തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി.) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാംകാമ്പസ് ആർ.എസ്.എസ്. സർസംഘ ചാലക് ഗോൾവാൾക്കറിന്റെ പേരിലായിരിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ. ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്‌ഷൻ എന്നാണ് കാമ്പസ് അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന്റെ (ഐ.ഐ.എസ്.എഫ്.) ആതിഥേയ സ്ഥാപനമായ രാജീവ്ഗാന്ധി സെന്ററിൽനടന്ന ആമുഖസമ്മേളനത്തിൽ നൽകിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആക്കുളത്താണ് ആർ.ജി.സി.ബി.യുടെ രണ്ടാംകാമ്പസ് തയ്യാറായിട്ടുള്ളത്. ഇടത്തരം, വൻകിട സാങ്കേതികനൂതനത്വ കേന്ദ്രമായിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു. കോശസൂക്ഷ്മാണു അധിഷ്ഠിത ചികിത്സാഗവേഷണത്തിനാവശ്യമായ അത്യാധുനികസൗകര്യങ്ങളുള്ളതാകുമിത്. അർബുദ ഔഷധങ്ങളുടെ പരിശോധന, രോഗപ്രതിരോധ ചികിത്സാ ഗവേഷണം, സ്റ്റെംസെൽ മാറ്റിവെക്കൽ, ജീൻ ചികിത്സ, സൂക്ഷ്മാണു അവസ്ഥയിലുള്ള അർബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവ ഇവിടെയുണ്ടാകും. ഇതുകൂടാതെ നിക്ഷേപകർ, സംരംഭകർ, ബയോടെക്, ബയോഫാർമ കമ്പനികൾ തുടങ്ങിയവർക്ക് ടെസ്റ്റ് ആൻഡ് പ്രൂഫിനായി അത്യാധുനികസംവിധാനം ഒരുക്കും. ബയോടെക് സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേറ്റർ സംവിധാനവും ഇവിടെയുണ്ടാകും. ബയോടെക്‌നോളജി രംഗത്ത് വൻവികസനമാകും ഈ കേന്ദ്രത്തിലൂടെയുണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു.ആർ.ജി.സി.ബി. ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്, വിജ്ഞാൻഭാരതി ദേശീയ സംയോജകൻ ജയന്ത് സഹസ്രബുദ്ധെ, കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് ജോയന്റ് സെക്രട്ടറി ചന്ദ്രപ്രകാശ് ഗോയൽ തുടങ്ങിയവരും സംസാരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3mKxFNs
via IFTTT
0 അഭിപ്രായങ്ങള്‍