മുംബൈ വിമാനത്താവള അഴിമതി, ജി.വി.കെ ഗ്രൂപ്പ് മേധാവി വെങ്കട കൃഷ്ണ റെഡ്ഡിക്കെതിരെ സിബിഐ കേസ്‌

മുംബൈ: വിമാനത്താവള അഴിമതിയുമായി ബന്ധപ്പെട്ട് ജി.വി.കെ ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയർമാൻ ജി. വെങ്കട കൃഷ്ണ റെഡ്ഡിക്കുംമുംബൈ അന്താരാഷ്ട്ര വിമാനത്താള കമ്പനിക്കും എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ചില ഉദ്യോഗസ്ഥരരെയും മറ്റ് ചില സ്വകാര്യ കമ്പനികളെപ്പറ്റിയും സിബിഐയുടെ കേസ് ഷീറ്റിൽ പരാമർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2012-2018 കാലത്ത് പൊതുഖജനാവിന് നഷ്ടം വരുത്തി 805 കോടി അനധികൃതമായി സമ്പാദിച്ചുവെന്നതാണ് കേസ്. മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനി സംയുക്ത സംരംഭമാണ്. വെങ്കട്ട കൃഷ്ണ റെഡ്ഡിയുടെ ജിവികെ എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ചില വിദേശ നിക്ഷേപകർ എന്നിവർ ചേർന്നാണ് കമ്പനി രൂപീകരിച്ചത്. ഇതിൽ ജിവികെ എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡിന് 50.5 ശതമാനം ഓഹരിയാണ് ഉള്ളത്. എയർപോർട്ട് അതോറിറ്റിക്ക് 26 ശതമാനം ഓഹരിയുമുണ്ട്. വെങ്കട കൃഷ്ണ റെഡ്ഡിയാണ് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ചെയർമാൻ. മകൻ ജി.വി. സഞ്ജയ് റെഡ്ഡി മാനേജിങ് ഡയറക്ടറും. മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും മുംബൈ വിമാനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് 2006-ൽ കരാർ ഒപ്പിട്ടു. ഇതുപ്രകാരം വിമാനത്താവളത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 38.7 ശതമാനം എയർപോർട്ട് അതോറിറ്റിക്ക് വാർഷിക ഫീസായി നൽകണം. ബാക്കി തുക വിമാനത്താവളത്തിന്റെ പരിപാലനമുൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കാം. എന്നാൽ ഈ തുക വെട്ടിക്കുന്നതിന്റെ ഭാഗമായി ഒമ്പത് സ്വകാര്യ കമ്പനികളുമായി ചേർന്ന് വ്യാജ കരാർ ഉണ്ടാക്കുകയും അതുവഴി 310 കോടിയോളം തുക തട്ടിയെടുക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. വിമാനത്താവളത്തിനു ചുറ്റുമുള്ള 200 എക്കർ ഭൂമിയുടെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കെന്ന പേരിലാണ് വ്യാജ കരാറുകൾ ഉണ്ടാക്കിയത്. 2017-18 കാലയളവിലായിരുന്നു ഇത്. ഇതിന് പുറമെ എയർപോർട്ട് അതോറിറ്റിക്ക് നഷ്ടം വരുത്തണമെന്ന ഉദ്ദേശത്തോടെ ജിവികെ ഗ്രൂപ്പിന്റെ പ്രമോട്ടർമാർ വിമാനത്താവളത്തിന് ലഭിച്ച അധിക ഫണ്ടുകൾ ഗ്രൂപ്പിലെ മറ്റ് കമ്പനികൾക്കായി വകമാറ്റാൻ കൂട്ടുനിന്നുവെന്നും സിബിഐ ആരോപിക്കുന്നു. 2012-18 കാലയളവിൽ വിമാനത്താവളത്തിനായി ചെലവഴിക്കേണ്ട 395 കോടിയോളം രൂപയാണ് ജിവികെ ഗ്രൂപ്പിന്റെ മറ്റ് കമ്പനികളിലേക്ക് വകമാറ്റിയതെന്ന് സിബിഐ പറയുന്നു. ഇതിനും പുറമെ വിമാനത്താവളത്തിന്റെ പ്രവർത്തനചെലവ് വർധിച്ചതായി വ്യാജ രേഖകൾ ഉണ്ടാക്കി 100 കോടിയോളം രൂപ വെട്ടിച്ചിട്ടുണ്ടൈന്നും സിബിഐയുടെ എഫ്ഐആറിൽ പറയുന്നു. ഇത്തരത്തിൽ ആകെ 805 കോടി രൂപയുടെ കുംഭകോണമാണ് ജിവികെ ഗ്രൂപ്പ് നടത്തിയതെന്നാണ് സിബിഐയ്ക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. എന്നാൽ അന്വേഷണത്തിൽ ഇവർ വെട്ടിച്ച തുക 1000 കോടിക്ക് മുകളിൽ വരുമെന്നാണ് സിബിഐ കണ്ടെത്തിയത്. Content Highlights:CBI Case Against GVK Group and Airports Authority Over Mumbai Airport Scam

from mathrubhumi.latestnews.rssfeed https://ift.tt/2AmaXIq
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍