കോഴിക്കോട്: സിപിഎം പ്രാദേശിക നേതാക്കളുടെ ആക്രമണത്തിനിടെ ഗർഭസ്ഥശിശുവിനെ നഷ്ടപ്പെടുകയും വീട് വിട്ട് പോവേണ്ടിവരികയും ചെയ്ത ജ്യോത്സ്ന ജോസും ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കൂരാച്ചുണ്ട് ഡിവിഷനിൽ നിന്ന് ബിജെപി സ്ഥാനാർഥിയായാണ് ജ്യോത്സ്ന മത്സരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഗുണപരമായ പ്രവർത്തനങ്ങൾ നടത്തണമെന്ന ഉദ്ദേശത്തോടെയാണ് മത്സരിക്കാൻ ഇറങ്ങിയത്, താൻ നേരിട്ട നിസ്സഹായവസ്ഥ ഇനിയൊരാൾക്കും ഉണ്ടാവരുത്. തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചല്ല പൊതുരംഗത്ത് തുടരുന്നതെന്നും ജ്യോത്സ്ന പറഞ്ഞു. അയൽവാസികൾ തമ്മിലുള്ള വഴക്ക് ആക്രമണത്തിൽ കാലശിച്ചതിനെ തുടർന്നാണ് കോടഞ്ചേരി തേനംകുഴിയിൽ ജ്യോത്സ്ന ജോസിന് ഗർഭസ്ഥശിശുവിനെ നഷ്ടപ്പെട്ടത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടിൽക്കയറിയായിരുന്നു ആക്രമണം. 2018 ജനുവരി 28നായിരുന്നു സംഭവം. അക്രമത്തിനിടയ്ക്ക് നാഭിക്ക് ചവിട്ടേറ്റാണ് നാലരമാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചത്. സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ഭീഷണി മൂലം വീട് വിട്ട് താമസിക്കുകയായിരുന്നു ജ്യോത്സ്നയും ഭർത്താവ് സിബിയും. സ്വന്തം വീട്ടിൽ നിന്ന് 40 കി.മീ ദൂരെ വാടകവീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വികെ ഹസീനയും യുഡിഎഫ് സ്ഥാനാർഥി ഗീതാ ചന്ദ്രനുമാണ് കൂരാച്ചുണ്ടിൽ മത്സര രംഗത്തുള്ള മറ്റുള്ളവർ. Content Highlights:Woman who had miscarriage in CPM leader's attack is contesting from Koorachund, Balussery
from mathrubhumi.latestnews.rssfeed https://ift.tt/37ffg4K
via IFTTT
0 അഭിപ്രായങ്ങള്‍