തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ്, സി.പി.എം., ലീഗ് ഒഴികെ പ്രാദേശിക നീക്കുപോക്കിന് ബി.ജെ.പി.

പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.ക്ക് പുറത്തുള്ള പാർട്ടികളുമായും പ്രാദേശിക നീക്കുപോക്കിന് ബി.ജെ.പി. തന്ത്രം മെനയുന്നു. യു.ഡി.എഫിലും എൽ.ഡി.എഫിലുമുള്ള പാർട്ടികളുമായി പ്രാദേശിക ധാരണകളാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനതലത്തിൽ ഒൗദ്യോഗിക ചർച്ചകളോ ധാരണകളോ ഉണ്ടാക്കില്ല. ജയസാധ്യത മുൻനിർത്തി പ്രാദേശിക സഖ്യങ്ങൾ രൂപപ്പെടുത്തും. പഞ്ചായത്ത്, മുനിസിപ്പൽ, വാർഡ് തലങ്ങളിലുള്ള നേതാക്കൾക്കായിരിക്കും ഇതിന്റെ ചുമതല. നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലായി കരുതപ്പെടുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പരമാവധി പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് സംസ്ഥാന നേതൃത്വം ഈ തീരുമാനം എടുത്തിരിക്കുന്നത്. കോൺഗ്രസ്, സി.പി.എം., ലീഗ്, എസ്.ഡി.പി.ഐ., വെൽഫയർ പാർട്ടി, പി.ഡി.പി. എന്നിവ ഒഴിച്ചുള്ള പാർട്ടികളുമായി വാർഡ് തലത്തിൽ വിജയസാധ്യത മുൻനിർത്തിയുള്ള നീക്കുപോക്കുകളാണ് ഉദ്ദേശിക്കുന്നതെന്ന് ഉന്നത പാർട്ടിനേതാക്കൾ പറഞ്ഞു.ഇതിനുപുറമേ വിവിധ സമുദായസംഘടനകളുമായും പ്രാദേശികതലത്തിൽ സഹകരിക്കും. സമുദായസംഘടനകളുടെ നേതാക്കളിൽ സ്വതന്ത്രരായി മത്സരിക്കാൻ താത്പര്യമുള്ളവരെ പിന്തുണക്കുക എന്ന തന്ത്രമായിരിക്കും പയറ്റുക. ഭൂരിപക്ഷ സമുദായസംഘടനകൾക്കുപുറമേ വിവിധ ക്രിസ്ത്യൻ സഭാ വിഭാഗങ്ങളുമായും ഇക്കാര്യത്തിൽ ചർച്ചകൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഈ നീക്കങ്ങളും പ്രാദേശികതലത്തിലായിരിക്കും. പ്രാദേശിക സഖ്യങ്ങൾ സംബന്ധിച്ച് താഴേ തട്ടിലുള്ള നേതാക്കൾക്ക് മാർഗനിർദേശം നൽകാൻ ജൂലായ് 15 മുതൽ 30 വരെ സംസ്ഥാനത്തുടനീളം പഞ്ചായത്ത് വാർഡ് തലത്തിൽ പാർട്ടി ശില്പശാല സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് ചുരുക്കം നേതാക്കളെ പങ്കെടുപ്പിച്ചായിരിക്കും ശില്പശാല. പഞ്ചായത്തുതലം വരെയുള്ള ശില്പശാലകളിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ പങ്കെടുക്കും. വാർഡ് തലങ്ങളിൽ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും.

from mathrubhumi.latestnews.rssfeed https://ift.tt/3dYw41r
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍