ഗാൽവനിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് വിവരമില്ല: ചൈനയിൽ ഭരണകൂടത്തിനുനേരെ പ്രതിഷേധം

വാഷിങ്ടൺ: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുമായുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടാത്തതിൽ ചൈനയിൽ ഭരണകൂടത്തിനുനേരെ പ്രതിഷേധം. മരിച്ച പട്ടാളക്കാരുടെ എണ്ണം, പേര്, മറ്റുവിവരങ്ങൾ എന്നിവ രഹസ്യമാക്കിവെക്കുന്നതാണ് സൈനികരുടെ ബന്ധുക്കളെ പ്രകോപിപ്പിക്കുന്നത്.ചൈനയിലെ സാമൂഹികമാധ്യമമായ ‘വീബോ’യിലൂടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മരിച്ചസൈനികരുടെ വിവരങ്ങൾ പുറത്തുവിടുന്നതിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് യു.എസ്. ആസ്ഥാനമായ ‘ബ്രീറ്റ്ബാർട്ട് ന്യൂസ്’ റിപ്പോർട്ടുചെയ്തു. വീബോയിലൂടെ ദേഷ്യവും സങ്കടവും നിരാശയും പ്രകടിപ്പിക്കുന്നവരെ ശാന്തരാക്കാൻ ഭരണകൂടം പാടുപെടുകയാണെന്നാണ് റിപ്പോർട്ട്.ജൂൺ 15-നുണ്ടായ സംഘർഷത്തിൽ വീരമൃത്യുവരിച്ച കേണൽ അടക്കമുള്ള 20 പേരുടെ വിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇവരുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് സൈനികബഹുമതിയോടെ സംസ്കരിക്കുകയുംചെയ്തു. കമാൻഡിങ് ഓഫീസറും ഏതാനും സൈനിക ഓഫീസർമാരും കൊല്ലപ്പെട്ടെന്നുമാത്രമാണ് ചൈനീസ് സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ പേരിൽ ഭരണകൂടം അനുശോചനവും രേഖപ്പെടുത്തുകയുണ്ടായി. അതേസമയം, സംഘർഷത്തിൽ ചൈനയുടെ ഭാഗത്ത് 43-ലധികം സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഇന്ത്യൻ രഹസ്യാന്വേഷകർക്ക് വിവരം ലഭിച്ചിരുന്നു. സംഘർഷത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കാര്യത്തിൽ ചൈനീസ് സർക്കാർ മൗനംപാലിച്ചപ്പോൾ തങ്ങളുടെ സൈനികരും മരിച്ചതായി അവരുടെ ഔദ്യോഗികമാധ്യമത്തിന്റെ എഡിറ്റർ ഹു ഷിജിൻ ട്വിറ്ററിൽ സ്ഥിരീകരിച്ചിരുന്നു. അറിയാൻകഴിയുന്ന വിവരങ്ങൾപ്രകാരം ഗാൽവനിൽ ചൈനീസ് സൈനികരും മരിച്ചിട്ടുണ്ടെന്നായിരുന്നു ട്വീറ്റ്. എന്നാൽ, സൈനികരുടെ എണ്ണം അതിലുമുണ്ടായിരുന്നില്ല. ഏറ്റുമുട്ടലിനിടെ ഇരുരാജ്യങ്ങളും തടഞ്ഞുവെച്ച സൈനികരെ പിന്നീട് ചർച്ചകളെത്തുടർന്നാണ് വിട്ടയച്ചത്. ചൈനീസ് സൈനികരെ ഇന്ത്യ വൈകാതെതന്നെ വിട്ടയച്ചപ്പോൾ ചൈന മൂന്നുദിവസംകഴിഞ്ഞാണ് ഇന്ത്യൻ സൈനികരെ മോചിപ്പിച്ചത്.കിഴക്കൻ ലഡാക്കിലെ തത്‌സ്ഥിതി ഏകപക്ഷീയമായിമാറ്റാൻ ചൈന ശ്രമിച്ചതാണ് സംഘർഷത്തിനുകാരണമായത്. ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണ ചൈന പാലിച്ചിരുന്നെങ്കിൽ സംഘർഷം ഒഴിവാക്കാമായിരുന്നെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.

from mathrubhumi.latestnews.rssfeed https://ift.tt/3eUiFc1
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍