ഭോപ്പാൽ: മധ്യപ്രദേശിലെ മുൻ ശിവരാജ് സിങ് ചൗഹാൻ സർക്കാരിനെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യസ്ഥാപനത്തിന്റെ ഉടമസ്ഥൻ ഗുജറാത്തിൽ അറസ്റ്റിലായി. വ്യവസായിയും ഒരുകാലത്ത് കോൺഗ്രസിലും ബിജെപിയിലും സ്വാധീനം ചെലുത്താൻ തക്ക ബന്ധങ്ങൾ ഉണ്ടായിരുന്ന ആളുകൂടിയായ ജിത്തു സോണിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഭൂമി തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തൽ, ബലത്സംഗം, കവർച്ച, തട്ടിപ്പ് എന്നീ വിഷയങ്ങളിലായി 40 ഓളം കേസുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ജീത്തു സോണിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് സർക്കാർ 1.6 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും ഗുജറാത്തിലെ അമ്രേലി ജില്ലയിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായതെന്നും പോലീസ് പറയുന്നു. മധ്യപ്രദേശിലെ കോൺഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ തണലിൽ വളർന്ന ജീത്തു സോണി സ്വാധീനമുള്ള ബിസിനസുകാരനായിരുന്നു. മധ്യപ്രദേശിൽ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവന്ന ലൈംഗികാപവാദത്തേ സംബന്ധിച്ച ലേഖനങ്ങൾ ജീത്തു സോണിയുടെ ഉടമസ്ഥതയിലുള്ള ടാബ്ലോയ്ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ ശിവരാജ്സിങ് ചൗഹാൻ സർക്കാരിന്റെ മുതിർന്ന ഉപദേശകനടക്കം ഉൾപ്പെട്ട വിവാദത്തെ സംബന്ധിച്ച ലേഖനങ്ങൾ മധ്യപ്രദേശിലെ പോലീസ്-ഉദ്യോഗസ്ഥ കേന്ദ്രങ്ങളെ ഞെട്ടിക്കുന്നവയായിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നുവെങ്കിലും ജീത്തു സോണിയുടെ മധ്യപ്രദേശിലെ ഡാൻസ് ബാർ, രണ്ട് ബംഗ്ലാവുകൾ, ഹോട്ടൽ, റെസ്റ്റോറന്റ് തുടങ്ങി നിരവധി ഇടങ്ങളിൽ പോലീസ് റെയ്ഡ് നടത്തുകയും ഇയാളുടെ മൂന്ന് സ്ഥാപനങ്ങൾ പൊളിച്ചുകളയുകയും ചെയ്തിരുന്നു. ലൈംഗിക വിവാദവുമായി ബന്ധപ്പെട്ട് അഞ്ച് സ്ത്രീകളും ഒരു പുരുഷനും നേരത്തെ അറസ്റ്റിലായിരുന്നു. ശബ്ദരേഖകൾ, വീഡിയോ ക്ലിപ്പുകൾ, സോഷ്യൽ മീഡിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ എന്നിവയടക്കം 4,000 ഓളം രേഖകൾ പോലീസ് കണ്ടെടുത്തിരുന്നു. ഇവയുപയോഗിച്ച് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സംഘം ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായാണ് വിവരങ്ങൾ. Content Highlights:Businessman Whose Tabloid Published Madhya Pradesh Sex Tapes Arrested
from mathrubhumi.latestnews.rssfeed https://ift.tt/38arwU9
via IFTTT
0 അഭിപ്രായങ്ങള്‍