കട്ടപ്പന: കാഞ്ചിയാർ പള്ളിക്കവലയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 50 വയസ്സുകാരി കൊല്ലപ്പെട്ട കേസിലെ പ്രതിയെ ക്രൈം ബ്രാഞ്ച് സംഘം കാഞ്ചിയാറിൽ എത്തിച്ച് തെളിവെടുത്തു. കേസിലെ പ്രതി കൽക്കൂന്തൽ ഈട്ടിത്തോപ്പ് പതാലിപ്ലാവിൽ ഗിരീഷു(38)മായാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിന് എത്തിയത്. സ്ഥലത്ത് എത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് സ്ത്രീ മരിച്ചുകിടന്ന വീട്, കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിച്ചുവെച്ച സ്ഥലവും കൊലപാതകശേഷം രക്ഷപ്പെട്ട വഴിയും പ്രതി കാണിച്ചുനൽകി. 2008 ആഗസ്റ്റിലാണ് കാഞ്ചിയാർ കൈപ്പറ്റയിൽ 50-കാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ടത്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. 2008 ഒക്ടോബറിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പി. പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിച്ച ശേഷം പ്രതിയെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനിടെ എതിർത്ത സ്ത്രീയെ വീട്ടിലുണ്ടായിരുന്ന തവിയും വാക്കത്തിയും ഉപയോഗിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. സ്ത്രീയുടെ മുഖത്തും കഴുത്തിലും തലയിലുമേറ്റ പരിക്കാണ് മരണ കാരണമായത്. 2002-ൽ അയൽവാസിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് 12 വർഷം ശിക്ഷിക്കപ്പെട്ടയാളാണ് ഗിരീഷ്. 2016-ൽ സ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരേ പോക്സോ വകുപ്പ് പ്രകാരം എടുത്ത കേസ് വിചാരണയിലാണ്. ഇൻസ്പെക്ടർ ഷിന്റോ പി. കുര്യൻ, എസ്.ഐ മാരായ എം.പി. മോനച്ചൻ, സജി പോൾ, സിജു ജോസഫ്, സി.പി.ഒമാരായ, ബിജേഷ്, അനീഷ്, പി.പി.ഫ്രാൻസിസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. അമ്പരപ്പും രോഷവുമായി നാട്ടുകാർ പോലീസ് വാഹനം സ്ഥലത്ത് എത്തിയപ്പോളാണ് പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്ന കാര്യം നാട്ടുകാർ അറിഞ്ഞത്. മിനിറ്റുകൾക്കകം നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. ചിലർ രോഷം പ്രകടിപ്പിച്ചപ്പോൾ ചിലർക്ക് അമ്പരപ്പായിരുന്നു. കുട്ടികളെ പാട്ടും ഡാൻസും കായിക ഇനങ്ങളും പരിശീലിപ്പിച്ചുകൊണ്ടിരുന്ന ഗിരീഷ് കേസിൽ പ്രതിയാകുമെന്ന് കരുതിയില്ലെന്ന് നാട്ടുകാർ പറയുന്നു. ഗിരീഷ് ഉൾപ്പെടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 19 പേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു. ഇവരെ പലതവണ ചോദ്യംചെയ്യലിന് വിധേയമാക്കി. യഥാർഥ പ്രതിയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേസിൽ സംശയത്തിന്റെ മുനയിൽനിന്നിരുന്ന മറ്റുള്ളവർ. Content Highlights:kanchiyar murder case accused arrested after 12 years
from mathrubhumi.latestnews.rssfeed https://ift.tt/2Id0GSL
via IFTTT
0 അഭിപ്രായങ്ങള്‍