ഭോപ്പാൽ: മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവും കോൺഗ്രസുമാണ് ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന് ഉത്തരവാദികളെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. സോണിയ ഗാന്ധി നേതൃത്വം നൽകുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷൻ സ്വീകരിച്ച സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസ്താവനകളിലൂടെ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുകയാണെന്നും ചൗഹാൻ ആരോപിച്ചു. കോൺഗ്രസിന്റെ പ്രധാനമന്ത്രിമാരിൽ ഒരാൾ പോലും ഒരിക്കലും ഇന്ത്യ-ചൈന അതിർത്തിയിൽ റോഡ് നിർമിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. എന്തുകൊണ്ടാണ് ചൈനയ്ക്ക് ഇപ്പോൾ മോഹഭംഗം ഉണ്ടായത്? നരേന്ദ്ര മോദി സർക്കാർ അതിർത്തികളിൽ റോഡുകൾ നിർമിച്ചുവെന്നതാണ് അതിന് കാരണം- ചൗഹാൻ പറഞ്ഞു. ഭോപ്പാലിൽ ഇരുന്ന് ഛത്തീസ്ഗഢിലെ ബി.ജെ.പി. പ്രവർത്തകരുടെ വിർച്വൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ വളരുന്നത് തുടർന്നാൽ ചൈനയെ പരാജയപ്പെടുത്താൻ സാധിക്കുന്ന ലോകത്തിലെ ഏകരാജ്യമായി അത് മാറുമെന്ന ചിന്തയാണ് ചൈനയ്ക്ക് നിരാശയുണ്ടാക്കുന്നതെന്നും ചൗഹാൻ കൂട്ടിച്ചേർത്തു. ഇന്ത്യക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ചൗഹാൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. ചൈന സൂക്ഷിച്ചോളൂ. നിങ്ങൾ(ചൈന)ക്ക് ഇന്ത്യയെ ഉപദ്രവിക്കാൻ കഴിയില്ല. എന്നാൽ ഈ രാജ്യത്തെ 130 കോടി ജനങ്ങൾ നിശ്ചയദാർഢ്യത്തോടെ മുന്നിട്ടുവന്നാൽ ചൈന നശിക്കും- ചൗഹാൻ വ്യക്തമാക്കി. 1962ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ നടന്ന സംഘർഷത്തോടെ ചൈനയ്ക്ക് മനസ്സിലായിട്ടുണ്ടാവുമെന്നും ചൗഹാൻ പറഞ്ഞു. ഇന്ത്യയെ നയിക്കുന്നത് നരേന്ദ്ര മോദിയാണ്. നമ്മുടെ പ്രധാനമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്; നാം ആരെയും പ്രകോപിപ്പിക്കില്ലെന്ന്. എന്നാൽ നമ്മെ ആരെങ്കിലും പ്രകോപിപ്പിക്കുകയാണെങ്കിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും. നമ്മുടെ സൈനികർ ചൈനയെ പാഠം പഠിപ്പിച്ചു. ചൈനീസ് സൈനികർക്ക് തക്ക മറുപടി കൊടുക്കുകയും ചെയ്തു. ജീവൻ ബലിയർപ്പിച്ച സൈനികർക്കു മുന്നിൽ തലകുനിക്കുന്നുവെന്നും ചൗഹാൻ കൂട്ടിച്ചേർത്തു. ഇന്ത്യ-ചൈന പ്രശ്നത്തിന് ജന്മം നൽകിയത് കോൺഗ്രസാണ്. ഇതിന് നരേന്ദ്ര മോദി സ്ഥായിയായ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. content highlights: jawahar lal nehru responsible for india-china conflict says shivraj singh chouhan
from mathrubhumi.latestnews.rssfeed https://ift.tt/2VrM0mp
via IFTTT
0 അഭിപ്രായങ്ങള്‍