സ്വപ്ന എന്തിന് മൊഴിമാറ്റി...?

കൊച്ചി: സ്വർണക്കടത്ത് അന്വേഷണം തുടങ്ങി അഞ്ചുമാസത്തോളം ആവർത്തിച്ച മൊഴികൾ സ്വപ്നാ സുരേഷ് പൊടുന്നനെ മാറ്റിയത് എന്തിനെന്ന ചോദ്യമുയരുന്നു. എം. ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു സ്വപ്നയുടെ ഇതുവരെയുള്ള മൊഴി. പുതിയ മൊഴിയിൽ ശിവശങ്കറിന് ‘എല്ലാം അറിയാമായിരുന്നു’ എന്നാണുള്ളത്. ഈ മൊഴിമാറ്റത്തിൽ അന്വേഷണ ഏജൻസികൾക്കും ദുരൂഹമായ മൗനമാണ്. കോടതിയിൽ സമർപ്പിച്ച പുതിയ മൊഴിക്കൊപ്പം സ്വപ്ന എന്തിന് മൊഴിമാറ്റി എന്നതിന് ഉത്തരം നൽകിയിട്ടുമില്ല. അന്വേഷണം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ മജിസ്‌ട്രേറ്റിനുമുന്നിൽ സ്വപ്ന നൽകുന്ന രഹസ്യമൊഴിയിൽ പുതിയ വെളിപ്പെടുത്തലുകളോ മൊഴിമാറ്റങ്ങളോ ഉണ്ടാകുമെന്നാണ് കരുതുന്നത്. അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്ന സ്വപ്നയുടെ മൊഴികളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യംചെയ്യപ്പെടുകയാണ്.സ്വർണക്കടത്തിൽ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തത്. ജൂലായ് 11-ന് എൻ.ഐ.എ. സ്വപ്നയെയും സന്ദീപ് നായരെയും ബെംഗളൂരുവിൽനിന്നും പിടികൂടി. തൊട്ടടുത്ത ദിവസം കൊച്ചിയിലെത്തിച്ചു. അന്നുമുതൽ നവംബർ 10-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പുതിയ മൊഴി നൽകുന്നതുവരെ എം. ശിവശങ്കറിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്നാണ് സ്വപ്ന ആവർത്തിച്ചിരുന്നത്. സ്വപ്ന ശിവശങ്കറിനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് അന്വേഷണ ഏജൻസികൾ ഇതിനെ ന്യായീകരിക്കുന്നത്. പക്ഷേ, എന്തിന് രക്ഷിക്കാൻ ശ്രമിച്ചു എന്നതിന് ഉത്തരമില്ല.സ്വർണക്കടത്ത് അന്വേഷണത്തിൽ കസ്റ്റംസിന് പ്രതി നൽകുന്ന മൊഴി, കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരവും ഇ.ഡി.ക്ക് നൽകുന്ന മൊഴി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ.) സെക്ഷൻ 50 പ്രകാരവുമാണ്. ഇവ രണ്ടും കോടതിയിൽ തെളിവുമൂല്യമായി കണക്കാക്കുന്നതാണ്. ഈ മൊഴികളാണ് സ്വപ്നാ സുരേഷ് മാറ്റിപ്പറഞ്ഞിരിക്കുന്നത്.സ്വപ്നയുടെ പുതിയ മൊഴിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയും അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ശിവശങ്കറിന് ജാമ്യം നിഷേധിച്ചുള്ള വിധിയിൽ നവംബർ 10-ലെ മൊഴി സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ടെന്നും ഏതെങ്കിലും വാഗ്ദാനങ്ങളുടെ പുറത്തുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/3qvpBT1
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍