ന്യൂഡൽഹി: കോവിഡ് പരിശോധനയ്ക്ക് സർക്കാർഡോക്ടറുടെ നിർദേശം വേണമെന്ന നിബന്ധന ഒഴിവാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം മാത്രം 2,29,588 പേർക്ക് ഇന്ത്യയിൽ കോവിഡ് പരിശോധന നടത്തി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനയുടെ എണ്ണം ഒരു കോടിയോടടുത്തു. വ്യാഴാഴ്ചവരെ 90,56,173 സാംപിളുകൾ പരിശോധിച്ചു. ഇനിമുതൽ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിർദേശമുണ്ടെങ്കിൽ ആർക്കും കോവിഡ് പരിശോധനയ്ക്ക് വിധേയരാവാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സ്വകാര്യമേഖലയിലെ ഡോക്ടർമാരുൾപ്പെടെ യോഗ്യതയുള്ള മെഡിക്കൽ പ്രാക്ടീഷണർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഐ.സി.എം.ആർ. മാർഗനിർദേശമനുസരിച്ച്, ഒരാൾക്ക് കോവിഡ് പരിശോധന നടത്തേണ്ട സാഹചര്യമുണ്ടെങ്കിൽ എത്രയുംവേഗം അതിനുള്ള സൗകര്യം ലഭ്യമാക്കണം. കോവിഡിനുള്ള മുഖ്യപരിശോധനയായ ആർ.ടി.-പി.സി.ആർ. ടെസ്റ്റിനുപുറമേ റാപ്പിഡ് ആന്റിജൻ പോയിന്റ് ഓഫ് കെയർ ടെസ്റ്റും നടത്തി പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാക്യാമ്പുകൾ, മൊബൈൽ വാനുകൾ എന്നിവയിലൂടെ കൂടുതൽ പരിശോധനകൾ നടത്താനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കോവിഡ് പരിശോധനയ്ക്കായി 1065 ലാബുകളാണ് രാജ്യത്ത് സജ്ജമാക്കിയിരിക്കുന്നത്. അതിൽ 768-ഉം സർക്കാർ ലാബുകളാണ്. ഇതോടെ പ്രതിദിന പരിശോധനകളുടെ എണ്ണവും വർധിച്ചു. Content Highlights: India crosses nine million Covid-19 tests; 1,065 testing labs across country
from mathrubhumi.latestnews.rssfeed https://ift.tt/2NOs4Wj
via IFTTT
0 അഭിപ്രായങ്ങള്‍