മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീവണ്ടികളിൽ പുതിയ എയർകണ്ടീഷൻ സംവിധാനം റെയിൽവേ പരീക്ഷിക്കുന്നു. സിനിമാ തിയേറ്ററുകളിലെപോലെ പുറത്തുനിന്നുള്ള നല്ല വായു അകത്തേക്കും അകത്തുള്ള വായു പുറത്തേക്കും കടത്തിവിട്ടുകൊണ്ടുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. നിലവിൽ ഉള്ളിലുള്ള വായുവിനെ പരമാവധി നിലനിർത്തിക്കൊണ്ട് തണുപ്പിക്കുന്ന സംവിധാനമാണ് റെയിൽവേ കോച്ചുകളിലുള്ളത്. മേയ് 12 മുതൽ വിവിധ റൂട്ടുകളിൽ ഓടുന്ന 15 രാജധാനി എക്സ്പ്രസുകളിലാണ് പുതിയ സംവിധാനം പരീക്ഷിച്ചുവരുന്നത്. ഇത് വിജയകരമായാൽ എല്ലാ എ.സി. തീവണ്ടികളിലും ഈ സംവിധാനമാണ് നടപ്പാക്കുക. പുതിയ സംവിധാനം വന്നാൽ കോച്ചിനകത്തെ വായു ഒരു മണിക്കൂറിൽ 16 മുതൽ 18 തവണവരെ മാറിക്കൊണ്ടിരിക്കും. നേരത്തേ ആറുമുതൽ എട്ടുതവണ വരെയായിരുന്നു ഈ മാറ്റം. അതിനാൽ കോച്ചിനകത്തെ 80 ശതമാനം വായുവും ഇതിനകത്തുതന്നെ കറങ്ങും. പുതിയ സംവിധാനത്തിൽ പുറത്തുള്ള കൂടുതൽ വായു അകത്തു കടക്കുമ്പോൾ അതിനെ തണുപ്പിക്കാൻ കൂടുതൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരും. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുക്കുമ്പോൾ വൈദ്യുതി ഉപയോഗത്തിലുള്ള ഉയർച്ച വലിയ കാര്യമാക്കേണ്ടതില്ലെന്നാണ് റെയിൽവേ പറയുന്നത്. നിലവിൽ എ.സി. കോച്ചുകളിൽ 23 ഡിഗ്രി തണുപ്പാണ് ക്രമീകരിക്കാറെങ്കിൽ പുതിയ സംവിധാനത്തിൽ അത് 25 ഡിഗ്രിയിലേക്ക് ഉയർത്താനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. അതിലൂടെ വൈദ്യുത ഉപയോഗം കുറയുകയും ചെയ്യും. എ.സി. കോച്ചിലെ യാത്രക്കാർക്ക് ഇപ്പോൾ റെയിൽവേ പുതപ്പുകൾ നൽകാറുമില്ല. എ.സി. കോച്ചുകളിലെ യാത്ര കോവിഡ് രോഗം പടരുന്നതിന് കാരണമാകുന്നുണ്ടോ എന്ന കാര്യത്തിൽ കാര്യമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. എന്നാൽ, രോഗികളുടെ വായയിൽ നിന്നോ മൂക്കിൽ നിന്നോ പുറത്തുവരുന്ന ദ്രവകണങ്ങൾ വായുവിലൂടെ മറ്റൊരാളിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് ചൈനയിൽ നടത്തിയ ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. content highlight: New air conditioning system tested on trains
from mathrubhumi.latestnews.rssfeed https://ift.tt/3g5HqSp
via IFTTT
0 അഭിപ്രായങ്ങള്‍