ന്യൂഡൽഹി: ഗൽവാനിലെ ഇന്ത്യാ- ചൈന സംഘർഷത്തെ തുടർന്ന് തുറമുഖങ്ങളിൽ ചൈനയിൽ നിന്നുള്ള ചരക്കുകൾ പിടിച്ചുവെക്കുന്നത് ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രി നിർമലാ സീതാരാമനും വ്യവസായ മന്ത്രി പീയൂഷ് ഗോയലിനും ഗഡ്കരി കത്തയച്ചു. ചൈനീസ് ബഹിഷ്കരണ ആഹ്വാനം ഉയർന്നതിന് പിന്നാലെയാണ് തുറമുഖങ്ങളിൽ ചൈനയിൽ നിന്നുള്ള ചരക്കുകൾ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്ന് കെട്ടിക്കിടക്കുന്നത്. ഇത്തരത്തിൽ ചരക്കുകൾ കെട്ടിക്കിടക്കുന്നത് ബാധിക്കുക ഇന്ത്യയെ തന്നെയാകുമെന്നാണ് മന്ത്രി പറയുന്നത്. ഇന്ത്യയിലെ വ്യവസായികൾക്കാണ് ഇതുകൊണ്ട് തിരിച്ചടിയുണ്ടാകുകയെന്ന് ധനമന്ത്രിക്കും വ്യവസായ മന്ത്രിക്കും അയച്ച കത്തിൽ നിതിൻ ഗഡ്കരി ചൂണ്ടിക്കാണിക്കുന്നു. വിവിധ മേഖലകളിൽ നിന്നുള്ള വ്യവസായികളും കർഷകരും സമീപിച്ചതിനെ തുടർന്നാണ് ഗഡ്കരി ഇക്കാര്യത്തിൽ ഇടപെട്ടത്. ഫാർമസ്യൂട്ടിക്കൽസ്, കീടനാശിനി, ഇലക്ട്രോണിക്സ് തുടങ്ങിയവയ്ക്കായി ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത് ചൈനയേയാണ്. ഇത്തരത്തിൽ വന്ന ചരക്കുകളാണ് ദിവസങ്ങളായി തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത്. ഇറക്കുമതി കുറയ്ക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെങ്കിൽ കൂടുതൽ നികുതി ചുമത്തുകയാണ് വേണ്ടത്. പക്ഷെ ഇറക്കുമതി ചെയ്യപ്പെട്ട ചരക്കുകൾ അനാവശ്യമായി തടഞ്ഞുവെക്കുന്നത് ചൈനയേയല്ല ഇന്ത്യയേത്തന്നെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. Content highlights:Hold-ups Chinese goods at ports will hit India, not China says Nitin Gadkari
from mathrubhumi.latestnews.rssfeed https://ift.tt/3ibXFPS
via IFTTT
0 അഭിപ്രായങ്ങള്‍