തന്തൂരി കൊലപാതകത്തിന് 25 വര്‍ഷം; ഓര്‍മ്മകളുമായി നസീര്‍കുഞ്ഞ് ഇവിടെയുണ്ട്

നസീർകുഞ്ഞ് കൊല്ലം: ഡൽഹിയിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന സുശീൽകുമാർ തന്റെ ഭാര്യയായിരുന്ന നൈനാസാഹ്നവിയെ വെടിവെച്ച് കൊന്ന് തന്റെ ഹോട്ടിലിലെ തന്തൂരി അടുപ്പിൽ കത്തിക്കുമ്പോൾ പിടിക്കപ്പെട്ട സംഭവം രാജ്യമാകെ നടുക്കത്തോടെ കേട്ട വാർത്തയായിരുന്നു. 1995 ജൂലായ് 2 ന് നടന്ന സംഭവം പുറംലോകത്തെത്താനും കേസിലേക്കും ശിക്ഷയിലേക്കും നയിച്ചതിനും നിമിത്തമായത് ഒരു മലയാളി പോലീസ് കോൺസ്റ്റബിളിന്റെ സമയോചിതമായ ഇടപെടലായിരുന്നു. ആ പോലീസുകാരൻ ഇപ്പോൾ ഇവിടെയുണ്ട്. 25 വർഷം മുമ്പുള്ള ആ ദിനം അദ്ദേഹത്തിന്റെ ഓർമ്മകളിലും. 1995 ജൂലായ് 2-ന്യൂഡൽഹി. അന്നൊരു ഞായറാഴ്ചയായിരുന്നു. ഞാനും ഹോംഗാർഡ് ചന്ദ്രപാലും പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു. ഹോട്ടൽ അശോകാ യാത്രിനിവാസിന്റെ മുന്നിലെത്തിയപ്പോഴാണ് താഴെ ലോണിനു സമീപം ബാഗിയ റസ്റ്റോറന്റിന്റെ അടുക്കള ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ടത്. അകത്തോട്ട് ചെന്നപ്പോ അത് അവര് തന്നെ കത്തിക്കുന്നതാണെന്നായിരുന്നു സെക്യൂരിറ്റി പറഞ്ഞത്. വീണ്ടും അകത്തോട്ട് ചെന്നപ്പോൾ ഒരാൾ ഷാമിയാന പന്തലിന്റെ ഷീറ്റു പിടിച്ച് വഴി മറച്ച് നിൽപ്പുണ്ടായിരുന്നു. സുശീൽ ശർമ്മയായിരുന്നു ഇതെന്ന് പിന്നീടാണ് മനസിലായത്. ഞങ്ങൾ മുന്നോട്ട് നീങ്ങാൻ നോക്കിയപ്പോൾ അത് തിരഞ്ഞെടുപ്പിന്റെ ബാനറും മറ്റും കത്തിക്കുകയാണ് നിങ്ങൾ പൊയ്ക്കോ എന്നു പറഞ്ഞു. പക്ഷെ മുകളിലത്തെ നിലയിലേക്ക് പടരും വിധം തീ ആളുന്നുണ്ടായിരുന്നു. ഞങ്ങൾ പിൻഭാഗത്തെ മതിലു ചാടി അകത്തേക്ക് ചെന്നു. ഇതിനിടയ്ക്ക് 100ൽ വിളിച്ച് കൺട്രോൾ റൂമിലും ഫയർ ബ്രിഗേഡിലും അറിയിച്ചു. അവർ മിനിറ്റുകൾക്കകം എത്തി തീ കെടുത്തി. മുകളിലെ കെട്ടിടത്തിലേക്ക് തീ പടർന്നിട്ടുണ്ടോ എന്നു നോക്കാൻ ചെന്നപ്പോ അണഞ്ഞ തീയിൽ നിന്ന് ഒരു വെളുത്ത പുക ഉയരുന്നു. വല്ലാത്ത മണവും. ശവം ദഹിപ്പിക്കുന്ന പോലെ. എനിക്കെന്തോ സംശയം. അങ്ങിനെ താഴോട്ട് വന്ന് കനലുകൾ തട്ടി നോക്കിയപ്പോൾ കുടലുകളും കൊമ്പും പോലെ എന്തോ തോന്നി. ആടിനെ ചുടുകയാണെന്നായിരുന്നു അവിടെയുണ്ടായിരുന്ന കേശവ് കുമാർ പറഞ്ഞത്. പക്ഷെ വീണ്ടും തട്ടിനോക്കിയപ്പോ ഒരു സ്ത്രീയുടെ ശരീരം ആണെന്ന് മനസിലായി. കേശവിനെ കയ്യോടെ പിടിച്ച് തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവം പുറത്ത് വന്നത്. അല്ലെങ്കിൽ നൈനസാഹ്നിയുടെ ജീവിതം ഒരു പക്ഷെ പുറംലോകം അറിയാതെ ഈ തന്തൂരി അടുപ്പിൽ വെണ്ണയ്ക്കും വിറകിനുമൊപ്പം വെണ്ണീരായി ഒടുങ്ങിയേനേ. നസീർ കുഞ്ഞിപ്പോൾ കൊല്ലം ഓച്ചിറയക്കടുത്തുള്ള ചങ്ങൻകുളങ്ങരയ്ക്ക് കിഴക്ക് എം.ഐ.എം ജുമാമസ്ജിദിനരികിലെ വീട്ടിലാണ്. ഡൽഹി പോലീസിന്റെ കേസന്യേഷണ ചരിത്രത്തിൽ തിളക്കമുള്ളൊരു ഏട് സമ്മാനിച്ചിട്ടും പിൽക്കാലത്ത് ഏറ്റ അവഗണനകളോട് പോരാടി മടുത്ത് ജോലിയിൽ നിന്ന് വിടുതൽ വാങ്ങി വന്നിരിക്കുകയാണ് അദ്ദേഹം. അന്ന് എനിക്ക് നേരിട്ട് പ്രമോഷൻ തന്നു. ഹെഡ്കോൺസ്റ്റബിൾ ആയി. വാർത്ത കണ്ട് ഒരുപാട് പേർ സഹായധനവും അയച്ചു. എല്ലാ ഡിപ്പാർട്മെന്റ് വഴിയായിരുന്നു. ചെറിയ സഹായങ്ങളൊക്കെ എനിക്ക് കിട്ടി. മുംബൈയിലെ ഒരു വ്യവസായി ഒരു അംബാസിജർ കാർഡ് റിവാർഡായി തന്നിരുന്നു. എന്നാൽ ഡിപ്പാർട്ട്മെന്റ് ഒബ്ജക്ട് ചെയ്തതുകൊണ്ട് അതൊന്നും സ്വീകരിച്ചില്ല. പിന്നീട് കേസിന്റെ വിചാരണവേളയിൽ ധാരാളം ഭീഷണികളും, വഴങ്ങുന്നില്ലെന്ന് കണ്ടപ്പോ 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു. അതിനും വഴങ്ങിയില്ല. അങ്ങിനെ സുശീൽകുമാറിനെ ആദ്യം വധശിക്ഷയ്ക്കും പിന്നെ ജീവപര്യന്തം തടവിനുമാണ് ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞ് സുശീൽ കുമാർ 2018ലാണ് പുറത്തിറങ്ങുന്നത്. എനിക്ക് അന്ന് കിട്ടിയ പ്രമോഷനാണ്. പിന്നെ എന്നെ ഡിപ്പാർട്ട്മെന്റ് വല്ലാതെ അവഗണിച്ചു. എന്റെ ജൂനിയർ ആയ ആൾക്കാർക്ക് എന്നെക്കാൾ ശമ്പളം. ഞാൻ ഇത് ചോദ്യം ചെയ്ത് കോടതിയിൽ പോയി. എല്ലായിടത്തും കേസ് ജയിച്ചെങ്കിലും ഇപ്പോൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. മനസ് മടുത്ത് ഞാൻ 2012 ൽ സ്വമേധയാ വിരമിച്ച് ഇങ്ങ് പോന്നതാ. ഇപ്പോഴും കേസ് തുടരുന്നുണ്ട്. അന്ന് ഈ കേസിന്റെ സമയത്ത് കരുണാകരൻ ഡൽഹിയിൽ വന്നപ്പോ ഞാൻ പോയി കണ്ടിരുന്നു. എനിക്ക് ഭീഷണിയുള്ള കാര്യമെല്ലാം പറഞ്ഞെങ്കിലും അദ്ദേഹം അതൊന്നും ശ്രദ്ധിച്ചില്ല. പക്ഷെ എ.കെ ആന്റണി ഡൽഹിയിൽ വന്നപ്പോ എന്നെ വിളിപ്പിച്ച് അഭിനന്ദിച്ചിരുന്നു. അങ്ങിനെ കുറേ ഓർമ്മകളുണ്ട് ഈ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പങ്കുവെക്കാൻ. ലോട്ടറി തട്ടിപ്പ്, അനധികൃത ഡോളർ പിടിച്ച സംഭവം തുടങ്ങിയ ചില കേസന്യേഷണസംഘത്തിലും നസീർകുഞ്ഞ് ഉണ്ടായിരുന്നു. കേസിന്റെ നാൾ വഴികൾ *1984ൽ ഡൽഹിലെ ഒരു പത്രപ്രവർത്തകൻ വഴിയാണ് ശർമ നൈനയുമായി പരിചയപ്പെടുന്നത്. 1986 ഡൽഹി എൻ.എസ്.യു പ്രസിഡണ്ടായ ശർമ്മ നൈനയെ സംസ്ഥാന സെക്രട്ടറിയായി നിയമിക്കുന്നു. *ആ ബന്ധം വളർന്നു. അവർ രഹസ്യമായി വിവാഹിതരായി *മന്ദിർമാർഗിലെ നമ്പർ8-2 ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് നൈനയെ അവിടെ താമസിപ്പിച്ചു. ശർമ്മ വന്നും പോയുമിരുന്നു *ന്യൂഡൽഹി അസംബ്ളി തിരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ നേതൃത്വവുമായി ശർമ ഇടഞ്ഞു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി തട്ടിക്കയറി രാജീവ് ഗാന്ധി ഗുലാംനബി ആസാദിനോട് ശർമയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ടു. പുറത്തായെങ്കിലും നേതാക്കളുമായി ഉറ്റബന്ധം നിലനിർത്തി *ഈ ഉന്നതല ബന്ധം വെച്ചാണ് മറ്റ് സുഹൃത്തുക്കളുമായി ചേർന്ന് ബാഗിയ റെസ്റ്റോറന്റ് നടത്താനുള്ള കരാർ ഐ.ടി.ഡി.സിയിൽ നിന്ന് ശർമ്മ ഒപ്പിച്ചെടുത്തു. *ശർമ ഭാര്യയെന്ന് നിലയിൽ അവരെ പരിഗണിക്കുന്നത് ശർമയുടെ മാതാപിതാക്കൾ അറിഞ്ഞു. അവർക്കീ ബന്ധം ഇഷ്ടമായില്ല *ശർമയും നൈനയും തമ്മിലുള്ള ബന്ധവും മോശമായി തുടങ്ങി *ശർമയുടെ മാതാപിതാക്കൾ അയാളെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കാനും തുടങ്ങി. *ശർമയുമായി അടുപ്പത്തിലാവുന്നതിന് മുൻപ് ഡൽഹിയിലെ തന്നെ രാഷ്ട്രീയ പ്രവർത്തകനായ നൈന മക്ദൂൾ കരീമുമായി നൈന സൗഹൃദത്തിലായിരുന്നു. *ശർമയോടൊപ്പം പോയെങ്കിലും കരീമുമായി സൗഹൃദം നിലനിർത്തിയിരുന്നു. *ശർമയും നൈനയും തമ്മിലുള്ള ശണ്ഠ മൂത്തപ്പോൾ നൈനയെ മുംബൈയിൽ താമസിക്കാൻ കരിം ഏർപ്പാട് ചെയ്തിരുന്നു. *സംഭവ ദിവസം ശർമ ഫ്ളാറ്റിൽ എത്തിയപ്പോൾ നൈന ഫോണിൽ സംസാരിക്കുകയായിരുന്നു. ശർമയെ കണ്ട് റിസീവർ താഴെ വെച്ചു. *സംശയം തോന്നിയ ശർമ ഫോൺ എടുത്ത് റീഡയൽ ചെയ്തപ്പോൾ മറുതലക്കൽ കരീം ആയിരുന്നു. ശണ്ഠയ്ക്കൊടുവിൽ വെടിവെക്കുകയും നൈന കൊല്ലപ്പെടുകയും ചെയ്തു. *കൈയും കാലും വെട്ടിമാറ്റി മൃതദേഹം പുതപ്പിൽ പൊതിഞ്ഞാണ് ബാഗിയ റെസ്റ്റോറന്റിലേക്ക് കൊണ്ടുവരുന്നത്. *തന്തൂരി അടുപ്പിൽ വെണ്ണയൊഴിച്ച് കത്തിക്കുമ്പോഴാണ് കോൺസ്റ്റബിൽ നസീർകുഞ്ഞും ഹോംഗാർഡ് ചന്ദ്രപാലും അവിടെയെത്തുന്നത്. *ഹോട്ടൽ ജീവനക്കാരെയെല്ലാം പറഞ്ഞ് വിട്ട് കേശവ്കുമാർ എന്ന മാനേജരെകൊണ്ടാണ് കത്തിച്ചത്. *നസീർകുഞ്ഞ് കൺട്രോൾ റൂമില് വിവരം അറിയിക്കുകയും അഗ്നിശമനസേന അടക്കം തീ അണയ്ക്കാൻ എത്തിയപ്പോഴേക്കും സുശീൽകുമാർ സ്ഥലംവിട്ടിരുന്നു. *കത്തിക്കുന്നത് മനുഷ്യശരീരം ആണെന്ന് തിരിച്ചറിഞ്ഞതോടെ കേശവ്കുമാറിനെ നസീർകുഞ്ഞ് പിടിച്ചുവെച്ചു. *പിന്നെ തിലക്മാർഗ് സ്റ്റേഷനിൽ കൊണ്ടുവന്നു ചോദ്യം ചെയ്തു, *സുശീൽകുമാർ ഇതിനകം ജെയ്പൂരിലേക്ക് കടന്നിരുന്നു. പിന്നീട് തിരുപ്പതിയിൽ പോയി മൊട്ടയടിച്ച് അവിടെ തങ്ങുമ്പോഴാണ ്പോലീസ് പിടികൂടുന്നത്. *ആദ്യം മൃതദേഹം തിരിച്ചറിയാൻ നൈനയുടെ മാതാപിതാക്കൾ വിസമ്മതിച്ചു. നൈന മണാലിയിൽ ഉണ്ടെന്ന് നിലപാടിലായിരുന്നു അവർ. മക്ദൂൾ കരീമാണ് മുക്കും മുടിയും കണ്ട് മൃതദേഹം തിരിച്ചറിയുന്നത്. *പിന്നീട് ഡി.എൻ.എ ടെസ്റ്റിലൂടെയാണ് മരിച്ചത് നൈന തന്നെയെന്ന് ഉറപ്പിക്കുന്നത്. *2007 നവംബറിൽ സെഷൻസ് കോടതി സുശീൽകുമാറിനെ വധശിക്ഷയ്ക്ക് വിധിച്ചു. കേശവ്കുമാറിന് ജീവപര്യന്തവും. *വിധി ഹൈക്കോടതിയും ശരിവെച്ചു. *2013 ഒക്ടോബർ 8ന് സുപ്രീകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ച് വധശിക്ഷ ജീവപര്യന്തമാക്കി. *നല്ലനടപ്പ് പരിഗണിച്ച് 2018 ഡിസംബർ 21 ശർമ്മ ജയിൽ മോചിതനായി. Content Highlight: 25 years for Tandoori murder case

from mathrubhumi.latestnews.rssfeed https://ift.tt/3eQ0Ri8
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍