എരുമപ്പെട്ടി: ഉണ്ണിക്കയുടെ ചായയ്ക്ക് ഈയിടെയായി നല്ല മധുരമാണ്. എരുമപ്പെട്ടി സ്റ്റേഷനിലെ പോലീസുകാരുടെ വാക്കുകളിലുമുണ്ട് ഇപ്പോൾ ചിരിയിൽപ്പൊതിഞ്ഞ ഒരു മധുരം. ചായഗ്ലാസുകളിലൊന്ന് സ്റ്റേഷനിൽ അടുത്തിടെ സിവിൽ പോലീസ് ഓഫീസറായി എത്തിയ സ്വന്തം മകനുകൂടിയായതുകൊണ്ടാണോ ഇതെന്ന നർമവും അവർ പങ്കുവെക്കുന്നു. മറുപടിയായി ഉണ്ണിക്കയുടെ ചുണ്ടിൽ വിനയംനിറഞ്ഞ ചിരി മാത്രം. എരുമപ്പെട്ടി കറപ്പംവീട്ടിൽ മുഹമ്മദ് എന്ന ഉണ്ണിക്കയ്ക്ക് ഇത് ഏറെ സന്തോഷമുള്ള ദിവസങ്ങളാണ്. പതിനെട്ടുവർഷമായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനുമുന്നിൽ ഉന്തുവണ്ടിയിൽ ചായക്കട നടത്തുന്നു. സ്റ്റേഷനുപിന്നിലെ വീട്ടിൽനിന്നു പുലരുംമുമ്പേ കടയിലെത്തും. സ്റ്റേഷനിലുള്ളവരുടെയും സമീപത്തുള്ളവരുടെയും ചായവിളി കാത്ത് രാത്രി ഏഴുവരെ അദ്ദേഹമുണ്ടാകും. മൂന്നു മക്കളുള്ള മുഹമ്മദും ഭാര്യ ഐഷയും സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും മക്കളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. മൂത്തമകൻ കെ.എം. ഷാഹിദ് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. പെൺമക്കൾ ഷാബിതയും ഷാജിതയും ബിരുദധാരികളാണ്. വിവാഹവും കഴിഞ്ഞു. മകൻ ഷാഹിദിന് ഒരു സർക്കാർജോലി കിട്ടണമെന്ന ആഗ്രഹമേ മുഹമ്മദിനുണ്ടായിരുന്നുള്ളൂ. ഒരു നിയോഗമെന്നപോലെ ആദ്യമെത്തിയത് പോലീസ് സേനയിലേക്കുള്ള വിളി. മകൻ അപേക്ഷ നൽകിയതുമുതൽ ഓരോ ചുവടിലും പോലീസ് സുഹൃത്തുക്കളുടെ ഉപദേശം കൂട്ടായുണ്ടായിരുന്നു. സിവിൽ പോലീസ് ഓഫീസർ പരിശീലനം കഴിഞ്ഞ് നവംബർ ഒന്നിനാണ് പാസിങ് ഔട്ട് പരേഡ് നടക്കേണ്ടിയിരുന്നത്. ഇതിനിടെ തീർത്തും അപ്രതീക്ഷിതമായി ഷാഹിദിനെ എരുമപ്പെട്ടി സ്റ്റേഷനിലേക്കു നിയോഗിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ പോലീസ് ഓഫീസർമാർക്ക് സഹായമേകാൻ ട്രെയിനികളെ വീടിനടുത്തുള്ള സ്റ്റേഷനുകളിലേക്കയക്കുകയായിരുന്നു. ഉണ്ണിക്കയുമായി ആത്മബന്ധമുള്ള പോലീസുകാർക്കു മാത്രമേ ഇവർ തമ്മിലുള്ള ബന്ധം അറിയാമായിരുന്നുള്ളൂ. ചുമതലയേറ്റ മകന് മുഹമ്മദ് ആദ്യമായി ചായകൊടുത്തപ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഇരുവരെയും അഭിനന്ദനങ്ങൾകൊണ്ട് മൂടി. Content Highlights: Story of shahid and his father
from mathrubhumi.latestnews.rssfeed https://ift.tt/2BWmzT2
via IFTTT
0 അഭിപ്രായങ്ങള്‍