ലഖ്നൗ: മകൾ പീഡിപ്പിക്കപ്പെട്ടത് തങ്ങൾ താഴ്ന്ന ജാതിക്കാരായതിനാലെന്ന് ഹാഥ്റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. മൊഴി മാറ്റാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഇപ്പോഴും ഭീഷണിയും സമ്മർദ്ദവും തുടരുകയാണെന്നും പെൺകുട്ടിയുടെ പിതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നീതി നടപ്പാക്കപ്പെടണം. ഞങ്ങൾക്ക് ജീവിക്കാൻ ഭയമാണ്. ആളനക്കം ഇല്ലാതാകുമ്പോൾ ഞങ്ങളുടെ ഭാവിയെന്താകുമെന്ന് പറയാനാവില്ല. അധികൃതർ ഇപ്പോഴും ഭീഷണിയും സമ്മർദ്ദവും ചെലുത്തുകയാണ്. താഴ്ന്ന ജാതിക്കാരായത് കൊണ്ടാണ് തന്റെ മകൾ പീഡിപ്പിക്കപ്പെട്ടത് പിതാവ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ജഡ്ജിയുടെ മേൽനോട്ടത്തിലാകണം സിബിഐ അന്വേഷണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സിബിഐ അന്വേഷണത്തിന് യോഗി ആദിത്യനാഥ് സർക്കാർ ശുപാർശ ചെയ്തത്. ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റിനെ മാറ്റണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നുണ്ട്. ജില്ലാ മജിസ്ട്രേറ്റ് ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യം രണ്ടു ദിവസം മുമ്പ് പുറത്ത് വന്നിരുന്നു. ഇയാളുടെ സാന്നിധ്യത്തിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരെ ബന്ദികളാക്കി അർധരാത്രി യുപി പോലീസ് സംസ്കരിച്ചതും. പ്രതിഷേധങ്ങളെ തുടർന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് മാധ്യമങ്ങളെ കാണാൻ ഇന്നലെ മുതലാണ് യുപി പോലീസ് അനുമതി നൽകിയത്. Content Highlights:hathras rape and murder-victims father responds
from mathrubhumi.latestnews.rssfeed https://ift.tt/2GelGI3
via IFTTT
0 അഭിപ്രായങ്ങള്‍