ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ചിന്ത അടിച്ചേല്പിക്കാൻ ശ്രമം -ഗവർണർ

തിരുവനന്തപുരം: ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ സ്വന്തം ചിന്തയും ആശയങ്ങളും മറ്റുള്ളവർക്കുമേൽ അടിച്ചേല്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം മൂന്നാംപതിപ്പിന്റെ സമാപനസമ്മേളനം കനകക്കുന്നിലെ മാതൃഭൂമി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വീക്ഷണങ്ങളും വികാരങ്ങളും ആവിഷ്കരിക്കാൻ അവകാശമുണ്ടെന്നു കരുതുന്ന പലരും അതിനെതിരേ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല. ഇരട്ടത്താപ്പും കാപട്യവുമാണിത്. ഇടങ്ങൾ ചുരുങ്ങിപ്പോകുന്നതിന്റെ പല അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. കണ്ണൂർ സർകലാശാലയിലെ ചടങ്ങിൽ അതാണ് കണ്ടത്. ഷാബാനുകേസിൽ അന്നത്തെ കേന്ദ്രസർക്കാർനിലപാടിനോട് വിയോജിച്ച് രാജിവെച്ചപ്പോഴും അതുണ്ടായി. ഇപ്രകാരം ഇടങ്ങൾ ചുരുങ്ങുന്നതിന് കാരണക്കാർ ആരാണെന്നത് നിങ്ങളുടെ ആലോചനയ്ക്കുവിടുന്നു. ആത്മാവിനെ സ്വതന്ത്രമാക്കുന്നതിലാണ് ഭാരതീയർ എക്കാലവും വിശ്വസിച്ചിരുന്നത്. അത് മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും നിലപാടിനെയും ആശ്രയിച്ചുനിൽക്കുന്നതല്ല. നശിപ്പിക്കാനാവാത്തവയാണ് അക്ഷരങ്ങൾ. വാക്കിന്റെ പ്രാധാന്യം എല്ലാ മതങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദൈവം ആദ്യമായി സൃഷ്ടിച്ചത് പേനയാണെന്ന് ഇസ്ലാമിക സംസ്കാരം പറയുന്നു. അതാണ് അക്ഷരങ്ങളും വാക്കുകളുമുണ്ടാക്കാൻ സഹായിച്ചത്. 'ക' എന്ന് അക്ഷരോത്സവത്തിന് പേരിട്ടതെന്തെന്ന് ചിന്തിച്ചു. നമ്മുടെ പ്രാചീന സംസ്കാരത്തിൽ എന്ത് ആഗ്രഹവും സാധിച്ചു തരാൻ കഴിവുള്ള കല്പതരുവിന്റെ ശാഖയിൽ കാക ഭുസന്തി എന്നൊരു കാക്കയുണ്ടായിരുന്നു. ആ കാക്കയുടെ ചോദ്യമാണ് ക, ക എന്നത്. അവസാനിക്കാത്ത, നിരന്തരമായ അന്വേഷണത്തെയാണ് 'ക' ധ്വനിപ്പിക്കുന്നത്. ഹിന്ദുവിശ്വാസമനുസരിച്ച്, ദൈവത്തിന്റെ ആദ്യ നാമങ്ങളിലൊന്നുമാണ് അത് -ഗവർണർ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. നമ്മുടെ നാളെകൾ ഇരുളടഞ്ഞു പോകില്ലെന്ന സന്ദേശമാണ് അക്ഷരോത്സവം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിന്തയെ പേടിക്കുന്ന വർഗീയ വാദികൾക്കുള്ള മറുപടിയാണിത്തരം കൂട്ടായ്മകൾ. ഇരുട്ടുപരത്തുന്ന ചിന്തകൾക്കെതിരായ ചെറുത്തുനില്പിന് കരുത്തു പകരാൻ അക്ഷരോത്സവങ്ങൾക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. ഹരിതച്ചട്ടം പൂർണമായും പാലിച്ചാണ് അക്ഷരോത്സവം നടത്തിയതെന്ന് മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി. കാർബൺ പുറന്തള്ളൽ കുറയ്ക്കാനായി. കനകക്കുന്നിൽ ഇത് ഒരു സ്ഥിരം സംവിധാനമാക്കണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യർഥിച്ചു. മറ്റുള്ളിടങ്ങളിൽ കിട്ടാത്ത അഭിപ്രായസ്വാതന്ത്ര്യം ഇവിടെ അനുഭവിക്കാനായെന്ന അതിഥികളുടെ പ്രതികരണം കേൾക്കാനായതിൽ അഭിമാനമുള്ള മലയാളിയായാണ് താനിവിടെ നിൽക്കുന്നതെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. അക്ഷരോത്സവത്തിൽ പങ്കെടുത്തവരിൽ 70 ശതമാനം വിദ്യാർഥികളും യുവാക്കളുമാണെന്നത് ഏറെ പ്രോത്സാഹനജനകമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ സബിൻ ഇഖ്ബാൽ, ആർട്ടിസ്റ്റിക് ഡയറക്ടർ ടി.കെ. രാജീവ് കുമാർ എന്നിവർക്കു ഗവർണർ ഉപഹാരങ്ങൾ നൽകി. ഭീമ ജ്വല്ലറി ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, ഗവർണർക്ക് ഉപഹാരം സമ്മാനിച്ചു. മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ് സ്വാഗതം പറഞ്ഞു. നീതി രവീന്ദ്രൻ അവതാരകയായിരുന്നു. രശ്മി സതീഷ് അവതരിപ്പിച്ച രസ ബാൻഡിന്റെ സംഗീതപരിപാടിയോടെയാണ് നാലുനാളിലെ അക്ഷരോത്സവത്തിന് കൊടിയിറങ്ങിയത്. Content Highlights:I was a victim of shrinking space, says Kerala Governor

from mathrubhumi.latestnews.rssfeed https://ift.tt/2UlUKKL
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍