ശ്രീനഗർ/ന്യൂഡൽഹി: സ്പൈഡർമാന്റെ മുഖം പതിച്ച ഷർട്ടും കുട്ടിപ്പാന്റ്സുമിട്ട് മുത്തച്ഛൻ ബഷീർ അഹമ്മദ് ഖാനൊപ്പം (65) സോപോറിൽനിന്ന് കുപ്വാരയിലേക്കു പോകുമ്പോഴാണ് മൂന്നുവയസ്സുകാരൻ അയാദ് ഭീകരാക്രമണം നേരിട്ടത്. സോപോറിലെ മോഡൽ ടൗൺ ചൗക്കിൽ ബുധനാഴ്ച രാവിലെ അവരുടെ കാറെത്തുമ്പോൾ സി.ആർ.പി.എഫ്. ജവാൻമാരും ജമ്മുകശ്മീർ പോലീസുമുൾപ്പെട്ട സുരക്ഷാസേന ഭീകരരെ നേരിടുകയായിരുന്നു. രാവിലെ ഏഴരയോടെ ഇവിടെ ഡ്യൂട്ടിക്കെത്തിയ സേനാംഗങ്ങൾ ബസിൽനിന്നിറങ്ങുമ്പോൾ അടുത്തുള്ള പള്ളിയിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു. സേന തിരിച്ചടിച്ചു. ഈ ആക്രമണപ്രത്യാക്രമണമറിയാതെ ഇവിടേക്കു കാറോടിച്ചെത്തിയ അയാദിന്റെ മുത്തച്ഛൻ വണ്ടിനിർത്തി അവനുമായി ഇറങ്ങിയോടി. ഭീകരർ അവരെയും വെറുതെവിട്ടില്ല. വെടിയേറ്റ് ബഷീർ അഹമ്മദ് ഖാൻ വീണു. പേടിച്ചുപോയ കുട്ടി മുത്തച്ഛനെ വിട്ടുപോകാതെ അടുത്തിരുന്നു. മുത്തച്ഛൻ മരിച്ചെന്നറിയാതെ അദ്ദേഹത്തിന്റെ നെഞ്ചിൽക്കയറിയിരുന്ന അവന്റെ ഷർട്ടിന്റെ കൈയിലും ചോരപുരണ്ടിരുന്നു. അപ്പോഴൊന്നും അവൻ കരഞ്ഞില്ല. എല്ലാം കണ്ട് മരവിച്ചുപോയിരുന്നു ആ കുഞ്ഞ്. അപ്പോഴാണ് അല്പമകലെ പുല്ലിനിടയിൽ തോക്കുപിടിച്ചിരുന്നിരുന്നയാൾ അവനെ മാടിവിളിച്ചത്. ചുറ്റും ചീറിപ്പായുന്ന വെടിയുണ്ടകൾക്കിടയിലൂടെ അയാദ് അവിടേക്കുനടന്നു. യൂണിഫോമിട്ടവർ സ്പൈഡർമാനെപ്പോലെ രക്ഷിക്കുന്നവരാണെന്ന് അവനു തോന്നിയിരിക്കണം. വാരിയെടുത്ത സി.ആർ.പി.എഫ്. ജവാൻ പവൻ കുമാർ ചൗബേ വണ്ടിയിലെത്തിച്ചപ്പോഴാണ് അയാദിന്റെ സങ്കടം അണപൊട്ടിയൊഴുകിയത്. പോലീസുകാർ നൽകിയ ചോക്ലേറ്റിനോ പറഞ്ഞ ആശ്വാസവാക്കുകൾക്കോ ആ കുരുന്നിനെ ആശ്വസിപ്പിക്കാനായില്ല. ഏങ്ങിയേങ്ങിക്കരഞ്ഞ അവനെ ജമ്മുകശ്മീർ പോലീസ് വീട്ടുകാർക്കു കൈമാറി. ഏറ്റുമുട്ടലിൽ സി.ആർ.പി.എഫിന് ജവാനെ നഷ്ടമായി. ഹെഡ് കോൺസ്റ്റബിൾ ദീപക് ചന്ദ് വർമ ഭീകരരുടെ വെടിയേറ്റു മരിച്ചു. ഭോയ രാജേഷ്, ദീപക് പാട്ടീൽ, നീലേഷ് ചാവ്ഡെ എന്നീ ജവാൻമാർ പരിക്കേറ്റ് ആശുപത്രിയിലാണ്. സി.ആർ.പി.എഫിന്റെ 176-ാം ബറ്റാലിയനിൽ അംഗങ്ങളാണ് എല്ലാവരും. ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയുടെ വെടിയേറ്റാണ് അഹമ്മദ് ഖാൻ കൊല്ലപ്പെട്ടതെന്ന് ഒരു വിഭാഗം ബന്ധുക്കൾ ആരോപിച്ചെങ്കിലും സി.ആർ.പി.എഫ്. നിഷേധിച്ചു. ആ ദൗത്യം ശ്രമകരമായിരുന്നു -സോപോർ എസ്.എച്ച്.ഒ. ശ്രീനഗർ:“ഞങ്ങളവിടെയെത്തുമ്പോൾ എങ്ങും വെടിവെപ്പായിരുന്നു. ഒരു കുഞ്ഞ് അങ്ങൊട്ടുമിങ്ങോട്ടും നടക്കുന്നു”- ജമ്മുകശ്മീരിലെ സോപോറിലുണ്ടായ ഭീകരാക്രമണത്തിൽനിന്ന് മൂന്നുവയസ്സുകാരനെ രക്ഷിച്ചസംഭവം സ്റ്റേഷൻ ഹൗസ് ഓഫീസർ അസിം ഖാൻ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. എല്ലായിടത്തുനിന്നും വെടിയുണ്ട പാഞ്ഞുവരുന്നു. ഭീകരർ ഒളിച്ചിരുന്നത് പള്ളിയുടെ മച്ചിലായതിനാൽ മുകളിൽനിന്നും വെടിവെപ്പുണ്ടായിരുന്നു. മുകളിൽനിന്നുള്ള വെടിവെപ്പിലാണ് എല്ലാവർക്കും പരിക്കേറ്റത്. അവരിലൊരു ജവാനാണു മരിച്ചത്- ഖാൻ പറയുന്നു. പോലീസും സി.ആർ.പി.എഫും അവരുടെ വാഹനങ്ങൾകൊണ്ട് കുട്ടിക്കു മറതീർത്തു. എന്നിട്ട് കുട്ടിയെ അവിടെനിന്നെടുത്തു. അതു വളരെ ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അമ്മയുടെ അച്ഛനായിരുന്നു ഒപ്പമുണ്ടായിരുന്നത്. #WATCH Jammu & Kashmir Police console a 3-year-old child after they rescued him during a terrorist attack in Sopore, take him to his mother. The child was sitting beside his dead relative during the attack. pic.twitter.com/znuGKizACh — ANI (@ANI) July 1, 2020 Content Highlights: Boy, 3, Survives J&K Terror Attack, Pics Show Him Near Grandfathers Body
from mathrubhumi.latestnews.rssfeed https://ift.tt/2NPxqkl
via IFTTT
0 അഭിപ്രായങ്ങള്‍