനെ സ്കൂളിൽപ്പഠിക്കുന്ന കാലത്ത് കണ്ട ഓർമയാണ്. സുശീലയുടെയും ഭർത്താവ് രാജുവിന്റെയും മൂന്ന് മക്കളിൽ രണ്ടാമനായിരുന്നു വിനോദ്. 16വർഷം മുമ്പേ രാജു മരിച്ചതോടെ കുടുംബത്തിന്റെ ചുമതലക്കാരൻ വിനോദായി. അധ്വാനിയായിരുന്നു വിനോദ്. മണ്ണഞ്ചേരി സ്വദേശിനിയുമായി വിവാഹം കഴിഞ്ഞു. മൂന്ന് മക്കളുമുണ്ട്. ഇടക്കെപ്പോഴോ മനസ്സിന് ചെറിയൊരു താളംതെറ്റലുണ്ടായി. 2013-ൽ വീട്ടിനകത്ത് ഉറങ്ങിക്കിടന്ന മകനെ കണ്ടുകൊണ്ടാണ് സുശീല പുറത്തേക്കുപോയത്. തിരികെയെത്തിയപ്പോൾ ആളില്ലായിരുന്നു. 2014- ഒക്ടോബറിലാണ് വീണ്ടും കാണാതാവുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3qvpBlZ
via IFTTT
0 അഭിപ്രായങ്ങള്‍