പിന്നോട്ടില്ല..അഞ്ചാംവട്ട ചർച്ചയും പാളി

ന്യൂഡൽഹി: രാജ്യതലസ്ഥാനാതിർത്തി സ്തംഭിപ്പിച്ച് കർഷകർ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ വിളിച്ച അഞ്ചാംവട്ടചർച്ചയും പരാജയം. മിനിമം താങ്ങുവില ഉറപ്പുനൽകാമെന്നും ആശങ്കകൾ പരിഹരിക്കാമെന്നും ശനിയാഴ്ച വിജ്ഞാൻഭവനിൽനടന്ന ചർച്ചയിൽ കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ആവർത്തിച്ചു. എന്നാൽ, കാർഷികനിയമങ്ങൾ പിൻവലിക്കുമോ ഇല്ലയോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന ആവശ്യത്തിൽ കർഷകനേതാക്കൾ ഉറച്ചുനിന്നു. ഒരുഘട്ടത്തിൽ ചർച്ച ബഹിഷ്കരിക്കുമെന്നുകൂടി നേതാക്കൾ മുന്നറിയിപ്പുനൽകി. സർക്കാർതലത്തിൽ വിഷയം ചർച്ചചെയ്യാൻ സമയംവേണമെന്ന് മന്ത്രി അഭ്യർഥിച്ചു. പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ കർഷകനേതാക്കൾക്ക് ഒമ്പതിന് രേഖാമൂലം നൽകുമെന്നും അന്നേദിവസം വീണ്ടും ചർച്ചയാവാമെന്നുമുള്ള ധാരണയിൽ ശനിയാഴ്ച പിരിഞ്ഞു. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഭാരതബന്ദുമായി മുന്നോട്ടുപോവുമെന്ന് നേതാക്കൾ പറഞ്ഞു. ചർച്ചയ്ക്കുമുമ്പായി രാവിലെ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കൃഷിമന്ത്രി തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, സമരം ഉടൻ തീർപ്പാക്കിയില്ലെങ്കിൽ ട്രാക്ടറുകളുമായി റിപ്പബ്ളികദിന പരേഡിനെത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ മുന്നറിയിപ്പു നൽകി. സമരം അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്നതും ഹരിയാണയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയപ്രശ്നമായി മാറുന്നതും സർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. കാനഡ, ബ്രിട്ടൻ ഉൾപ്പെടെ പഞ്ചാബിസമൂഹം കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് സമരത്തിന് പിന്തുണയേറുന്നുണ്ട്. സമരങ്ങളിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ വിവിധ പാർട്ടികളുടെ പ്രതിനിധികളായ 36 എം.പി.മാർ വിദേശകാര്യസെക്രട്ടറി ഡൊമനിക് റാബിന് കത്തയച്ചു. ഇന്ത്യയുടെ എതിർപ്പിനെ തള്ളി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും കർഷകസമരങ്ങൾക്ക് പിന്തുണയറിയിച്ചതും ഈ പശ്ചാത്തലത്തിലാണ്. ജനങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് സമരത്തിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭയും പ്രതികരിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/36LYMSQ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍