സൗരോർജ ഇസ്തിരിപ്പെട്ടി: തമിഴ് വിദ്യാർഥിനിയെ തേടി ആഗോള പുരസ്കാരം

വിനീഷ ഉമാശങ്കർ ചെന്നൈ: കരികൊണ്ടുള്ള ഇസ്തിരിപ്പെട്ടിയുണ്ടാക്കാവുന്ന പരിസ്ഥിതി പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ പതിന്നാലുകാരി വിനീഷ ഉമാശങ്കർ നേടിയത് ആഗോള അംഗീകാരം. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടി വണ്ടിയാണ് വിനീഷ രൂപകല്പന ചെയ്തത്. ഇതിന് സ്വീഡൻ ആസ്ഥാനമായുള്ള ചിൽഡ്രൻസ് ക്ലൈമറ്റ് ഫൗണ്ടേഷന്റെ ചിൽഡ്രൻസ് ക്ലൈമറ്റ് പ്രൈസ് ലഭിച്ചു. 8.6 ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. തമിഴ്നാട്ടിലെ തിരുവണ്ണാമല സ്വദേശിയാണ് ''മരങ്ങൾവെട്ടി കത്തിച്ചാണ് കരിയുണ്ടാക്കുന്നത്. ഇന്ത്യയിൽ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് വസ്ത്രങ്ങൾ തേച്ചുനൽകുന്ന ഒരുകോടിയോളംപേരുണ്ടെന്നാണ് കണക്ക്. ദിവസവും അരലക്ഷം ടൺ കരിയാണ് ഇതിനായി കത്തിക്കുന്നത്. ഈ കരിയുണ്ടാക്കാൻ എത്രയധികം മരങ്ങൾ വെട്ടേണ്ടിവന്നിട്ടുണ്ടാകും?'' പ്രകൃതിസംരക്ഷണത്തിന്റെ ഈ ചിന്തയാണ് സൗരോർജ ഇസ്തിരിപ്പെട്ടി വണ്ടി രൂപകല്പന ചെയ്യാൻ പ്രേരണയായതെന്ന് വിനീഷ പറയുന്നു. വൈദ്യുതി ഇസ്തിരിപ്പെട്ടി ഉപയോഗം ലാഭകരമാകാത്ത സാധാരണക്കാർക്കും സൗരോർജത്തിന്റെ സാധ്യതകൾതേടാം . സൗരോർജപാനലുകൾ മേൽക്കൂരയിൽ ഘടിപ്പിച്ച സഞ്ചരിക്കുന്ന ഇസ്തിരിപ്പെട്ടി വണ്ടിയാണ് വിനീഷ രൂപകല്പന ചെയ്തത്. 100 ആംപിയർ ശേഷിയുള്ള ബാറ്ററിയിലേക്കാണ് പാനലിൽനിന്ന് വൈദ്യുതിയെത്തുക. പാനലിൽനിന്ന് മണിക്കൂറിൽ 250 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ബാറ്ററി പൂർണമായി ചാർജായിക്കഴിഞ്ഞാൽ ആറുമണിക്കൂറോളം ഇസ്തിരിപ്പെട്ടി ഉപയോഗിക്കാം. അഹമ്മദാബാദിലെ നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞരാണ് വിനീഷയുടെ ആശയത്തിന് ജീവൻ നൽകി ആദ്യമാതൃക തയ്യാറാക്കിയത്. ഈ ആശയത്തിന് 2019-ലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇഗ്നൈറ്റ് അവാർഡും ലഭിച്ചിരുന്നു. പതിനെട്ടുവയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്ക് ലഭിക്കുന്ന ഉയർന്ന സിവിലിയൻ പുരസ്കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാലശക്തി പുരസ്കാരത്തിന്റെ 2021-ലെ അന്തിമ പട്ടികയിലും വിനീഷ ഉൾപ്പെട്ടിട്ടുണ്ട്. തിരുവണ്ണാമല എസ്.കെ.പി. വനിത ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ബിസിനസ് കൺസൽട്ടന്റായ ഉമാശങ്കറിന്റെയും അധ്യാപികയായ സംഗീതയുടെയും മകളാണ്.

from mathrubhumi.latestnews.rssfeed https://ift.tt/39IDLKs
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍