മൂന്നു ദിവസം, 3061 കിലോമീറ്റർ; ഗർഭിണിയായ വൃന്ദ വീടെത്തി

ഹരിപ്പാട്: മൂന്നുദിവസം, ഒൻപത് സംസ്ഥാനങ്ങൾ, 3061 കിലോമീറ്റർ... ഗർഭിണിയായ വൃന്ദ സഞ്ചരിച്ച ദൂരമാണിത്. യാത്രയിൽ ഭർത്താവ് വിഷ്ണു അവരെ ചേർത്ത് പിടിച്ചിരുന്നു. ഐ.സി.യു. സൗകര്യമുള്ള ആംബുലൻസിൽ ഡൽഹിയിൽനിന്ന് ഹരിയാനയും ഉത്തർപ്രദേശും രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയും കടന്ന് ആന്ധ്രപ്രദേശ്, കർണാടകം, തമിഴ്നാട് വഴി കേരളത്തിലേക്ക്. കൃത്യമായി പറഞ്ഞാൽ ഗ്രേറ്റർ നോയിഡയിലെ നവീൻ ആശുപത്രിയിൽനിന്ന് ഹരിപ്പാട് തൃക്കുന്നപ്പുഴ പല്ലനയിലെ പുത്തൻവീട്ടിലേക്കായിരുന്നു ഈ നോൺ സ്റ്റോപ്പ് യാത്ര. മാർച്ച് 29-ന് രാവിലെയാണ് യാത്ര തുടങ്ങിയത്. തെക്കേ ഇന്ത്യയിലേക്ക് ആദ്യമായി യാത്രചെയ്യുന്ന നോയിഡക്കാരായ രാജും സത്യവീറുമായിരുന്നു ഡ്രൈവർമാർ. ഗൂഗിൾ മാപ്പായിരുന്നു വഴികാട്ടി. വഴിയിൽ രണ്ടിടത്തുമാത്രം ഇന്ധനം നിറയ്ക്കാൻ നിർത്തി. ഈ സമയത്താണ് ഇവർ പ്രാഥമിക കൃത്യങ്ങൾക്ക് ഇറങ്ങിയത്. ഡ്രൈവർമാർ ഊഴമിട്ട് ആംബുലൻസ് ഓടിച്ചുകൊണ്ടേയിരുന്നു. കൊടുംകാടുകളും ആളൊഴിഞ്ഞ നഗരങ്ങളും നദികളും മലമ്പ്രദേശങ്ങളുമെല്ലാം പിന്നിട്ടു. ചിലപ്പോഴൊക്കെ പേടി തോന്നിയിരുന്നെങ്കിലും എങ്ങനെയും നാടെത്തണമെന്ന ചിന്തയിൽ ഭയമെല്ലാം അലിഞ്ഞുപോയെന്ന് വിഷ്ണു. പ്രിയപ്പെട്ടവൻ ഒപ്പമുള്ളതായിരുന്നു തന്റെ ധൈര്യമെന്ന് വൃന്ദ പറഞ്ഞു. പ്രഥമശുശ്രൂഷയിൽ വിദഗ്ധനായ ടെക്നീഷ്യൻ സന്തോഷ് ഇവർക്ക് ധൈര്യം പകരുന്നുണ്ടായിരുന്നു. വൃന്ദയ്ക്ക് അടിയന്തര വൈദ്യസഹായം വേണമെന്ന് വിശദമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് കൈയിൽ കരുതിയിരുന്നു. ബുധനാഴ്ച രാവിലെ വാളയാറെത്തിയപ്പോഴായിരുന്നു പോലീസ് ഉദ്യോഗസ്ഥർ ആദ്യമായി ആംബുലൻസ് തടഞ്ഞത്. ഡൽഹിയിലേക്ക് മടങ്ങിപ്പോകാനാണ് ആദ്യം ആവശ്യപ്പെട്ടത്. കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ യാത്രാനുമതി കിട്ടി. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചേർന്നു. ഡോക്ടർമാർ വൃന്ദയെ പരിശോധിച്ചു. ഡ്രിപ്പ് കൊടുത്തു. ആറു മണിയോടെ വീട്ടിലേക്ക് വിട്ടു. ഇനി മൂന്നാഴ്ച സമ്പർക്ക വിലക്കാണ് നിർദേശിച്ചിരിക്കുന്നത്. ഡ്രൈവറും ടെക്നീഷ്യനും ചപ്പാത്തിയും വിഷ്ണുവും വൃന്ദയും ബ്രെഡും ജ്യൂസും കരുതിയിരുന്നു. പിന്നെ വലിയ പാത്രത്തിൽ വെള്ളവും. മിക്കപ്പോഴും വെള്ളം കുടിച്ചായിരുന്നു കഴിഞ്ഞത്. വൃന്ദ 26 മുതൽ അവിടെ ആശുപത്രിയിലായിരുന്നു. എത്രയുംവേഗം നാട്ടിലേക്ക് മടങ്ങാനായിരുന്നു ഡോക്ടർമാർ ഉപദേശിച്ചത്. 1,20,000 രൂപയാണ് ആംബുലൻസ് വാടക. 80,000 രൂപ നേരത്തെ വീട്ടിൽനിന്ന് അയച്ചുകൊടുത്തിരുന്നു. ബാക്കി നാട്ടിലെത്തിപ്പോൾ സ്വർണം പണയംവെച്ചാണ് കൊടുത്തത്. നോയിഡയിലെ ഇലക്ട്രോണിക്സ് സിറ്റിയിൽ ജോലി ചെയ്തിരുന്ന വിഷ്ണുവും ബഹുരാഷ്ട്ര കമ്പനികളുട കാൾ സെന്ററിലെ ജീവനക്കാരിയായ വൃന്ദയും ഇന്ദിരാ നഗറിലായിരുന്നു താമസം. കർഫ്യൂവുമായി ബന്ധപ്പെട്ട പോലീസ് നടപടികൾ അവിടെ അതിശക്തമാണെന്ന് ഇരുവരും പറയുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/2UAszHR
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍