വൈറ്റില ഹബ്ബിന്റെ ഭൂമി സ്വകാര്യകമ്പനിക്ക്

കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിലെ ഭൂമി സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നൽകാനൊരുങ്ങുന്നത് മാനദണ്ഡങ്ങൾ മറികടന്ന്. ടെൻഡർ ഒഴിവാക്കിയുള്ള സ്ഥലം കൈമാറ്റത്തിനെതിരേ പ്രതിഷേധം രൂക്ഷമായി.ഹബ്ബിന്റെ രണ്ടാംഘട്ടവും വാട്ടർമെട്രോയും ഉൾപ്പെടെ വികസനപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് 50 സെന്റ് സ്ഥലം പ്രമുഖ സ്വകാര്യകമ്പനിക്ക് കൈമാറാനുള്ള ശ്രമം. ഇതിന് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകിയതായാണ് സൂചന. സ്ഥലംകൈമാറ്റത്തിന് ഗവേണിങ് കമ്മിറ്റിയുടെ അന്തിമാനുമതിയാണ് ഇനി വേണ്ടത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഗവേണിങ് കമ്മിറ്റി. ഹബ്ബിലെ മെട്രോസ്റ്റേഷനോട് ചേർന്ന സ്ഥലത്തിനാണ് സ്വകാര്യകമ്പനി പിടിമുറുക്കുന്നത്. ഇവിടെ താമസിയാതെ സംയുക്ത പരിശോധന നടക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവേണിങ് കമ്മിറ്റി ചേർന്ന് അന്തിമാനുമതി നൽകാനാണ് നീക്കം. സ്വകാര്യകമ്പനിക്ക് ടെൻഡർ ഒഴിവാക്കിനൽകിയിട്ടുണ്ട്. സി.എൻ.ജി. ഫില്ലിങ് സ്റ്റേഷനാണ് ഇവർ ഹബ്ബിൽ ലക്ഷ്യമിടുന്നത്. ടെൻഡറിലൂടെയുള്ള നടപടിയാണെങ്കിൽ കൂടുതൽ കമ്പനികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കും. ഹബ്ബിന് മെച്ചപ്പെട്ട വരുമാനവും ലഭിക്കും. സ്വകാര്യകമ്പനി ആവശ്യപ്പെടുന്ന സ്ഥലം കൈമാറുന്നത് വികസനപ്രവർത്തനങ്ങളെ ബാധിക്കുമെന്നും ആശങ്കയുണ്ട്. ഹബ്ബ് സൊസൈറ്റിയിൽനിന്നുതന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയപ്പാർട്ടികളും എതിർപ്പറിയിച്ചു. വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറായിരുന്ന ആർ. ഗിരിജ ചുമതലകളിൽനിന്ന് വെള്ളിയാഴ്ച ഒഴിഞ്ഞു. സബ്കളക്ടർ സ്നേഹിൽകുമാർ സിങ്ങിനാണ് നിലവിൽ ചുമതല.

from mathrubhumi.latestnews.rssfeed https://ift.tt/3g6i6Mb
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍