ഭാര്യയും സുഹൃത്തും ചേർന്ന്‌ യുവാവിനെ കൊലപ്പെടുത്തിയെന്ന്‌ പരാതി

നെയ്യാറ്റിൻകര: മണക്കാട് കല്ലാട്ടുമുക്ക് പൗർണമി നഗർ സെക്കന്റ് സ്ട്രീറ്റിൽ ബി.ആർ.ബിജു(38), ഭാര്യവീടായ തൊടുപുഴയിൽ വെച്ച് മരിച്ച സംഭവത്തിൽ ദുരൂഹത. ബിജുവിന്റെ ഇളയ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടര വർഷത്തിനുശേഷം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയ്ക്ക് സമീപത്തെ ബിജുവിന്റെ കുഴിമാടം പൊളിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തി. ബിജുവിന്റെ മരണത്തിന് പിന്നാലെ മൂത്തമകൻ ഏഴുവയസ്സുകാരൻ ആര്യൻ, ബന്ധുവും ബിജുവിന്റെ ഭാര്യയുടെ സുഹൃത്തുമായ അരുൺ ആനന്ദിന്റെ തുടർച്ചയായ ശാരീരിക പീഡനത്തെ തുടർന്ന് മരിച്ചിരുന്നു. ഈ കേസിൽ അരുൺ ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് ബിജുവിന്റെ മരണവും കൊലപാതകമായിരിക്കാമെന്ന് സംശയിക്കുന്നത്.2018 മേയ് 23-നാണ് മണക്കാട് കല്ലാട്ടുമുക്ക് പൗർണമി നഗറിൽ റിട്ട.പോസ്റ്റ്മാസ്റ്റർ എൻ.ഡി.ബാബുവിന്റെയും രമണിയുടെയും മകൻ ബി.ആർ.ബിജു തൊടുപുഴ കരിമണ്ണൂർ ചീനിക്കുഴി കല്ലൂർ വീട്ടിൽ വെച്ച് മരിച്ചത്. ആലുവ ടെക്‌നോപാർക്കിലെ പ്രോഗ്രാമറായിരുന്ന ബിജു ഭാര്യ അഞ്ജന ദിനേശിനും മക്കളായ ആര്യൻ, ആരുഷ് എന്നിവർക്കൊപ്പം കരിമണ്ണൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. വീട്ടിൽവെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട ബിജുവിനെ‌ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. തൊടുപുഴ താലൂക്ക്‌ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്‌ത ശേഷമാണ്‌ നെയ്യാറ്റിൻകരയിൽ കൊണ്ടുപോയി സംസ്‌കരിച്ചത്‌. അച്ഛൻ മരിച്ച ദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനുശേഷം അച്ഛന് നെഞ്ചുവേദന അനുഭവപ്പെട്ടെന്നുമാണ് ഇളയ മകൻ അഞ്ചുവയസ്സുകാരനായ ആരുഷ് മൊഴി നൽകിയത്. ബിജുവിന് പാലിൽ വിഷം കലർത്തി നൽകിയിരിക്കാമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനെ തുടർന്നാണ് ബിജുവിന്റെ മൃതദേഹം അടക്കിയ കുടുംബവീടായ അരങ്കമുകൾ ഇലവിൻമൂട് ചിത്തിരംപഴിഞ്ഞിയിലെ കല്ലറ തുറന്നത്. ബിജുവിന്റെ മരണശേഷം അഞ്ജനയും രണ്ട് മക്കളും അരുൺ ആനന്ദിനൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ വർഷം മാർച്ച് 27-ന് തൊടുപുഴയിലെ വീട്ടിൽ വെച്ച് അരുൺ ആനന്ദ് ഏഴു വയസ്സുകാരൻ ആര്യനെ ഭിത്തിയിലടിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ആര്യൻ ഏപ്രിൽ ആറിന് മരിച്ചു. ഈ കേസിൽ അരുൺ ആനന്ദിനെ കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അരുൺ ആനന്ദ് ഇപ്പോൾ ജയിലിലാണ്. ഈ കേസിൽ തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് അഞ്ജനയെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർ കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.ഇൗ സംഭവത്തിന് ശേഷമാണ് ബിജുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയത്. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ബിജുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് സി.ഐ. യൂനസ്, ഫോറൻസിക് വിഭാഗത്തിലെ ഡോ.ശശികല എന്നിവരുടെ നേതൃത്വത്തിലാണ് വീണ്ടും പോസ്റ്റുമോർട്ടം നടത്തിയത്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

from mathrubhumi.latestnews.rssfeed https://ift.tt/3mpr0aC
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍