ന്യൂഡൽഹി: രണ്ടരവർഷത്തിനിടെ രാജ്യത്ത് 70,206.96 കോടി രൂപയുടെ ജി.എസ്.ടി. വെട്ടിപ്പു കണ്ടെത്തിയതായി കേന്ദ്ര ധനമന്ത്രാലയം. കേരളത്തിൽ മാത്രം 951.77 കോടി രൂപയുടെ വെട്ടിപ്പു കണ്ടെത്തി. 2017 ജൂലായ്മുതൽ 2020 ജനുവരി വരെയുള്ള കണക്കാണിത്. ഇതിൽ 34,591.21 കോടി രൂപ തിരിച്ചുപിടിച്ചതായും ലോക്സഭയിൽ ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വ്യക്തമാക്കി. 16,393 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 336 പേരെ അറസ്റ്റുചെയ്തു. 182 കേസിലായാണ് കേരളത്തിൽ 951.77 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി. 665.99 കോടി രൂപ തിരിച്ചുപിടിച്ചു. മൂന്നുപേരെ അറസ്റ്റുചെയ്തു. ഏറ്റവും കൂടുതൽ ജി.എസ്.ടി. വെട്ടിപ്പുനടന്നത് മഹാരാഷ്ട്രയിലാണ്. 2043 കേസിലായി 17,003.47 കോടി രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. 11,260.19 കോടി രൂപ തിരിച്ചുപിടിച്ചു. 51 പേരെ അറസ്റ്റുചെയ്തു. രണ്ടാംസ്ഥാനം ഡൽഹിക്കാണ്. 2991 കേസിലായി 9364.62 കോടി രൂപയുടെ വെട്ടിപ്പു കണ്ടെത്തി. 4424.78 കോടി രൂപ തിരിച്ചുപിടിച്ചു. 46 പേരെ അറസ്റ്റുചെയ്തു. 61 കേസുകളിലായി 7556.63 കോടി രൂപയുടെ വെട്ടിപ്പ് നടന്ന ഗോവയാണ് മൂന്നാമത്. 87.46 കോടി രൂപ മാത്രമാണ് ഇവിടെ തിരിച്ചുപിടിച്ചത്. ആരെയും അറസ്റ്റുചെയ്തിട്ടില്ല. ചരക്ക്-സേവന നികുതി നടപ്പാക്കിയശേഷം നികുതിവെട്ടിപ്പ് വർധിച്ചതിനു തെളിവില്ലെന്ന് മന്ത്രി പറഞ്ഞു. ഡയറക്ടറേറ്റ് ജനറൽ ഓഫ് അനലിറ്റിക്സ് ആൻഡ് റിസ്ക് മാനേജ്മെന്റ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി. ഇന്റലിജൻസ് എന്നിവയുടെ സഹകരണത്തോടെ നികുതിവെട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. Content Highlights:70,000 crore GST fraud in two and a half years
from mathrubhumi.latestnews.rssfeed https://ift.tt/39dSIkC
via IFTTT
0 അഭിപ്രായങ്ങള്‍