പാറശ്ശാല: കേരളത്തിലെ മീൻലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ പണിതേടി വിദേശതീരത്തേക്ക് മാറുന്നു. ഇറാൻ, സൗദി, ഖത്തർ, യു.എ.ഇ., ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ജോലിതേടിയുള്ള മത്സ്യത്തൊഴിലാളികളുടെ കുടിയേറ്റം. ഓഖിക്ക് ശേഷമാണ് മീൻലഭ്യത ഗണ്യമായി കുറഞ്ഞത്. ഓഖി വീശിയടിച്ച മേഖലകളിൽ മത്സ്യത്തൊഴിലാളികൾക്ക് കനത്ത നാശമുണ്ടാകുകയും ചെയ്തിരുന്നു. പണിയില്ലാതായതും ദുരന്തത്തിലുണ്ടായ നഷ്ടവും തൊഴിലാളികളെ കടക്കെണിയിലാക്കി. ഇതോടെയാണ് പണിതേടി മറ്റുരാജ്യങ്ങളിലേക്ക് ചേക്കേറാൻ തൊഴിലാളികളെ നിർബന്ധിതരാക്കിയത്. തെക്കൻ തീരങ്ങളായ പൊഴിയൂർ, പൂവാർ, കൊല്ലങ്കോട്, വള്ളവിള, നീരോടി പ്രദേശങ്ങളിലാണ് കഴിഞ്ഞ നാലുവർഷമായി മത്സ്യസമ്പത്തിൽ വൻതോതിൽ കുറവ് അനുഭവപ്പെടുന്നത്. ഇവിടെനിന്ന് മാത്രം നൂറിലധികം പേരാണ് ഇതിനകം വിദേശതീരത്തേക്ക് പോയത്. മത്സ്യ തൊഴിലാളികൾക്ക് നല്ലവില ലഭിക്കുന്ന വേളാപ്പാര ഈ പ്രദേശങ്ങളിൽ മുൻകാലങ്ങളിൽ സുലഭമായി ലഭിച്ചിരുന്നു. ഓരോ വർഷവും വേളാപ്പാരയുടെ ഒരു ചാകരയെങ്കിലും ഇവിടങ്ങളിലുണ്ടാകുമായിരുന്നു. എന്നാൽ, മൂന്ന് വർഷമായി ഇതുണ്ടായിട്ടില്ല. പൊഴിയൂർ, പരുത്തിയൂർ തീരത്തുനിന്ന് മാത്രം എൺപതോളം ചെറുവള്ളങ്ങളാണ് മുൻകാലങ്ങളിൽ മത്സ്യബന്ധനത്തിനായി പോയിരുന്നത്. എന്നാൽ, ഇന്നത് മുപ്പതിൽ താഴെയായി. ചെലവിന് അനുസരിച്ച് മീൻകിട്ടാതെ വന്നതോടെ പലരും വള്ളവും വലയും വിറ്റു. പരുത്തിയൂർ മേഖലയിൽ കരമടി മുഖേന മത്സ്യബന്ധനം നടത്തുന്ന പതിനഞ്ച് സംഘങ്ങൾ ഉണ്ടായിരുന്നു. അത് മൂന്നോ നാലോ ആയികുറഞ്ഞു. വലിയ ബോട്ടുകളിലും കപ്പലുകളിലും വന്നുള്ള അനിയന്ത്രിതമായ മത്സ്യബന്ധനവും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായിട്ടുള്ളതായി തൊഴിലാളികൾ പറയുന്നു. പൊഴിയൂരിൽനിന്ന് മാത്രം നൂറിലധികം തൊഴിലാളികൾ വിദേശ തീരത്തേക്ക് പോയിട്ടുണ്ട്. ഇവരിൽ ഇറാനിൽപോയവരാണ് കൊറോണ ഭീതിയിൽ മുറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ഗൾഫ് മേഖലയ്ക്ക് പുറമെ മാലി തുടങ്ങിയ രാജ്യങ്ങളിലേക്കും മത്സ്യബന്ധന ജോലിയുമായി ബന്ധപ്പെട്ട് നിരവധി മത്സ്യത്തൊഴിലാളികൾ തൊഴിലെടുക്കുന്നുണ്ട്. ഇവിടെയും ഇവർ ചൂഷണത്തിന് ഇരയാകുകയാണ്. മാസം നിശ്ചിത ശമ്പളത്തിന് പകരം ലഭിക്കുന്ന മത്സ്യം വിറ്റ് ലഭിക്കുന്നതിൽ നിന്ന് ബോട്ട് ഉടമക്ക് നിശ്ചിത തുക നൽകിയ ശേഷം ലഭിക്കുന്ന പണമാണ് ഇവർക്ക് ലഭിക്കുന്നത്. പലപ്പോഴും അവിടത്തെ ചെലവിനുള്ളത് പോലും ലഭിക്കാറില്ലായെന്നാണ് തൊഴിലാളികൾ പറയുന്നത്. പരിഹാരത്തിനായി കൃത്രിമ പാര് കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ച് മീൻലഭ്യത കൂട്ടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കൃത്രിമ പാരുകൾ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ കൊച്ചുതുറ, പുതുക്കുറിച്ചി എന്നീ മത്സ്യബന്ധന ഗ്രാമങ്ങളിലെ തീരക്കടലിൽ 140 കൃത്രിമ പാരുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൂന്തുറ, ബീമാപള്ളി, വലിയതുറ എന്നിവിടങ്ങളിൽ 280 കൃത്രിമ പാരുകൾ സ്ഥാപിക്കുന്നതിന് രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊല്ലംകോട്, പരുത്തിയൂർ, പുതിയതുറ, പള്ളം, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളിലെ തീരക്കടലിൽ 200 പാരുകളാണ് സ്ഥാപിക്കുന്നത്. ഇതിന് 3.75 കോടിയും നൽകിയിട്ടുണ്ട്. Content Highlights:Fishermen facing crisis in Kerala Coast
from mathrubhumi.latestnews.rssfeed https://ift.tt/2Tyevgo
via IFTTT
0 അഭിപ്രായങ്ങള്‍