ബ്രയാൻ നീൽ പറഞ്ഞു, ‘കൊറോണ ചികിത്സ പൊളിച്ചു’

കൊച്ചി: കൊറോണബാധിതനായി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ബ്രിട്ടീഷ് പൗരന് ഒരു വില്ലൻ സ്വഭാവമായിരുന്നു ആദ്യം. മൂന്നാറിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി അവിടെനിന്ന് നാട്ടിലേക്ക്‌ പോകാനൊരുങ്ങുമ്പോഴാണ് ബ്രയാൻ നീൽ കൊറോണ പോസിറ്റീവാണെന്ന് അറിയുന്നതും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് എത്തുന്നതും. ഇപ്പോൾ യുദ്ധം ജയിച്ച സന്തോഷമെന്നാണ് ബ്രയാൻ ഇതിനോട്‌ പ്രതികരിച്ചത്. അദ്ദേഹം ഡിസ്ചാർജാകുന്ന ദൃശ്യങ്ങൾ കളക്ടർ പുറത്തുവിട്ടു. സർക്കാരിന്‌ നന്ദിപറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. കടുത്ത ന്യുമോണിയ ബാധിച്ച നിലയിലാണ് ബ്രയാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി കൂടിയതോടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു. ശ്വാസോച്ഛ്വാസം അപകടനിലയിലേക്കെത്തി. തുടർന്ന്, മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ ബ്രയാന് ആന്റി വൈറൽ മരുന്നുകളായ റിറ്റോനാവിർ, ലോപിനാവിർ കോമ്പിനേഷൻ നൽകി. 14 ദിവസം മരുന്ന് തുടർന്നു. മരുന്നുകൾ നൽകി മൂന്നുദിവസം കഴിഞ്ഞപ്പോൾ ആരോഗ്യനിലയിൽ പുരോഗതി വന്നു. പക്ഷേ, പനി വിട്ടുമാറിയിരുന്നില്ല. എക്സ്‌റേകളിൽ അദ്ദേഹത്തിന്റെ ഇടത് ശ്വാസകോശം പൂർണമായും വലത് ശ്വാസകോശം ഭാഗികമായും ന്യുമോണിയ പടർന്നതായി കണ്ടെത്തിയതിനാൽ ചികിത്സ തുടർന്നു. ഏഴുദിവസമായപ്പോൾ ന്യുമോണിയ കുറഞ്ഞു. ഇതോടെ പനിയും കുറഞ്ഞു. കൊറോണ പരിശോധനഫലവും നെഗറ്റീവായി. പൂർണ ആരോഗ്യവാനായി മടങ്ങുന്ന ബ്രയാൻ 14 ദിവസത്തേക്കുകൂടി നിരീക്ഷണത്തിൽ കഴിയും. ജില്ലയിൽ കോവിഡ് കെയർ സെന്ററിലായിരിക്കും നിരീക്ഷണസമയം ചെലവഴിക്കുക. കഴിഞ്ഞ 15-ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ജെയ്ൻ ലോക്ക് വുഡും ഒപ്പമുണ്ടായിരുന്നു. പരിശോധനയിൽ ഇവർ നെഗറ്റീവായിരുന്നു. ഡോ. ഫത്താഹുദ്ദീൻ, ഡോ. ജേക്കബ് കെ.ജേക്കബ്, ഡോ.ഗണേശ് മോഹൻ, ഡോ.ഗീത നായർ, ഡോ. വിധു കുമാർ, ഡോ.വിഭ സന്തോഷ്, ഡോ.റെനി മോൾ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് ബ്രയാനെ ചികിത്സിച്ചത്. നഴ്‌സിങ് സൂപ്രണ്ട് സാന്റി അഗസ്റ്റിൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ടി. രതീഷ്, സ്റ്റാഫ് നഴ്‌സുമാരായ നിർമല, വിദ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/2UV5UoI
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍